ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 52,53
ശ്രീ ഭഗവാനുവാച:
സുദുര്‍ദ്ദശമിദം രൂപം
ദൃഷ്ടാവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ
നിത്യം ദര്‍ശനകാംഷിണഃ
നീ കണ്ട എന്‍റെ വിശ്വരൂപമുണ്ടല്ലോ, അതുകാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ഈ വിശ്വരൂപത്തിന്‍റെ ദര്‍ശനം എന്നും കൊതിച്ചുകഴിയുന്നവരാണ്.
ഇതുകേട്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു: എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് നീ പറയുന്നത്? എന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം ഇത്രക്ഷണം നീ മറന്നുപോയോ? എന്‍റെ വിശ്വരൂപത്തില്‍ മനസ്സുറപ്പിക്കുകയും ബാഹ്യമായ ആരാധനയ്ക്കുവേണ്ടിമാത്രം പരിമേയമായ എന്‍റെ മനുഷ്യരൂപം സ്വീകരിക്കുകയും ചെയ്യണമെന്നല്ലേ ഞാന്‍ പറഞ്ഞത്? അല്ലയോ അര്‍ജ്ജുനാ, നീ അവിവേകിയാണ്. കൈവശം ലഭിച്ച കാഞ്ചനപര്‍വ്വതമായ മഹാമേരുവിനെയാണ് നീ മനോവിഭ്രാന്തികൊണ്ട് കാര്യമായെടുക്കാതെ തിരസ്കരിച്ചത്. നിനക്കു കാണാന്‍ കഴിഞ്ഞ എന്‍റെ വിശ്വരൂപം ഉഗ്രമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിട്ടും പരമശിവനുപോലും കാണാന്‍ കഴിഞ്ഞിട്ടില്ല. അഷ്ടാംഗയോഗപ്രകാരം ശരീരത്തെ ദണ്ഡിപ്പിക്കുന്ന യോഗികള്‍ക്കും ഈ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. ഈ രൂപം തങ്ങളുടെ ജീവിതകാലത്ത് എന്നെങ്കിലും കാണാമെന്നുള്ള പ്രത്യാശയിലാണ് ദേവന്മാര്‍ കഴിച്ചുകൂട്ടുന്നത്. ചാതകപ്പക്ഷികള്‍ അത്യാര്‍ത്തിയോടെ ചക്രവാളത്തില്‍ കണ്ണും നട്ട് മഴയ്ക്കുവേണ്ടി കാര്‍മേഘങ്ങളെ കാത്തിരിക്കുന്നതുപോലെ, ദേവന്മാരും മനുഷ്യരും മുകുളപാണികളായി ആകാംഷയോടെ ഈ വിശ്വരൂപ ദര്‍ശനത്തിനുവേണ്ടി അഹോരാത്രം പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും സ്വപ്നത്തില്‍പോലും കാണാന്‍ സാധ്യമല്ലാത്ത മഹത്തായ ഈ ദര്‍ശനം നിനക്ക് അനായാസേന കരഗതമായി.
നാഹം വേദൈര്‍ന തപസാ
ന ദാനേന ന ചേജ്യയാ
ശക്യ ഏവം വിധോ ദ്രഷ്ടും
ദൃഷ്ടവാനസി മാം യഥാ
എപ്രകാരം വിശ്വരൂപനായ എന്നെ നീ കണ്ടുവോ, ആ വിധം എന്നെ കാണുവാന്‍ വേദാദ്ധ്യയനം, തപസ്സ്, ദാനം, യജ്ഞം ഇവകൊണ്ടൊന്നും സാദ്ധ്യമല്ല.
അല്ലയോ അര്‍ജ്ജുനാ, ഈ ദര്‍ശനത്തിലേക്കു നയിക്കുന്ന പാതകള്‍ കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നിഷ്ഫലമാണെന്നറിയുക. ഇക്കാരണത്താലാണ് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും നിരാശയോടെ പിന്‍വാങ്ങിയത്. അല്ലയോ വില്ലാളിവീരാ, കൊടിയ തപശ്ചര്യകള്‍ക്കുപോലും ഇതിന്‍റെ മുന്നിലെത്താനുള്ള അവസരം ലഭിച്ചിട്ടില്ല. യജ്ഞങ്ങള്‍കൊണ്ടോ ദാനകര്‍മ്മങ്ങള്‍കൊണ്ടോ ഇതിന്‍റെ ഒരു നേരിയ ദൃശ്യംപോലും ഒരുവന് ലഭിക്കുകയില്ല. ഈ ദര്‍ശനം ലഭിക്കുന്നതിന് ഒരേ ഒരു വഴിമാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കുക. ഭക്തിനിര്‍ഭരമായ പ്രേമത്തില്‍ ആസക്തമായ ഒരു ഹൃദയത്തിനുമേത്രമേ സത്യദര്‍ശനത്തിലേക്കു സുനിശ്ചിതമായി നയിക്കാന്‍ സാധിക്കുകയുള്ളൂ.