ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 50

സഞ്ജയ ഉവാച:

ഇത്യര്‍ജ്ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപുര്‍മ്മഹാത്മാ


ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞിട്ട് തന്‍റെ പൂര്‍വ്വരൂപം കാണിച്ചുകൊടുത്തു. വിശ്വാത്മാവായി നിന്നിരുന്ന ഭഗവാന്‍ വീണ്ടും സൗമ്യരൂപം കൈക്കൊണ്ട് ഭയപ്പെട്ടു നിന്ന അര്‍ജ്ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് ഭഗവാന്‍ തന്‍റെ മര്‍ത്ത്യരൂപം കൈക്കൊണ്ടു.

ജ്ഞാനദേവന്‍ പറയുന്നു: അര്‍ജ്ജുനന്‍ ഈ രൂപം അത്യധികം ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ആശ്ചര്യപ്പെടാനുള്ളത്, ഭഗവാന്‍ എപ്രകാരം തന്‍റെ ഭക്തന്മാരാല്‍ വശീകരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയാണ്. പരംപൊരുളായ ഭഗവാന്‍ തന്‍റെ വിശ്വരൂപം അര്‍ജ്ജുനന് വെളിവാക്കിക്കൊടുത്തു. എന്നാല്‍ ആ ഗംഭീരദൃശ്യം അര്‍ജ്ജുന്നെ പ്രീതിപ്പെടുത്തിയില്ല. ആഗ്രഹിച്ചതു ലഭിച്ചിട്ടും അതിനെ ദൂരത്തേയ്ക്ക് എറിഞ്ഞു കളയുന്നതുപോലെയായിരുന്നു അത്. ലക്ഷണമൊത്ത ഒരു രത്നത്തെ കുറ്റപ്പെടുത്തുകയോ, എല്ലാവിധത്തിലും പൊരുത്തമുണ്ടായിട്ടും പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് വിവാഹം മുടക്കുകയോ ചെയ്യുന്നതുപോലെയായിരുന്നു അത്. കൃഷ്ണന് അര്‍ജ്ജുനനോടുണ്ടായിരുന്ന അന്‍പ് അളവറ്റതായിരുന്നതിനാല്‍ അദ്ദേഹം അര്‍ജ്ജുനന് വാരിക്കോരിക്കൊടുത്ത വിശിഷ്ടമായ പാരിതോഷികമായിരുന്നു വിശ്വരൂപ ദര്‍ശനം. സ്വര്‍ണ്ണക്കട്ടി ഉരുക്കി തകിടാക്കി ആഭരണങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍ തീര്‍ത്ത ആഭരണം മനസ്സിനിണങ്ങാതെ വന്നാല്‍ വീണ്ടും ഉരുക്കുന്നു. അതുപോലെ അര്‍ജ്ജുനനോടുള്ള അഗാധപ്രേമംകൊണ്ട് ഭഗവാന്‍, അവതാരമൂര്‍ത്തിയായ കൃഷ്ണന്‍റെ രൂപം വിശ്വരൂപമാക്കി വെളിവാക്കിക്കൊടുത്തു. എന്നാല്‍ അത് അര്‍ജ്ജുനന്‍റെ മനസ്സിന് ഇണങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വീണ്ടും കൃഷ്ണന്‍റെ രൂപമാക്കി മാറ്റി.

സഞ്ജയന്‍ തുടരുകയാണ്. അദ്ദേഹം ചോദിച്ചു. തന്‍റെ അരുമശിഷ്യനുവേണ്ടി എല്ലാം സഹിക്കുകയും അവന്‍റെ ഏതഭീഷ്ടവും നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്ന ഒരദ്ധ്യാത്മഗുരുവിനെ വേറെ എവിടെയാണ് കാണാന്‍ കഴിയുക? കൃഷ്ണന് അര്‍ജ്ജുനനോടുള്ള പ്രേമം അത്രക്ക് ആഴമേറിയതായിരുന്നു.

ജ്ഞാനദേവന്‍ പറയുന്നു: ലോകത്തെ മുഴുവന്‍ തന്‍റെ ആഭയില്‍ ആഴ്ത്തിയിരുന്ന ഉജ്ജ്വല തേജസ്സ്, ഭഗവാന്‍ തന്‍റെ മര്‍ത്ത്യാകാരത്തിലേക്ക് സാന്ദ്രീകരിച്ചു. എല്ലാ ജീവജാലങ്ങളും പരംപൊരുളില്‍ ലയിച്ചിരിക്കുന്നതുപോലെ‌യോ, ഒരു വൃഷം മുഴുവനും ഒരു ബീജത്തില്‍ സമാഹരിച്ചിരിക്കുന്നതുപോലെയോ, സ്വപ്നത്തില്‍ കാണുന്ന കല്പിതചിത്രങ്ങള്‍ ഉന്നിദ്രാവസ്ഥയില്‍ അപ്രത്യക്ഷമാകുന്നതുപോലെയോ ഭഗവാന്‍തന്‍റെ വിശ്വരൂപംകൃഷ്ണാവതാരരൂപത്തില്‍ സങ്കോചിപ്പിച്ചു. അത് ദിവാകരന്‍റെ ദീപ്തി ദിവാകരനില്‍ത്തന്നെ മുങ്ങിപ്പോയതുപോലെയോ വാര്‍മുകില്‍ വാനത്തില്‍ അലിഞ്ഞുചേര്‍ന്നതുപോലെയോ അലകള്‍ ആഴിയില്‍ അമര്‍ന്നതുപോലെയോ ആയിരുന്നു, കൃഷ്ണന്‍റെ ദേഹത്തില്‍ മടക്കിവച്ചിരുന്ന വിശ്വരൂപമാകുന്ന പുതുവസ്ത്രം അര്‍ജ്ജുനനെ പ്രീതിപ്പെടുത്താനായി ഭഗവാന്‍ നിവര്‍ത്തുകാട്ടി. എന്നാല്‍ അര്‍ജ്ജുനനെന്ന ക്രേതാവിന് തന്‍റെ മുന്നില്‍ നിവര്‍ത്തുകാട്ടിയ വസ്ത്രം പരിശോധിച്ചപ്പോള്‍ അതിന്‍റെ നിറമോ തന്തുരചനയോ നീളമോ വീതിയോ ഒന്നും ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് ഭഗവാന്‍ അത് വീണ്ടും മടക്കി വച്ചു.

വിശ്വത്തെ മുഴുവന്‍ വിഴുങ്ങിയിരുന്ന അനന്തമായ ആ മാഹാത്മ്യം സൗമ്യവും സുഭഗവുമായ ഒരു മര്‍ത്ത്യരൂപമായി കാണപ്പെട്ടു. അപരിമേയ സ്വരൂപത്തില്‍ നിന്ന് പരിമേയ സ്വരൂപമായി മാറിയത് പരിഭ്രാന്തനായ പാര്‍ത്ഥനെ സമാശ്വസിപ്പിക്കാനായിരുന്നു. സ്വപ്നത്തില്‍ സ്വര്‍ഗ്ഗലോകത്തു വിഹരിച്ച ഒരുവന്‍ ഉണരുമ്പോള്‍ അമ്പരക്കുന്നതുപോലെ, കിരീടി അമ്പരന്നു നിന്നു. ഭഗവാന്‍റെ മനുഷ്യരൂപം കണ്ടപ്പോള്‍, ഗുരുകൃപകൊണ്ട് ഭൗതികവസ്തുക്കളെല്ലാം അപ്രത്യക്ഷമായി ശാശ്വതസത്യത്തിന്‍റെ ദര്‍ശനം ലഭിച്ച പ്രതീതിയാണ് കിരീടിക്കുണ്ടായത്. വിശ്വരൂപത്തിന്‍റെ മറനീക്കി കൃഷ്ണവിഗ്രഹം മുമ്പത്തെപ്പോലെ കാണാന്‍ കഴിഞ്ഞതില്‍ അര്‍ജ്ജുനന്‍ അത്യധികമായി സന്തോഷിച്ചു. മരണത്തിനെതിരായി വിജയിച്ചവനെപ്പോലെയോ കൊടുങ്കാറ്റില്‍നിന്ന് ഊനം കൂടാതെ രക്ഷപ്പെട്ടവനെപ്പോലെയോ സപ്തസാഗരങ്ങളും നീന്തികടന്നവനെപ്പോലെയോ അര്‍ജ്ജുനന്‍ അമിതമായി ആഹ്ലാദിച്ചു. സൂര്യാസ്തമനത്തിനുശേഷം നഭസില്‍ നക്ഷത്രങ്ങള്‍ ക്രമേണ തെളിഞ്ഞുവരുന്നതുപോലെ ഭൂമിയും അതിലെ ജീവജാലങ്ങളും അവന്‍റെ മുന്നില്‍ പടിപടിയായി തെളിഞ്ഞുവന്നു. അവന്‍ ചുറ്റുപാടും നോക്കി. താന്‍ നില്‍ക്കുന്നത് കുരുക്ഷേത്രത്തിലെ രണഭൂവിലാണെന്ന് അവനു മനസ്സിലായി. അവന്‍റെ ചുറ്റും നില്‍ക്കുന്ന സൈന്യങ്ങളെ അവന്‍ കണ്ടു. അവനെതിരെ യുദ്ധസന്നദ്ധരായി ബന്ധുജനങ്ങള്‍ നില്‍ക്കുന്നതും ഇരുസൈന്യത്തിലെയും യോദ്ധാക്കള്‍ പരസ്പരം അമ്പുകള്‍ അയയ്ക്കുന്നതും അവന്‍റെ ദൃഷ്ടിയില്‍പ്പെട്ടു. ലക്ഷ്മീകാന്തനായ ഭഗവാന്‍ കൃഷ്ണന്‍ അമ്പുകളുടെ നിഴലില്‍ നില്‍ക്കുന്ന തന്‍റെ രഥത്തിലിരിക്കുന്നതും താന്‍ അതില്‍ നില്‍ക്കുന്നതും അവന് അനുഭവപ്പെട്ടു.