ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 46
കിരീടിനം ഗദിനം ചക്രഹസ്തം
ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ
തേനൈവ രൂപേണ ചതുര്‍ഭുജേന
സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ
മുമ്പു കണ്ടപോലെതന്നെ അങ്ങയെ കിരീടം ധരിച്ചവനായം ഗദ കൈയ്യിലുള്ളവനായും ചക്രായുധം കൈയ്യിലേന്തിവനായും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആയിരക്കണക്കില്‍ കൈകളോടുകൂടിയ വിശ്വമൂര്‍ത്തിയായ ഭഗവാനേ, നാലുകൈകളുള്ള രൂപംതന്നെ കൈകൊണ്ടാലും.
അങ്ങയുടെ കോമളകളേബരത്തില്‍നിന്ന് എന്തൊരു കാന്തിയാണ് പ്രസരിക്കുന്നത്? നീലത്താമരയ്ക്ക് അതിന്‍റെ നിറവും ആകാശത്തിനു നീലിമയും ഇന്ദ്രനീലക്കല്ലിന് നീലശോഭയും അങ്ങയുടെ മോഹനാകാരത്തിന്‍റെ ശ്യാമളവര്‍ണ്ണത്തില്‍നിന്നു ലഭിച്ചതാണ്. അങ്ങയുടെ ശിരസ്സിലുള്ള കിരീടം ശിരസ്സിന് അലങ്കാരമാണോ അതോ ശിരസ്സ് കിരീടത്തിന് അലങ്കാരമാണോ എന്ന് ശങ്കിച്ചു പോകുന്നു. അങ്ങയുടെ ശരീരത്തിന്‍റെ ഓജസ്സ് അങ്ങ് ധരിച്ചിരിക്കുന്ന ആഭരണങ്ങളുടെ കാന്തിയെ വര്‍ദ്ധിപ്പിക്കുന്നു. അങ്ങയുടെ കഴുത്തില്‍ ധരിച്ചിരിക്കുന്ന കണ്ഠാഭരണം – വൈജയന്തി – നീലവാനില്‍ കാണുന്ന മാരിവില്ലിന് ചുറ്റും തടിച്ചുകൂടുന്ന വാര്‍മുകില്‍പോലെ മനോഹരമായിരിക്കുന്നു. അങ്ങയുടെ കൈയ്യിലുള്ള ഗദയുടെ പ്രഹരം ഏല്‍ക്കുന്ന രാക്ഷസന്മാര്‍ക്ക് അങ്ങ് മുക്തി ദാനം ചെയ്യുന്നു. മറ്റേ കൈയിലുള്ള ചക്രം സൗമ്യമായ പ്രഭകൊണ്ട് തിളങ്ങുന്നു. ആ രൂപം കാണാന്‍ ഞാന്‍ അക്ഷമനാണ്. അത് കാട്ടിത്തരണമെന്ന് ഞാന്‍ അങ്ങയോട് യാചിക്കുന്നു. അങ്ങയുടെ വിശ്വരൂപത്തിന്‍റെ വിരുന്നുണ്ട് എന്‍റെ നേത്രങ്ങള്‍ മടുത്തുകഴിഞ്ഞു. ഇനിയും അങ്ങയുടെ ശ്യാമളരൂപം കാണാന്‍ എന്‍റെ കണ്ണുകള്‍ കൊതിക്കുന്നു. ലക്ഷണയുക്തമായ ഈ രൂപം മാത്രമാണ് എനിക്കിഷ്ടമായിട്ടുള്ളത്. അങ്ങയുടെ വിശ്വരൂപദര്‍ശനം പോലും അങ്ങയുടെ മര്‍ത്ത്യാകാരദൃശ്യത്തെക്കാള്‍ ആകര്‍ഷണീയത കുറഞ്ഞതായിട്ടാണ് എനിക്കു തോന്നുന്നത്. ഭഗവാന്‍റെ കൃഷ്ണാവതാരത്തിലുള്ള രൂപമാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ആ ലാവണ്യരൂപം മാത്രമേ ഞങ്ങളുടെ ഹൃദയത്തിന് ആനന്ദവും ആത്മാവിന് മോചനവും നല്‍കുകയുള്ളൂ. അതുകൊണ്ട് അല്ലയോ ഭഗവാനേ, അങ്ങയുടെ വിശ്വരൂപം ഉപസംഹരിച്ച് വീണ്ടും കൃഷ്ണനായി ദര്‍ശനം നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.