ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 34

ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കര്‍ണ്ണം തഥാന്യാനപി യോധവീരാന്‍
മയാ ഹതാംസ്ത്വം ജഹി മാ വൃഥിഷ്ഠാ
യുദ്ധസ്വ ജേതാസി രണേ സപന്താന്‍

ദ്രോണരേയും ഭീഷ്മരേയും ജയദ്രഥനേയും കര്‍ണ്ണനേയും അതുപോലെ എന്നാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്ന മറ്റു യുദ്ധവീരന്മാരേയും നീ വധിക്കൂ. ഒട്ടും വ്യസനിക്കരുത്. യുദ്ധം ചെയ്യൂ. യുദ്ധത്തില്‍ ശത്രുക്കളെ നീ ജയിക്കും.

ദ്രോണരുടെ മുന്നില്‍ അധൈര്യം കാട്ടരുത്. ഭീഷ്മരെ കണ്ട് ഭയപ്പെടുകയും വേണ്ട. കര്‍ണ്ണനെതിരായി ആയുധമെടുക്കുന്നതിന് അണുപോലും കൂസല്‍ അരുത്. ജയദ്രഥനേയും അതുപോലെയുള്ള മറ്റു പേരെടുത്ത യുദ്ധവീരന്മാരേയും എങ്ങനെ കൊന്നൊടുക്കുമെന്നാലോചിച്ച് നീ അന്ധാളിക്കണ്ട. ഇവരെല്ലാം, ഒരു നനഞ്ഞ കൈകൊണ്ടു മായ്ച്ചുകളയാവുന്ന വിധത്തില്‍, ചുവരിലെഴുതിയ സിംഹത്തിന്‍റെ വെറും ചിത്രങ്ങള്‍ മാത്രമാണ്. ഇവിടെ പോരിനായി അണിനിരന്നിരിക്കുന്ന ഈ സൈന്യവ്യൂഹങ്ങള്‍ ഇപ്പോള്‍ വെറും മായാരൂപങ്ങളാണെന്നറിയുക. ഞാന്‍ നേരത്തേതന്നെ അവരെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അവരെല്ലാം ഏന്‍റെ വക്ത്രത്തിലേക്കു് കടക്കുന്നത് നീ കണ്ടപ്പോള്‍ തന്നെ അവരുടെ ചുരുങ്ങിയ ജീവിതകാലം അവസാനിച്ചു. ഇപ്പോള്‍ നീ കാണുന്നത് വാഴയില്‍ നിന്നു ചീന്തിയെടുത്ത വെറും പൊള്ളയായ പോളകളാണ്. അതുകൊണ്ട് എഴുന്നേല്‍ക്കൂ. ഞാന്‍ സംഹരിച്ചു കഴിഞ്ഞ അവരെ വധിക്കൂ. അര്‍ത്ഥമില്ലാത്ത ആതങ്കത്തിന് അടിമയാകരുത്. എന്‍റെ കൈയ്യിലെ ഒരുപകരണം മാത്രമാണ് നീയെന്നു മനസ്സിലാക്കുക. വില്ലാളികള്‍ വിനോദത്തിനായി സ്വയം ഉണ്ടാക്കിവച്ച പൊയ്ക്കോലത്തെ എയ്ത വീഴ്ത്തുന്നതുപോലെ നിന്‍റെ ശത്രുക്കളെ എയ്തു വീഴ്ത്തുക. പ്രിയപ്പെട്ട അര്‍ജ്ജുനാ, നിന്നോട് ശത്രുഭാവത്തില്‍ യുദ്ധം ചെയ്യാന്‍ വന്നവരെ അവരുടെ ജന്മസമയത്തുതന്നെ അശക്തരാക്കിയതാണ്. അതു കൊണ്ട് വിജയം കൈവരിച്ചു രാജ്യം അനുഭവിക്കുക. അവിവേകികളും അഹങ്കാരികളും പ്രബലന്മാരുമായിരുന്ന നിന്‍റെ ബന്ധുക്കളെ അനായാസേന നീ കൊന്നൊടുക്കിയെന്ന് ചരിത്രത്തിന്‍റെ താളുകളില്‍ രേഖപ്പടുത്തട്ടെ. നിനക്ക് വിയമുണ്ടാകും.