അങ്ങ് ആത്മരൂപേണ എല്ലാറ്റിലും വസിക്കുന്നു ( ജ്ഞാ.11.39, 40)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 39,40
വായുര്‍യമോƒഗ്നിര്‍വരുണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാ മഹശ്ച
നമോ നമസ്തേƒസ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോƒപി നമോ നമസ്തേ
നമഃ പുരസ്താദഥ പൃഷ്ഠതസ്തേ
നമോƒസ്തു തേ സര്‍വ്വ ഏവ സര്‍വ്വ
അനന്തവീര്യാമിത വിക്രമസ്ത്വം
സര്‍വ്വം സമാപ്നോഷി തതോƒസി സര്‍വ്വഃ
വായുവും യമനും അഗ്നിയും വരുണനും ചന്ദ്രനും ബ്രഹ്മാവും പ്രപിതാമഹനുമൊക്കെ അങ്ങാകുന്നു. അങ്ങേയ്ക്ക് ആയിരം തവണ നമസ്കാരം ഭവിക്കട്ടെ. വീണ്ടും വീണ്ടും അങ്ങേക്ക് നമസ്കാരം, നമസ്കാരം.
ഇങ്ങനെ എല്ലാമായി കാണപ്പെടുന്ന അല്ലയോ ഭഗവാനേ, അങ്ങേക്കായി മുമ്പിലും പിമ്പിലും നമസ്കാരം. എല്ലാ ഭാഗത്തും അങ്ങേക്ക് എന്‍റെ പ്രണാമം ഭവിക്കട്ടെ. അനന്തവീര്യനും അവിത വിക്രമനുമായ അങ്ങ് എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ട് എല്ലാം അങ്ങുതന്നെ.
അല്ലയോ ഭഗവാനേ, അങ്ങയുടെ സാന്നിദ്ധ്യമില്ലാത്ത എന്തെങ്കിലും ഈ ജഗത്തിലുണ്ടോ? അങ്ങ് നിവസിക്കാത്ത ഏതെങ്കിലും ഇടമുണ്ടോ? അങ്ങ് എവിടെയൊക്കെ ആണെങ്കിലും ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു. അമേയനായ പ്രഭോ, വായുവും എല്ലാവരേയും ശിക്ഷിക്കുന്ന മൃത്യുദേവനായ യമനും, എല്ലാ ജീവജാലങ്ങളിലുമുള്ള ജഠരാഗ്നിയും അങ്ങാണ്. അങ്ങുതന്നെയാണ് വരുണനും ശശാങ്കനും പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മദേവനും അദ്ദേഹത്തിന്‍റെ പിതാമഹനും. വിശ്വനാഥാ, രൂപമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ വിശ്വത്തില്‍ നിലനില്‍ക്കുന്നതെല്ലാം അങ്ങയുടെ വിഭൂതികളാണ്. ഞാന്‍ അങ്ങയെ പ്രണമിക്കുന്നു.
ഇപ്രകാരം സ്നേഹനിര്‍ഭരമായ ഹൃദയത്തോടെ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണനെ വീണ്ടും വീണ്ടും വണങ്ങി.
അവന്‍ തുടര്‍ന്നു: പ്രഭോ, ഞാന്‍ അങ്ങയെ വന്ദിക്കുന്നു. ദേവാ, ഞാന്‍ അങ്ങയെ അഭിവാദ്യം ചെയ്യുന്നു.
അവന്‍ കൂപ്പുകൈകളോടെ ഭഗവാന്‍റെ അടുത്തുചെന്നു നമസ്കരിച്ചു. വീണ്ടും വീണ്ടും പറഞ്ഞു: ഭഗവാനേ ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു.
ഭഗവാന്‍റെ ഓരോ അവയവും അവന്‍ സാകൂതം നോക്കി. ചരവും അചരവുമായ എല്ലാറ്റിനേയും അവന്‍ അതില്‍ ദര്‍ശിച്ചു. അദ്ഭുതസ്തബ്ധനായി അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അങ്ങയെ വന്ദിക്കുന്നു, വന്ദിക്കുന്നു, വന്ദിക്കുന്നു.
അവന് ഇതിനേക്കാള്‍ മഹത്തായ സ്തുതി വചനങ്ങളൊന്നും അര്‍പ്പിക്കാനുണ്ടായിരുന്നില്ല. അതേ സമയം നിശബ്ദനായി നില്‍ക്കാനും കഴിഞ്ഞില്ല. ഭക്തി നിര്‍ഭരമായ പ്രേമവായ്പോടെ അവന്‍ ഭഗവാനെ പ്രകീര്‍ത്തിച്ചു. അവന്‍ ആയിരം പ്രാവശ്യം ഭഗവാനെ താണുവണങ്ങി.
അവന്‍ പറഞ്ഞു: ദേവേശാ, അങ്ങയുടെ മുന്‍ഭാഗവും പിന്‍ഭാഗവും ഏതാണെന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങയുടെ എല്ലാ ഭാഗങ്ങളും എനിക്ക് ഒരുപോലെയാണ്. അങ്ങ് എന്‍റെ മുന്നിലും പിന്നിലും ഇരുഭാഗങ്ങളിലും നിലകൊള്ളുന്നു. അങ്ങ് വിജയിപ്പൂതാക. അങ്ങയുടെ വിശ്വരൂപം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അങ്ങ് ആത്മരൂപേണ എല്ലാറ്റിലും വസിക്കുന്നു. ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. അങ്ങയുടെ പ്രഭാവം നിസ്സീമമാണ്. അങ്ങ് സര്‍വ്വശക്തനാണ്. അങ്ങ് സര്‍വവ്യാപിയാണ്. ക്ഷീരസാഗരത്തിലെ തിരമാലകളില്‍ ക്ഷീരമല്ലാതെ മറ്റൊന്നും ഇല്ലാത്തതുപോലെ, അങ്ങ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അങ്ങ് ഈ വിശ്വത്തില്‍നിന്നും വ്യത്യസ്തമല്ലെന്നും അങ്ങാണ് ഈ വിശ്വം മുഴുവനെന്നും എനിക്കു വ്യക്തമായി വെളിവായിരിക്കുന്നു. വിശ്വനായകാ, അങ്ങേയ്ക്ക് വന്ദനം. അങ്ങ് വിജയിക്കട്ടെ.