ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 49

മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ


ഇത്ര ഘോരമായ എന്‍റെ ഈ വിശ്വരൂപം കണ്ടിട്ട് നീ പേടിക്കേണ്ട കര്‍ത്യവ്യ വിമൂഢനാവുകയും വേണ്ട. ഭയമെല്ലാം കളഞ്ഞ് സന്തുഷ്ടനായി എന്‍റെ ആ പഴയരൂപം തന്നെ വീണ്ടും കണ്ടുകൊള്ളുക.

അല്ലയോ അര്‍ജ്ജുന, ഈ വിശ്വരൂപദര്‍ശനം ലഭിച്ച നീ അനുഗ്രഹീതനാണെന്നറിഞ്ഞ് എല്ലാ ഭയങ്ങളും തൂത്തെറിയുക. അതുല്യമായ ഈ നിധിയേക്കാള്‍ മെച്ചമായി മറ്റെന്തെങ്കിലും ഉണ്ടെന്നുള്ള ധാരണ മനസ്സില്‍വെച്ചു തലോലിക്കരുത്. നോക്കൂ ഒരുവന്‍ പെട്ടെന്ന് പീയൂഷത്തിന്‍റെ ഒരു പാരാവാരം കണ്ടുമുട്ടുന്നുവെന്നുവയ്ക്കുക. അതില്‍ മുങ്ങിച്ചാകുമെന്ന് ഭയന്ന് അവന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുമോ? അതുപോലെ ഒരുവന്‍ ഒരു കാഞ്ചനമല കണ്ടുവെന്നിരിക്കട്ടെ. അത് എടുത്തുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നുകരുതി ആരെങ്കിലും അത് വിട്ടിട്ടുപോകുമോ? എല്ലാ ആഗ്രഹങ്ങളേയും സാധിച്ചുകൊടുക്കന്ന ഒരു വലിയ ചിന്താമണിരത്നം ഭാഗ്യവശാല്‍ കിട്ടുന്നവന്‍ അതിന് ഭാരമേറിപ്പോയെന്നുപറഞ്ഞ് വലിച്ചെറിഞ്ഞുകളയുമോ? കാമധേനുവിനെ തീറ്റിപ്പോറ്റാന്‍ പറ്റില്ലെന്ന ന്യായത്തില്‍ ആരെങ്കിലും അതിനെ ഓടിച്ചു കളയുമോ? താരാനാഥന്‍ ആരുടെയെങ്കിലും ഭവനം സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിന്‍റെ ഊഷ്മാവ് അസഹ്യമായിരിക്കുന്നെന്നും പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ വീട്ടില്‍നിന്നിറക്കി വിടുമോ? സൂര്യന്‍ നിഴല്‍ പരത്തുന്നതില്‍ ആരെങ്കിലും അദ്ദേഹത്തെ ഭര്‍ത്സിക്കുമോ? അതുപോലെ എന്‍റെ മഹത്തായ വിശ്വരൂപം എല്ലാ വൈഭവത്തോടുംകൂടി നിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ട് നീ എന്തിനാണ് സംഭ്രമിക്കുന്നത്? അര്‍ജ്ജുനാ നീ വകതിരിവില്ലാത്ത ഒരു വിഡ്ഢിയാണ്. നിന്നെക്കുറിച്ച് എന്താണ് പറയുക. വസ്തുവിനെ വിട്ടിട്ട് നിഴലിനെയാണ് നീ കെട്ടിപ്പിടിക്കുന്നത്. ചതുര്‍ബാഹുക്കളോടുകൂടിയ ആകാരമല്ല എന്‍റെ യഥാര്‍ത്ഥസ്വരൂപം. എന്നിട്ടും അസ്വസ്ഥമായ മനസ്സോടെ നീ അതിനോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു. ആ രൂപത്തോടുള്ള നിന്‍റെ പക്ഷപാതം ഉപേക്ഷിച്ചിട്ട് എന്‍റെ വിശ്വരൂപത്തില്‍ മനസ്സുറപ്പിക്കുന്നതിന് ഇനിയും സമയം വൈകിയിട്ടില്ല. ഈ വിശ്വരൂപം ഭയാനകവും വിസ്തൃതവുമാണെങ്കിലും നിന്‍റെ വിശ്വാസം അതിലുറപ്പിക്കുക. ഒരു പിശുക്കന്‍ എവിടെയൊക്കെ സഞ്ചരിച്ചാലും അവന്‍റെ മനസ്സ് അവന്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനത്തില്‍മാത്രം ഉറച്ചുനില്‍ക്കുന്നതുപോലെയോ, ഒരു തള്ളപക്ഷി ആകാശത്തില്‍ ഉയര്‍ന്നു പറക്കുമ്പോഴും അതിന്‍റെ ഹൃദയം കുഞ്ഞുങ്ങളിരിക്കുന്ന കൂട്ടില്‍തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതു പോലെയോ, മലയില്‍മേയുന്ന പശുവിന്‍റെ മാതൃസ്നേഹം ആലയില്‍ നില്‍ക്കുന്ന കിടാവില്‍ കെട്ടിയിരിക്കുന്നതുപോലെയോ നിന്‍റെ ചിത്തം വിശ്വരൂപത്തില്‍ അരക്കിട്ടുറപ്പിക്കുകയും നിന്‍റെ മനസമാധാനത്തിനുവേണ്ടിമാത്രം ചതുര്‍ബാഹുക്കളോടുകൂടിയ എന്‍റെ രൂപം ധ്യാനിക്കുകയും ചെയ്യുക. ദയവുചെയ്ത് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതൊന്നും മറക്കുകയോ മനസ്സ് എന്‍റെ ദിവ്യരൂപത്തില്‍ നിന്ന് മാറ്റുകയോ ചെയ്യരുത്. നീ ഈ വിശ്വരൂപം ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തതുകൊണ്ട് അതിന്‍റെ ദര്‍ശനം നിന്നില്‍ ഭീതി ഉളവാക്കിയത്. ഈ ഭയം ഒഴിവാക്കുക. നിന്‍റെ മനസ്സ് ഈ വിശ്വരൂപത്തിനോടുള്ള ദിവ്യപ്രേമംകൊണ്ടു നിറയട്ടെ. ഇതാ നിന്‍റെ ആഗ്രഹം ഞാന്‍ സാധിച്ചു തരുന്നു. ചതുര്‍ ബാഹുക്കളോടുകൂടിയ എന്‍റെ അവതാരരൂപംകണ്ട് ആനന്ദം അടയുക.