ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 37
കസമാച്ച തേ ന നമേരന്‍ മഹാത്മന്‍
ഗരിയസേ ബ്രഹ്മണോƒപ്യാദികര്‍ത്രേ
അനന്ത! ദേവേശ! ജഗന്നിവാസ!
ത്വമക്ഷരം സദസത്തത്പരം യത്
ഭഗവാനേ, എല്ലാവരേക്കാളും പൂജ്യനും ബ്രഹ്മാവിനുപോലും ആദികാരണനുമായ അങ്ങയെ അവര്‍ എങ്ങനെ നമസ്കരിക്കാതിരിക്കും. വിശ്വത്തിന്‍റെ മുഴുവന്‍ ആത്മാവായി വിളങ്ങുന്നവനേ, അനന്തനായിട്ടുള്ളവനേ, അങ്ങ് സത്തിനും അസത്തിനും അപ്പുറമുള്ള നാശരഹിതമായ പരംപൊരുളാണ്.
അല്ലയോ നാരായണാ, അങ്ങയെ ശരണം പ്രാപിക്കാതെ ഈ രാക്ഷസന്മാരെല്ലാം ഓടിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് അങ്ങയോട് ചോദിക്കേണ്ട ആവശ്യമില്ല. അതിന്‍റെ കാര്യമെല്ലാം എനിക്കറിയാം. അരുണോദയത്തോടുകൂടി അന്ധകാരം അസ്തമിക്കില്ലേ? എല്ലാ പ്രകാശത്തിന്‍റേയും ഉറവിടം അങ്ങാണ്. അങ്ങയുടെ ഉജ്ജ്വല പ്രഭയില്‍ ഈ രാക്ഷസന്മാര്‍ വൈക്കോല്‍തുരുമ്പുപോലെ തൂത്തെറിയപ്പെട്ടിരിക്കുന്നു. അല്ലയോ ശ്രീരാമ, ഇതുവരെ ഞങ്ങളുടെ ദൃഷ്ടിക്കപ്പുറത്തായിരുന്ന അങ്ങയുടെ പരമമായ മാഹാത്മ്യം അങ്ങ് വെളിപ്പെടുത്തിയിരിക്കുന്നു. ഈ ലോകത്തെ സൃഷ്ടിച്ച് വളര്‍ത്തി വികസിപ്പിക്കുന്നതും അതിനെ നിലനിര്‍ത്തുന്ന മായയും അങ്ങയുടെ ചേഷ്ടിതങ്ങളാണ്. ഭഗവാന്‍ അങ്ങ് നിസീമവും ശാശ്വതവുമായ പരംപൊരുളാണ്. എണ്ണമില്ലാത്തിടത്തോളം ഗുണഗണങ്ങള്‍ കൊണ്ടനുഗ്രഹീതനായ അങ്ങ് സ്വയംഭൂവാണ്. എല്ലാവരിലും സമഭാവനയുള്ള അങ്ങ് ദേവാധിദേവനാണ്. ജഗത്രയങ്ങളുടേയും ജീവന്‍റെ ഉത്ഭവം അങ്ങയില്‍ നിന്നാണ്. പ്രപഞ്ചത്തിന്‍റെ അധിഷ്ഠാനമായ അങ്ങ് നാശമില്ലാത്തവനാണ്. വ്യക്തവും അവ്യക്തവും അതിനപ്പുറത്തുള്ളതുമായ എല്ലാമാണ് അങ്ങ്.