ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 41,42
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപിയച്ചാവഹാസാര്ത്ഥമസത്കൃതോƒസി
വിഹാരശയ്യാസനഭോജനേഷു
ഏകോƒഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം.
അല്ലയോ അച്യുത, അങ്ങയുടെ ഈ മഹത്വത്തെപ്പറ്റി അറിയാന്‍ പാടില്ലാത്ത കൂട്ടുകാരനെന്നുകരുതി അജ്ഞതകൊണ്ടോ സ്നേഹാധിക്യം കൊണ്ടോ, ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ കൂട്ടുകാരാ, എന്നിങ്ങനെ അലക്ഷ്യഭാവത്തില്‍ ഞാന്‍ അങ്ങയെ വിളിക്കാന്‍ ഇടയായിട്ടുണ്ട്. അതുപോലെ കളിക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ, ഉണ്ണുമ്പോഴോ ഒറ്റയ്ക്കോ മറ്റുള്ളവരുടെ മുമ്പില്‍ വച്ചോ നേരംമ്പോക്കായി ഞാന്‍ അങ്ങയെ പരിഹസിക്കാന്‍ ഇടയായിട്ടുമുണ്ട്. ഭഗവാനെ അതൊക്കെയും ക്ഷമിക്കണമെന്ന് അനന്തമഹിമാവായ അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഭഗവാനേ, അങ്ങയുടെ യഥാര്‍ത്ഥസ്വരൂപമറിയാതെ, എന്‍റെ ഒരു ചാര്‍ച്ചക്കാരനെപ്പോലെ കരുതി, ഞാന്‍ അങ്ങയോട് പെരുമാറി. അത് എന്നില്‍നിന്നുണ്ടായ അനുചിതമായ ഒരു പ്രവൃത്തിയാണ്. നിലം കഴുകുന്നതിന് ഞാന്‍ അമൃതാണ് ഉപയോഗിച്ചത്. ഒരു കഴുതക്കുട്ടിക്കുവേണ്ടി കാമധേനുവിനെ കൈമാറി. സ്പര്‍ശമണി ഉടച്ച് അസ്ഥിവാരം കെട്ടി. കല്പതരു വെട്ടിയെടുത്ത് വളപ്പിന് വേലികെട്ടി. ഇച്ഛാദായകങ്ങളായ ചിന്താമണിരത്നങ്ങളെ പാഴ്ക്കല്ലുകളെന്നുകരുതി, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വിരട്ടിയോടിക്കാന്‍ അവയുടെ നേര്‍ക്ക് എറിഞ്ഞു. അതുപോലെ അങ്ങയുടെ ദിവ്യമായ സാന്നിധ്യത്തെ വെറും സൗഹൃദമായി ഞാന്‍ കണ്ടു. ഈ യുദ്ധം എത്രയോ നിസാരമായ ഒരു കാര്യമാണ്. എന്നിട്ടും പരബ്രഹ്മമായ അങ്ങയെ എന്‍റെ സാരഥിയാകാന്‍ ഞാന്‍ പ്രേരിപ്പിച്ചു. ഔദാര്യവാനായ പ്രഭോ, ഈശ്വരനായ അങ്ങയെ സാധാരണ മധ്യവര്‍ത്തിയായി ഞങ്ങള്‍ കൗരവരുടെ അടുത്തേക്ക് ദൂതു പറയാനയച്ചു. വിശ്വത്തിന്‍റെ നായകനായവനേ, ഈ വിധത്തില്‍ തുശ്ചമായ ലാഭത്തിനുവേണ്ടി ഞങ്ങള്‍ അങ്ങയെ വിനിമയം ചെയ്തില്ലേ? സമാധിസ്ഥരായ യോഗികള്‍ അടയുന്ന പരമാനന്ദമാണ് അങ്ങെന്ന് മനസിലാക്കാന്‍ കഴിയാത്ത വിഡ്ഢിയായ ഞാന്‍ അങ്ങയോട് എന്തെല്ലാം പരിഹാസവാക്കുകള്‍ പറഞ്ഞു വിനോദിച്ചു.
അങ്ങ് ഈ ജഗത്തിന്‍റെ മൂലകാരണമാണ്. എന്നിട്ടും അങ്ങ് ഞങ്ങളെ സന്ദര്‍ശിച്ചപ്പോഴെല്ലാം ഞങ്ങളുടെ ഒരു സാധാരണ ബന്ധു എന്ന നിലയില്‍ എത്രമാത്രം സുപരിചിതനെപ്പോലെയാണ് നേരമ്പോക്കുകള്‍ പറഞ്ഞു രസിച്ചിരുന്നത്. ഞങ്ങള്‍ അങ്ങയുടെ ഗൃഹം സന്ദര്‍ശിച്ചിരുന്ന അവസരത്തില്‍ എത്രത്തോളം ഹൃദ്യമായിട്ടാണ് അങ്ങ് ഞങ്ങളെ സ്വീകരിച്ചിരുന്നത്. ഞങ്ങളോടുള്ള സ്വീകരണത്തില്‍ എന്തെങ്കിലും അശ്രദ്ധ ഉണ്ടായാല്‍ അത് അപമാനകരമായി കരുതി ഞങ്ങള്‍ ദേഷ്യത്തോടെ അങ്ങയെ വിട്ടുപോവുകയും അങ്ങ് ഞങ്ങളെ സാന്ത്വനപ്പിച്ച് പ്രീതിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെ തൃപ്തിപ്പെടുത്താനായി അങ്ങ് ഞങ്ങളുടെ കാലുപിടിച്ചുപോലും പലതും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അങ്ങയെ പലവിധത്തിലും നിസ്സാരനാക്കിയിട്ടുണ്ട്. വിജ്ഞനാണെന്നുള്ള അഹങ്കാരത്തോടെ ഞാന്‍ അങ്ങയുടെ വാക്കുകളെ അവജ്ഞയോടെ അവഗണിച്ചിട്ടുണ്ട്. അല്ലയോ വൈകുണ്ഠനാഥാ, അങ്ങയോട് നേരമ്പോക്കിനായി മല്‍പ്പിടുത്തം നടത്തിയപ്പോഴും ഗദായോധനം ചെയ്തപ്പോഴും ചതുരംഗം കളിച്ചപ്പോഴും ഞാന്‍ അങ്ങയോട് ശണ്ഠകൂടുകയും അങ്ങയെ ഭര്‍ത്സിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വ്വജ്ഞനായ അങ്ങയെ ഞാന്‍ പലപ്പോഴും ഉപദേശിക്കാന്‍ മുതിര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളോടെന്താണ് കടപ്പാടെന്ന് ധിക്കാരപൂര്‍വ്വം ചോദിച്ചിട്ടുണ്ട്. ലോകത്തിനു താങ്ങാനാവാത്തവിധം ഗുരുതരമായ തെറ്റുകളാണ് ഞങ്ങള്‍ അങ്ങയോട് ചെയ്തിട്ടുള്ളത്. ഇതൊക്കെ അങ്ങയുടെ അനന്തമായ ദിവ്യത്വത്തെപ്പറ്റിയുള്ള അജ്ഞതകൊണ്ടാണ് സംഭവിച്ചതെന്ന് അങ്ങയുടെ പാദങ്ങളില്‍തൊട്ട് ആണയിട്ട് പറയുന്നു. എന്നോടൊത്തു ഭക്ഷണം കഴിക്കാനുള്ള ഇഷ്ടംകൊണ്ട് അങ്ങ് എനിക്കുവേണ്ടി കാത്തിരിക്കുമായിരുന്നു. എന്നാല്‍ എന്‍റെ അഹന്തകൊണ്ട് ഞാന്‍ അങ്ങയോട് അലക്ഷ്യമായി പെരുമാറിയിട്ടുണ്ട്. അങ്ങയുടെ സ്വകാര്യമുറിയില്‍ ശങ്കകൂടാതെ ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. അങ്ങയുടെ കിടക്കയില്‍ത്തന്നെ മടികൂടാതെ ഞാന്‍ കിടന്നിട്ടുണ്ട്. അങ്ങയെ കൃഷ്ണായെന്നു ഞാന്‍ വിളിച്ചിട്ടുണ്ട്. ഒരു വെറും യാദവനെപ്പോലെ കരുതിയിട്ടുണ്ട്. അങ്ങയോട് എപ്പോഴും അങ്ങേയറ്റം സ്വാതന്ത്ര്യം കാണിക്കുകയും ഒരേ ഇരിപ്പിടത്തില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങ് പറഞ്ഞതിനെ ഞാന്‍ അനുസരിക്കാതെ ഇരുന്നിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ഗാഢസൗഹൃദംകൊണ്ടുണ്ടായതാണ്. അല്ലയോ അമേയനായ ദേവാ, ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്.
പ്രത്യക്ഷമായും പരോക്ഷമായും അനവധി തെറ്റുകള്‍ അങ്ങയോട് ചെയ്ത കുറ്റവാളിയാണ് ഞാന്‍ എന്‍റെ അവിവേകം ഒരമ്മയെപ്പോലെ ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കലങ്ങിയ ജലവുമായി കടലിലെത്തുന്ന നദിയെ കടലിനു സ്വീകരിക്കാതിരിക്കാന്‍ കഴിയുകയില്ല. ആകയാല്‍ സ്നേഹംകൊണ്ടോ അവിവേകം കൊണ്ടോ ഞാന്‍ അങ്ങയോട് പറഞ്ഞിട്ടുള്ള നിര്‍മര്യാദമായ വാക്കുകളെ അവഗണിച്ച് എനിക്ക് മാപ്പു നല്‍കണം. ഞാന്‍ ഇക്കാര്യത്തില്‍ എന്തെല്ലാം കുറ്റസ്വീകാര്യം നടത്തിയാലും അതൊക്കെ അപര്യാപ്തമാണെന്ന് എനിക്കറിയാം. ആകയാല്‍ അല്ലയോ കാരുണ്യധാമമായ ഭഗവാനേ, എന്‍റെ ദുഷ്കൃത്യങ്ങള്‍ ക്ഷമിക്കണമെന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.