ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 38
ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ!
അനന്തരൂപനായ ഭഗവാനേ, അങ്ങ് ആദിദേവനും പുരാണപുരുഷനും ആണ്. ഈ ജഗത്തിന് എന്നുമുള്ള ആശ്രയസ്ഥാനവും അങ്ങാണ്. എല്ലാം അറിയുന്നവന്‍ അങ്ങാണ്. അറിയപ്പെടേണ്ടതും എല്ലാറ്റിന്‍റേയും ഉറവിടവും അങ്ങാണ്. അങ്ങ് ഈ വിശ്വമാകെ വ്യാപിച്ചു നില്‍ക്കുന്നു.
അങ്ങ് പ്രകൃതിയുടേയും പുരുഷന്‍റേയും അതിനപ്പുറമുള്ള എല്ലാറ്റിന്‍റേയും ഉത്പത്തി സ്ഥാനമാണ്. അങ്ങ് പരമാത്മാവാണ്. എല്ലാറ്റിനും മൂലകാരണം അങ്ങാണ്. അങ്ങ് സ്വയം പ്രകാശിതനാണ്. അങ്ങ് പണ്ടേയുള്ളവനാണ്. വിശ്വത്തിന്‍റെ പരമാധിഷ്ഠാനവും അങ്ങു തന്നെയാണ്. നിര്‍ണ്ണയാധീതമായ ഭൂതകാലത്തിന്‍റേയും അനന്തമായ ഭാവിയുടേയും അവബോധം അങ്ങേയ്ക്കു മാത്രമാണുള്ളത്. വേദങ്ങളുടെ ദൃഷ്ടിയില്‍ അങ്ങ് പരംപൊരുളാണ്. എല്ലാ ജീവജാലങ്ങളുടേയും അഖണ്ഡമായ ഏകരൂപമാണ്; ധ്യാനംകൊണ്ട് ആത്മാവില്‍ അനുഭവിക്കുന്ന ആനന്ദാനുഭൂതിയാണ്. ജഗത്രയങ്ങളുടെ ആശ്രയം അങ്ങാണ്. യഥാര്‍ത്ഥത്തില്‍ അങ്ങുതന്നെയാണ് പ്രാപിക്കപ്പെടേണ്ട പരമപദവും. ലോകാവസാനത്തില്‍ മായ അങ്ങയില്‍ മുഴുകുന്നു. ജഗത്തുമുഴുവന്‍ അങ്ങയാല്‍ വ്യാപ്തമാണ്. അനന്തരൂപനായ ഭഗവാനേ, അങ്ങയുടെ മാഹാത്മ്യം ആര്‍ക്കാണ് വര്‍ണ്ണിക്കുവാന്‍ കഴിയുക?