ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 48
ന വേദയജ്ഞാദ്ധ്യയനൈര്‍ന ദാനൈര്‍-
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര
അല്ലയോ കുരുശ്രേഷ്ഠ! മനുഷ്യലോകത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും, വേദങ്ങളും യജ്ഞങ്ങളും വേറുവേറായി പഠിച്ച് മനസ്സിലാക്കിയതുകൊണ്ടൊന്നും എന്നെ ഈ രൂപത്തില്‍ കാണാന്‍ സാധ്യമല്ല. ദാനധര്‍മ്മങ്ങള്‍കൊണ്ടോ പലതരം പൂജകള്‍കൊണ്ടോ കഠിന തപശക്തികള്‍കൊണ്ടോ സാധ്യമല്ല.
സര്‍വ്വവ്യാപകമായ ഈ ദിവ്യത്വം കാണാനൊരുമ്പെട്ട മാത്രയില്‍ തന്നെ വേദങ്ങള്‍ ജഢീഭൂതമായി. യജ്ഞകര്‍മ്മങ്ങള്‍കൊണ്ടാരാധിച്ചവര്‍ സ്വര്‍ഗ്ഗത്തിലെത്തി. അവരുടെ പുണ്യം തീരുമ്പോള്‍ തിരിച്ചുപോരുന്നു. അറിവും പാണ്ഡിത്യവും ഇതിനെ സംബന്ധിച്ചിടത്തോളം നിഷ്പ്രയോജനമാകയാല്‍ യോഗാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ട സത്യാന്വേഷികള്‍ ദുഷ്കരമായ വഴിയില്‍ കാലിടറി നിരാശയോടെ പിന്‍വാങ്ങി. പുണ്യപ്രവര്‍ത്തനങ്ങള്‍ വഴിയായി ഇതുകൈവരിക്കാന്‍ തീവ്രശ്രമം നടത്തിയവര്‍ക്ക് സത്യലോകത്തിന്‍റെ പ്രാന്തപ്രദേശത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിശ്വരൂപ മാഹാത്മ്യത്തിന്‍റെ ഒരു നേരിയ അംശം കണ്ണില്‍പ്പെടുമ്പോഴേക്കും മഹാതപസ്വികള്‍ അത്ഭുതസ്തബ്ധരായി നിന്നുപോകുന്നു. അതിനാല്‍ കഠിനമായ തപശ്ചര്യ അവര്‍ കൈവെടിയുന്നു. അങ്ങനെ വിശ്വരൂപദര്‍ശനം ഉഗ്രമായ തപശ്ചര്യയുടെ ദൃഷ്ടികള്‍ക്കുപോലും എത്താത്തിടത്ത് സ്ഥിതിചെയ്യുന്നു. യാതൊരു പ്രയത്നവും കൂടാതെ അനായാസേന നിന്‍റെ നേത്രങ്ങള്‍ക്ക് എന്‍റെ വിശ്വരൂപം ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. മറ്റൊരു മര്‍ത്ത്യനും ഈ രൂപം ഇതുവരെ ദര്‍ശിച്ചിട്ടില്ല. ഔപനിഷദമായ ബ്രഹ്മസ്വരൂപ ദര്‍ശനമാകുന്ന ഉത്കൃഷ്ടനിധിയുടെ ഉടമസ്ഥനാകാന്‍ യോഗ്യതയുള്ള ഏകവ്യക്തി നീയാണ്. ബ്രഹ്മദേവനുപോലും ഇത് നിരാകരിക്കപ്പെട്ടിട്ടുള്ളതാണ്.