ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 8,1936.

രണ്ടു പാര്‍സി സ്ത്രീകള്‍; ഗുല്‍ബായിയും ശ്രീനിബായിബൈറാംജീയും. രണ്ടുപേരും ചോദ്യം ചോദിച്ചെങ്കിലും കാര്യം ഒന്നു തന്നെ. ആത്മാവ് അഹന്തക്കും അപ്പുറത്ത് തന്നെ. ഇതു തത്വത്തില്‍ മാത്രമറിയാം. പ്രായോഗികമായി അത്മസാക്ഷാല്‍ക്കാരമുണ്ടാവുന്നതെങ്ങനെ?
മഹര്‍ഷി: നിങ്ങള്‍ സാക്ഷാല്‍ക്കാരത്തില്‍ ഇരിക്കുക തന്നെയാണിപ്പോള്‍. പുത്തനായി നേടാനൊന്നുമില്ല. സാക്ഷാല്‍ക്കരച്ചിട്ടില്ല എന്നു തോന്നാതിരുന്നാല്‍ മതി.

ചോദ്യം: അപ്പോള്‍ അതിനുവേണ്ടി ഒരു ശ്രമം വേണ്ട എന്നാണോ.
മഹര്‍ഷി: അതെ. മനസ്സിന്‍റെ നിശ്ചലാവസ്ഥ അഥവാ ശാന്തി തന്നെ സാക്ഷാല്‍ക്കാരം. സംശയമുള്ളപക്ഷം ആ സംശയത്തെ ദുരീകരിച്ചാല്‍ മതി. അനാത്മാകാരങ്ങളെ ആത്മാവെന്നു തെറ്റിദ്ധരിക്കുന്നതിലാണ് വിചാരങ്ങള്‍ ഉണ്ടാകുന്നത്. അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും. എവിടെ സ്ഥലമുണ്ടാക്കാനും അവിടെ ഇരിക്കുന്നതിനെ മാറ്റിയാല്‍ മതി. സ്ഥലം മറ്റൊരിടത്തു നിന്നും കൊണ്ടുവരേണ്ടാ, സാധനങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോഴും സ്ഥലമവിടെയുണ്ട്. വിചാരമില്ലായ്മ ശൂന്യമല്ല. ശൂന്യം കാണാന്‍ ഒരാള്‍ ഉണ്ടായിരുന്നിരിക്കണം. ജ്ഞാനാജ്ഞാനങ്ങള്‍ മനസ്സിനുള്ളവയാണ്. ഇവയ്ക്കു കാരണം ദ്വൈതബോധമാണ് .ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കതീതമാണ്. അതു സ്വയം പ്രകാശമാണ്. ആത്മാവിനെ കാണാന്‍ ഇനി ഓരത്മാവാശ്യമില്ലതാനും. ആത്മാവല്ലാത്തത് അനാത്മാവ്. അനാത്മാവിന് ആത്മാവിനെ കാണാന്‍ കഴിയുകയില്ല. ആത്മാവിനെ കാണാനോ കേള്‍ക്കാനോ സാദ്ധ്യമല്ല. അത്‌ ഇവയ്ക്കെല്ലമാതീതമാണ്.അത് അതുമാത്രമായ ശുദ്ധബോധമാണ്. കളഞ്ഞുപോയി എന്നു തെറ്റിദ്ധരിച്ചിരുന്ന കണ്‍ഠഭരണത്തെ ഓര്‍മയില്‍കൂടി കഴുത്തില്‍ തന്നെ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഉടമസ്ഥയ്ക്ക് ആഭരണം പുത്തനായിക്കിട്ടിയെന്നു തോന്നിയതുപോലെയാണ്, സാക്ഷാല്‍ക്കാരം പുത്തനായി ലഭിക്കുന്നതായിത്തോന്നുന്നതും. അതു (താന്‍-ആത്മാവ്) മുമ്പിനാലേ ഉള്ളതാണല്ലോ എന്നറിയുന്നതാണ്‌ സാക്ഷാല്‍ക്കാരം.അജ്ഞ്ഞാനത്തെ ഒഴിക്കുന്നതിനു തുല്യമാണിത്. മനസിനെ അന്വഷിച്ചപ്പോഴുണ്ടായ ഭ്രമത്താലാണ് ശൂന്യം കണ്ടത്. വിചാരിക്കുന്നവനെവേണം അന്വഷിക്കാന്‍. അവനെപ്പറ്റി നിന്നാല്‍ ചിന്തകള്‍ എല്ലാം മറയും.

ചോദ്യം: അവിടെ ചിന്തിക്കുന്ന അഹന്ത അവശേഷിക്കുമല്ലോ?
മഹര്‍ഷി: ആ അഹന്ത ചിന്തയററ ‘ശുദ്ധ’ ‘അഹന്ത’യാണ്. അത് ആത്മാകാരം തന്നെയാണ്. തെറ്റായ ധാരണയിരിക്കുന്നിടത്തോളം സംശയം നീണ്ടു നില്‍ക്കും. ചിന്തിക്കുന്നവനോടു ചേര്‍ന്നു നില്‍ക്കാതിരിക്കുമ്പോഴേ പ്രപഞ്ചം വിഷയപ്പെടുകയുള്ളൂ. അപ്പോഴേ സംശയങ്ങളുദിക്കുന്നതുമുള്ളൂ.