ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 32

ശ്രീ ഭഗവാനുവാച:

കാലോƒസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ
ലോകാന്‍ സമാഹര്‍ത്തുമിഹ പ്രവൃത്തഃ
ഋതേƒപി ത്വാം ന ഭവിഷ്യന്തി സര്‍വേ
യേƒവസ്ഥിതാ പ്രത്യനീകേഷു യോധാഃ


ലോകത്തെ ക്ഷയിപ്പിക്കുന്ന ശക്തിമത്തായ കാലമാണ് ഞാന്‍. ലോകങ്ങളെ സംഹരിക്കാന്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയാണോ യുദ്ധവീരന്മാരായി ശത്രുസൈന്യങ്ങളില്‍ നില്‍ക്കുന്നത്, അവരാരും നീ യുദ്ധം ചെയ്തില്ലെങ്കില്‍പോലും ഇനി ജീവിക്കാന്‍ പോകുന്നില്ല.

ഭഗവാന്‍ അരുള്‍ചെയ്തു:

ഞാന്‍ യഥാര്‍ത്ഥത്തില്‍ മൃത്യുദേവനാണ്. എന്‍റെ രൂപം ഇപ്രകാരം വളര്‍ന്നു വലുതായിട്ടുള്ളത് ലോകത്തെ മുഴുവന്‍ നശിപ്പിക്കാനാണ്. അതിലേക്കായി ഈ വക്ത്രങ്ങള്‍ എല്ലായിടത്തേയ്ക്കും വ്യാപിച്ചിരിക്കുന്നു. പ്രപഞ്ചത്തെയെല്ലാം ഞാന്‍ വിഴുങ്ങുന്നതായിരിക്കും.

ഇതു കേട്ടപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം പറഞ്ഞു: ഹോ, എന്തോരു കഷ്ടം. എനിക്കേര്‍പ്പെട്ട ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനായി ഞാന്‍ ഭഗവാന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ട് എത്രത്തോളം കഠിനമായ കോപത്തോടെയാണ് അദ്ദേഹം എന്‍റെ നേര്‍ക്ക് പൊട്ടിത്തെറിക്കുന്നത്?

അര്‍ജ്ജുനന്‍റെ മനോഗതം ഭഗവാന്‍ മനസ്സിലാക്കി. താന്‍കൂടുതല്‍ കര്‍ക്കശമായി സംസാരിച്ചാല്‍ അത് അര്‍ജ്ജുനന്‍റെ മനസ്സിനെ അധികമായി തപിപ്പിക്കുമെന്നു അദ്ദേഹത്തിനു ബോദ്ധ്യമായി. അദ്ദേഹം അല്പം ശാന്തതയോടെ പറഞ്ഞു:

അര്‍ജ്ജുനാ, എന്നാല്‍ മറ്റൊരു കാര്യമുണ്ട്. ഈ ദുരന്തത്തില്‍ പാണ്ഡവരാരും നശിക്കുകയില്ല. അവര്‍ സുരക്ഷിതരാണ്.

ഇതുകേട്ടപ്പോള്‍ അര്‍ജ്ജുനന് അല്പം സമാധാനം തോന്നി. മരണഗര്‍ത്തത്തിലേക്ക് പതിക്കുമെന്ന് ഭയപ്പെട്ട അവന്‍റെ ഭീതിയകന്നു. അവന്‍റെ ശ്വാസം നേരെയായി. അവന്‍ ഭഗവാന്‍റെ വാക്കുകളെ അതീവ ശ്രദ്ധയോടെ ശ്രവിക്കാന്‍ തുടങ്ങി.

ഭഗവാന്‍ തുടര്‍ന്നു: അല്ലയോ കിരീടി, പാണ്ഡവര്‍ എനിക്കു പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് അവര്‍ക്ക് നാശം സംഭവിക്കുകയില്ല. മറ്റുള്ളവരെയെല്ലാം ഞാന്‍ വിഴുങ്ങും. വിശ്വം മുഴുവന്‍ എന്‍റെ വായിലേക്കുപോകുന്നത് നീ കണ്ടില്ലേ? ഒരു തുണ്ടുവെണ്ണ ഇടിത്തീയില്‍ പതിച്ചാലെന്നപോലെ, ഈ ലോകത്തിന്‍റെ ഒരു തരിപോലും ഈ മഹാനാശാനന്തരം അവശേഷിക്കുകയില്ല. ഈ സൈന്യങ്ങള്‍ വെറുതേ പൊങ്ങച്ചം പറയുകയാണ്. തങ്ങളുടെ വീരപരാക്രമത്തെപ്പറ്റി വീരവാദം പറയുന്ന ഈ യോദ്ധാക്കാള്‍, അവരുടെ മത്തേഭങ്ങള്‍ മൃത്യുവിനേക്കാള്‍ വിനാശകരമാണെന്നു വീമ്പിളക്കുന്നു. അവരുടെ ചതുരംഗപ്പടയുടെ ശക്തി അജയ്യമാണെന്ന് അഭിമാനിച്ചുകൊണ്ട് മൃത്യുദേവനോടുപോലും മത്സരിക്കാന്‍ അവര്‍ തയ്യാറായിരിക്കയാണ്. അവര്‍ ഒരു പുതിയലോകത്തെ സൃഷ്ടിക്കുമെന്നും മരണത്തെ വാതുവച്ച് വധിക്കുമെന്നും, സമുദ്രത്തെ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കുമെന്നും, വാനത്തെ വഹ്നിയില്‍ ഹോമിക്കുമെന്നും, ഒറ്റയമ്പുകൊണ്ട് അനിലനെ ഒരേസ്ഥാനത്തു നിര്‍ത്തുമെന്നുമൊക്കെ ആത്മപ്രശംസ നടത്തുന്നു. അവരുടെ വാക്കുകള്‍ ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയേറിയതാണ്; അഗ്നിയേക്കാള്‍ തീഷ്ണമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരകമായ വിഷം മധുരമായി തോന്നും. എന്നാല്‍ ഈ യോദ്ധാക്കള്‍ കളിമണ്‍ പാവകളെപ്പോലെ പൊള്ളയാണ്. ചിത്രത്തിലെഴുതിയ കനികള്‍പോലെ കാഴ്ചവസ്തുക്കള്‍ മാത്രമാണ്. നിന്നെ അഭിമുഖീകരിക്കുന്നത് ഒരു യഥാര്‍ത്ഥ സൈന്യമല്ല. അത് മരീചികകൊണ്ടുള്ള വെള്ളപൊക്കമാണ്. തുണികൊണ്ടു തീര്‍ത്ത സര്‍പ്പമാണ്. അലങ്കരിച്ച കളിപ്പാവകളുടെ പ്രദര്‍ശന ശാലയാണ്.