ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 45

അദ്യഷ്ടപൂര്‍വ്വം ഹൃഷിതോƒസ്മി ദൃഷ്ട്വാ
ഭയേന ച പ്രവൃഥിതം മനോ മേ
തദേവ മേ ദര്‍ശയ ദേവ! രൂപം
പ്രസീദ ദേവേശ! ജഗന്നിവാസ


അല്ലയോ ഭഗവന്‍, മുമ്പു കണ്ടിട്ടില്ലാത്ത ഈ രൂപം കണ്ടിട്ട് ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍ എന്‍റെ മനസ്സ് ഭയംകൊണ്ടു നടുങ്ങുന്നു. ആകയാല്‍ അങ്ങയുടെ പഴയരൂപം തന്നെ എനിക്ക് കാട്ടിതന്നാലും. അല്ലയോ ദേവദേവ, ജഗദീശ, എന്നില്‍ പ്രസാദിച്ചാലും.

ആത്മസ്നേഹിതനെന്ന നിലയില്‍ അങ്ങയുടെ വിശ്വരൂപം എനിക്കു പ്രകടമാക്കി തരുന്നതിനായി ഞാന്‍ അങ്ങയെ നിര്‍ബന്ധിച്ചു. എന്‍റെ മാതാവും പിതാവുമായ അങ്ങ് പുത്രവാത്സല്യത്തോടെ എന്‍റെ അഭീഷ്ടം നിറവേറ്റിതന്നു. അല്ലയോ മാതാവേ, എന്‍റെ ആഗ്രഹം കല്പതരുവിന്‍റെ തൈകള്‍ എന്‍റെ വളപ്പില്‍ നടണമെന്നും എനിക്ക് കാമധേനുവിന്‍റെ കിടാവിനെ കളിക്കൂട്ടിനായി ലഭിക്കണമെന്നും നക്ഷത്രങ്ങളെ ചൂതുകളിക്കാനായി അക്ഷങ്ങളായി കിട്ടണമെന്നും സോമബിംബത്തെ ഒരു കളിപന്തായി കൈയ്യില്‍ തരണമെന്നുള്ള വിധത്തിലായിരുന്നു. എന്നിട്ടും എത്രത്തോളം ലാളനയോടുകൂടിയാണ് അമ്മ എന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചു തന്നത്? ഒരു തുള്ളി പിയൂഷം ലഭിക്കുന്നതുതന്നെ എത്ര പ്രയാസമുള്ള കാര്യമാണ്? എന്നിട്ടും നീണ്ടുനില്‍ക്കുന്ന ഒരു പീയൂഷ ധാരയല്ലേ അങ്ങ് എന്നില്‍ ചൊരിഞ്ഞത്? ഇതുപോലെയുള്ള അങ്ങയുടെ വാത്സല്യംകൊണ്ടും അനുകമ്പകൊണ്ടും അങ്ങയുടെ വിശ്വരൂപം എന്‍റെ കണ്ണുകള്‍കൊണ്ടുതന്നെ ദര്‍ശിച്ച് എന്‍റെ ആഗ്രഹം അങ്ങ് നിറവേറ്റിയിരിക്കുന്നു.

ശിവനും ബ്രഹ്മാവും ഈ രൂപത്തെപ്പറ്റി കേട്ടിട്ടു തന്നെയില്ല. പിന്നെയല്ലേ ദര്‍ശിക്കുന്നത്. ഉപനിഷത്തുക്കള്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത ആ രഹസ്യത്തിന്‍റെ ചുരുള്‍ അങ്ങ് എന്‍റെ മുന്നില്‍ നിവര്‍ത്തി വച്ചു. ബുദ്ധിശക്തിക്ക് ഈ രഹസ്യത്തിന്‍റെ ഉപാന്തത്തില്‍പോലും പ്രവേശിക്കാന്‍ സാധ്യമല്ല. അതിന്‍റെ ശ്വാച്ഛ്വാസത്തിന്‍റെ ധ്വനിപോലും ഹൃദയത്തില്‍ കേള്‍ക്കുകയില്ല. പിന്നെ മാംസചക്ഷുസ്സുകള്‍കൊണ്ട് അതിനെ കാണുന്ന കാര്യത്തെപ്പറ്റി വൃഥാ ജല്പനം നടത്തുന്നതെന്തിനാണ്. സത്യത്തില്‍ ആരും അതു ദര്‍ശിച്ചിട്ടില്ല. ആരും അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. എന്നാല്‍ അങ്ങ് ആ രൂപം പ്രദര്‍ശിപ്പിച്ച് എന്‍റെ നേത്രങ്ങള്‍ക്കു വിരുന്നു നല്‍കുകയും എന്‍റെ മനസ്സിനെ ചിത്തഹര്‍ഷംകൊണ്ട് പൂരിതമാക്കുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ അങ്ങയോട് സല്ലപിക്കാനും അങ്ങയെ ആശ്ലേഷിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ വിശ്വരൂപത്തില്‍ കാണുന്ന അളവറ്റ മുഖങ്ങളില്‍ ഏതിനോടാണ് ഞാന്‍ സല്ലപിക്കേണ്ടത്? ബൃഹത്തായ ഈ രൂപത്തെ എങ്ങനെയാണ് ആശ്ലേഷിക്കേണ്ടത്. കാറ്റിനോടൊപ്പം ഓടാനോ ആകാശത്തെ കൈകളില്‍ ഒതുക്കാനോ ആരെക്കൊണ്ടും സാദ്ധ്യമല്ല. സമുദ്രത്തില്‍ എങ്ങനെയാണ് ജലക്രീഡ നടത്തുന്നത്? അല്ലയോ ഭഗവാനേ, ഈ രൂപം എന്നെ ഭയപ്പെടുത്തുന്നു. ദയവായി അങ്ങയുടെ വിശ്വരൂപത്തെ ഉപസംഹരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു തീര്‍ത്ഥാടകന്‍ ഉല്ലാസത്തിനുവേണ്ടി ഉലകമെല്ലാം ചുറ്റിയിട്ടു വീട്ടിലെത്തുമ്പോഴാണ് അതിന്‍റെ ആനന്ദം അനുഭവിക്കുന്നത്. അതുപോലെ ചതുര്‍ബാഹുവായ അങ്ങയുടെ രൂപം ഞങ്ങളുടെ ആശ്രയസ്ഥാനമാണ്. എല്ലാ യോഗാനുഷ്ടാനങ്ങളുടേയും ഫലമായി ലഭിക്കുന്ന സുഖാനുഭവം ഈ ദിവ്യരൂപത്തിന്‍റെ ദര്‍ശനത്തിലാണ്. ശാശ്വതസത്യത്തെ പ്രകാശിപ്പിക്കുന്ന വേദശാസ്ത്രപഠനം ഈ പ്രതിഭാസത്തില്‍ അവസാനിക്കുന്നു. എല്ലാ യജ്ഞകര്‍മ്മങ്ങളും തീര്‍ത്ഥയാത്രകളും ദാനകര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തനങ്ങളും അനുഭവയോഗ്യമാകുന്നത് ഈ മൂര്‍ത്തിയുടെ ദര്‍ശനത്തില്‍ കൂടിയാണ്.

എന്‍റെ ആത്മാവ് ഈ അവതാരമൂര്‍ത്തിയെ ദര്‍ശിക്കുന്നതിന് അക്ഷമയോടെ കാത്തിരിക്കുന്നു. ഭഗവാനേ, എന്നെ ഈ ദുരവസ്ഥയില്‍നിന്ന് എത്രയും വേഗത്തില്‍ മോചിപ്പിക്കേണമേ. അല്ലയോ ദേവാധിദേവാ, അന്യരുടെ ഹൃദയരഹസ്യങ്ങള്‍ അറിയുന്നവനേ, ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നവനേ, അങ്ങയുടെ കാരുണ്യം എന്നില്‍ ചൊരിയേണമേ, അങ്ങയുടെ ദിവ്യമായ അവതാര രൂപം എനിക്ക് കാട്ടിത്തരുമെന്ന് ഉറപ്പു തന്നാലും.