ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 31
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോƒസ്തു തേ ദേവവരപ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം
അല്ലയോ ദേവശ്രേഷ്ഠ, ഉഗ്രരൂപനായി കാണപ്പെടുന്ന അങ്ങ് ആരാണ്? എനിക്ക് പറഞ്ഞുതന്നാലും. അങ്ങേക്ക് എന്‍റെ പ്രണാമം. ഭഗവാനേ എന്നില്‍ പ്രസാദിക്കേണമേ. പ്രപഞ്ചത്തിനുമുഴുവന്‍ ആദിപുരുഷനായി വിളങ്ങുന്ന അങ്ങയെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ ഈ പ്രവൃത്തി എനിക്കു മനസ്സിലാവുന്നതേയില്ല.
അല്ലയോ സര്‍വ്വശക്ത, വേദങ്ങള്‍ക്കുമാത്രം അറിവുള്ളവനേ, മൂന്നുലോകങ്ങള്‍ക്കും ആദിമൂലമായി വിളങ്ങുന്നവനേ, പ്രപഞ്ചത്തിനെല്ലാം ആരാധ്യനായവനേ, എന്‍റെ അഭ്യര്‍ത്ഥന കേട്ടാലും.
ഇപ്രകാരം പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ തന്‍റെ ശിരസ്സ് ഭഗവാന്‍റെ പാദങ്ങളില്‍ അര്‍പ്പിച്ചു. അവന്‍ തുടര്‍ന്നു:
ദേവാധിദേവാ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കേണമേ. എന്‍റെ മനസ്സിന്‍റെ ശാന്തിക്കുവേണ്ടി അങ്ങയുടെ വിശ്വരൂപ ദര്‍ശനം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഉടന്‍തന്നെ അങ്ങ് വിശ്വത്തിനെ വിഴുങ്ങാന്‍ ആരംഭിച്ചു. അങ്ങ് ആരാണെന്നും എന്തിനാണ് ഇത്രയധികം ഭീകരമായ വക്ത്രങ്ങള്‍ സമാഹരിച്ചതെന്നും, കൈകളില്‍ ഒട്ടേറെ ആയുധങ്ങള്‍ വെച്ചിരിക്കുന്നത് എന്തിനാണെന്നും എന്നോട് പറഞ്ഞാലും. അങ്ങ് ക്രുദ്ധനായി ഞങ്ങളെ തുറിച്ചുനോക്കുന്നു. ഞങ്ങളോട് കോപിക്കുന്നു. ആകാശത്തേക്കാളം പൊക്കത്തില്‍ വളരുന്നു. ഇതിന്‍റെയെല്ലാം ഉദ്ദേശം എന്താണ്? ലോകത്തെ സംഹരിക്കുന്നതിനുവേണ്ടി അങ്ങ് സംഹാരകനോട് മത്സരിക്കുന്നതെന്തിനാണ്? ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന്‍റെ കാരണം എന്താണ്? ദയവായി ഇതേപ്പറ്റിയെല്ലാം എന്നോടു പറയണമെന്ന് ഞാന്‍ വീണ്ടും വീണ്ടും യാചിക്കുന്നു.
അര്‍ജ്ജുനന്‍റെ സംസാരം കേട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഞാന്‍ ആരെന്നും ഇപ്രകാരം ഭീകരമായ രൂപം സ്വീകരിച്ചിരിക്കുന്നത് എന്തിനെന്നും നീ ചോദിക്കുന്നു. എങ്കില്‍ കേട്ടുകൊള്ളുക.