ശ്രീ രമണമഹര്‍ഷി
ആഗസ്റ്റ് 29, 1936
ഒരു മഹാറാണി ദര്‍ശനത്തിനു വന്നിരുന്നു. തനിക്ക് ഭഗവാന്‍റെ ദര്‍ശനഭാഗ്യം ലഭിച്ചതില്‍ ആനന്ദം പ്രകടിപ്പിച്ചു. ഒരു മനുഷ്യനു ലഭിക്കാവുന്ന സര്‍വ്വഭാഗ്യങ്ങളും തനിക്കുണ്ടെങ്കിലും മനസ്സിനു ശാന്തി ഇല്ലാതിരിക്കുന്നതു തന്‍റെ തലയിലെഴുത്തായിരിക്കാമെന്ന് അവര്‍ സ്വയം പഴിച്ചിട്ട് ഗല്‍ഗദകണ്ഠമായി മിണ്ടാതിരുന്നു. അല്പനേരം ഹാള്‍ മൂകമായി. പിന്നീട് ഭഗവാന്‍ തന്‍റെ സഹജമായ മധുര സ്വരത്തില്‍ പറഞ്ഞു.
രമണമഹര്‍ഷി: ശരി. നിങ്ങള്‍ക്കു പറയേണ്ടതെല്ലാം പറഞ്ഞുതീര്‍ത്തു. എന്താണു വിധി? അങ്ങനെ ഒന്നില്ല. സര്‍വ്വവും ഈശ്വരനു സമര്‍പ്പിച്ചിട്ട് താന്‍ ഒരു ഭാരവുമില്ലാതിരിക്കൂ. ഈശ്വരനെച്ചേര്‍ന്നവര്‍ക്കു വിധി ഒന്നുമില്ല.
ചോദ്യം: അങ്ങനെ ശരണം പ്രാപിക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല.
മഹര്‍ഷി: അതെ,അതെ. ആരംഭത്തില്‍ അതു ബുദ്ധിമുട്ടായിതോന്നും.എങ്കിലും ആ മനോഭാവത്തിലിരിക്കണം ക്രമേണ പൂര്‍ണ്ണ ശരണാ ഗതി ഉണ്ടാകും. മനോസുഖത്തിന് ഈശ്വരനെ പ്രപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗമേത്.
ചോദ്യം: ഏകദേശ ശരണാഗതിയില്‍ വിധിയെ ജയിക്കാമോ?
മഹര്‍ഷി: ആഹാ, ജയിക്കാം. കാലക്രമത്തില്‍ പൂര്‍ണ്ണ ശരണാഗതിയും ഒപ്പം പരിപൂര്‍ണ്ണ ശാന്തിയും ഉണ്ടാകും.
ചോദ്യം: വിധി മുജ്ജന്മകര്‍മ്മഫലമല്ലേ? അതിനെ എങ്ങനെ തടുക്കാം.
മഹര്‍ഷി: നമ്മെ നിശ്ശേഷം ഭഗവാനര്‍പ്പിച്ചാല്‍മതി. വിധിയെ ഭഗവാന്‍ തടുത്തുകൊള്ളും.
ചോദ്യം: വിധി, ഈശ്വര നിശ്ചയമാന്നെങ്കില്‍ ആ ഈശ്വരന്‍ തന്നെ അതിനെ എങ്ങനെ മാറ്റും.
മഹര്‍ഷി: എല്ലാം അവന്‍ തന്നല്ലോ.
ചോദ്യം: ഈശ്വരനെ എങ്ങനെ കാണാന്‍?
മഹര്‍ഷി: തന്നില്‍ മനസ്സുതിരിഞ്ഞ് അന്തരമുഖമായി വര്‍ത്തിച്ചാല്‍ മതി.
ചോദ്യം: ഈശ്വരന്‍ എല്ലാത്തിലുമുണ്ട്. അവനെ എല്ലാത്തിലും നോക്കണമെന്നവര്‍ പറയുന്നു.
മഹര്‍ഷി: ഈശ്വരന്‍ എല്ലാത്തിലുമുണ്ട്. നോക്കുന്നവനിലുമുണ്ട്. മനോവൃത്തി ഒഴിയുന്നിടത്ത് അവന്‍റെ സാന്നിദ്ധ്യം അനുഭവിച്ചറിയേണ്ടതാണ്.
ചോദ്യം: വിവധ വര്‍ണ്ണങ്ങളൊത്തോരുമിച്ചു കാണാന്‍ രസമാണ്. അതില്‍ ഈശ്വരനെ കാണാമല്ലേ?
മഹര്‍ഷി: അതെല്ലാം മനോവൃത്തികളാണ്. ദേഹേന്ദ്രിയാദികളും മനസ്സുമുണ്ട്. ആത്മാവ് ഇവ മുഖേന വിഷയങ്ങളെ അറിയുന്നു. ബോധം തന്നെയാണ് സാക്ഷാല്‍ ഈശ്വരന്‍.
ചോദ്യം: എന്നാല്‍ ആ ബോധത്തിനു ആനന്ദത്തെത്തന്നുകൂടേ?
മഹര്‍ഷി: അതിന്‍റെ പേരേ ആനന്ദമെന്നാണ്. പക്ഷേ അതിനെ അനുഭവിക്കനാളില്ല ആനന്ദവും അതനുഭവിക്കുന്നവനും ഒന്നിച്ച് ആ ബോധത്തില്‍ വിലയിക്കുന്നു.
ചോദ്യം: സുഖദു:ഖസമ്മിശ്രമായ പ്രപഞ്ചം എന്തുകൊണ്ട് ആനന്ദം മാത്രമെന്നായിരിക്കുന്നില്ല.
മഹര്‍ഷി: മനസ്സിനെ തന്നില്‍വെച്ചുകൊണ്ടിരിക്കുന്നിതാനന്ദവും ബാഹ്യമായി വിടുന്നതു ദു:ഖവും. ആനന്ദമേ ഉള്ളൂ. അതിന്‍റെ അഭാവമാണ് ദു:ഖം.
ചോദ്യം: അതാണോ ജീവാത്മാവ്?
മഹര്‍ഷി: ഈശ്വരനെന്നും ജീവനെന്നും പിരിക്കുന്നതു മനസ്സാണ്.
ചോദ്യം: ആ നിലക്ക്, ഈശ്വരന്‍ നമുടെ സങ്കല്‍പമാണോ?
മഹര്‍ഷി: നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഈശ്വരനെ ചിന്തിക്കാറുണ്ടോ?
ചോദ്യം: ഉറക്കം മൃതാവസ്ഥയാണല്ലോ.
മഹര്‍ഷി: ഈശ്വരന്‍ സത്യമാണെങ്കില്‍ മൃതാവസ്ഥയിലും ഉണ്ടായിരിക്കണ്ടേ?എപ്പോഴും ഉള്ളതാണ് സത്യം. ഇപ്പോള്‍ ചിന്തിക്കുന്നതാര്?
ചോദ്യം: ഞാന്‍
മഹര്‍ഷി: ഞാനാരാണ്? ഇതുപറയുന്നതാരാണ്?
ചോദ്യം: ശരീരം സംസാരിക്കുന്നു.
മഹര്‍ഷി: അതാണെങ്കില്‍ ഉറക്കത്തിലും സംസാരിക്കേണ്ടേ? ഈ ഞാനാരാണ്?
ചോദ്യം: ശരീരത്തിനകത്തുള്ള ഞാന്‍.
മഹര്‍ഷി: നിങ്ങള്‍ ശരീരത്തിനുള്ളിലോ പുറത്തോ?
ചോദ്യം: ഉള്ളില്‍ തന്നെ.
മഹര്‍ഷി: ഉറക്കത്തിലെവിടെയാണ്?
ചോദ്യം: അപ്പോഴും ശരീരത്തിനുള്ളില്‍ തന്നെയാണ്.
മഹര്‍ഷി: ഉറക്കത്തില്‍ ശരീരത്തെപ്പറ്റി ബോധമുണ്ടോ?
ചോദ്യം: ഉറക്കം ജഡാവസ്ഥയല്ലേ?
മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ ഉള്ളിലോ പുറത്തോ അല്ല. ഉറക്കമാണ് നിങ്ങളുടെ സ്വഭാവികമായ നില.
ചോദ്യം: അപ്പോള്‍ നിദ്രാവസ്ഥയാണോ ഉയര്‍ന്നത്.
മഹര്‍ഷി: ഉയര്‍ച്ചയും താഴ്ച്ചയുമൊന്നുമില്ല. നിദ്രയിലും ഉണര്‍ച്ചയിലും സ്വപ്നത്തിലും നിങ്ങള്‍ ഒരുപോലിരിക്കുന്നു. ഉറക്കത്തില്‍ ദു:ഖമില്ല. ആനന്ദമേ ഉള്ളൂ. സുഖദു:ഖങ്ങളും ആഗ്രഹങ്ങളും ജാഗ്രത്തിലാണ്. നിങ്ങള്‍ രണ്ടിലുമുണ്ടെങ്കില്‍ വ്യത്യാസത്തിനു ഹേതുവെന്താണ്: ജാഗ്രത്തില്‍ മനസ്സു പ്രവര്‍ത്തിച്ചതാണ്. ഈ മനസ്സു അഹന്തയ്ക്കു പിറകെ ജനിക്കുന്നു. അഹന്ത ജനിക്കുന്നത് ശുദ്ധബോധത്തില്‍നിന്നും. ഈ ബോധത്തോടു ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം.