ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 8,1936.
ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണ്. വിചാരം ഉണ്ടായശേഷമേ ഭാഷയുടെ ആവശ്യം നേരിടുന്നുള്ളൂ. ‘ഞാന്‍’ എന്നതു ഉണ്ടായശേഷമേ മറ്റു വിചാരങ്ങള്‍ ഉണ്ടാകുന്നുള്ളൂ. വിചാരം കൂടാതിരിക്കുമ്പോള്‍ ഒരാളിനെ മറ്റൊരാളറിയുന്നത് പൊതുഭാഷയായ മൗനത്തില്‍ കൂടിയാണ്. മൗനം സഹജഭാഷയാണ്. അതു ഭാഷയുടെ നിലയ്യ്ക്കാപ്രവാഹമാണ്. സംസാരം ഈ ഗതിയെ ഭഞ്ജിക്കുന്നു. ആ മൗനഭാഷയ്ക്ക് സംസാരം തടസ്സമുണ്ടാക്കുന്നു. കമ്പിയില്‍ വിദ്യുച്ഛക്തിപ്രവഹിക്കുന്നു അതു വിജ്രംഭിച്ച് ലൈറ്റ് കത്തുകയോ ഫാന്‍ കറങ്ങുകയോ ചെയ്യുന്നു.അതുപോലെ ഭാഷയുടെ നിത്യപ്രവാഹമായ മൗനം ഭഞജിക്കപ്പെടുമ്പോള്‍ അതു വിജ്രംഭിച്ച് വാഗ്രൂപം പ്രാപിക്കുന്നു.വര്‍ഷങ്ങള്‍ കൊണ്ടുള്ള സംസാരം അര നിമിഷത്തെ മൗനത്തില്‍ക്കൂടി മനസ്സിലാക്കാം.അതാണു ദക്ഷിണാമൂര്‍ത്തിയുടെ മൗനോപദേശം.
ചോദ്യം:’ഞാന്‍,ഞാന്‍’ എന്നു വിളങ്ങുന്ന ആത്മബോധനില നിര്‍വ്വികല്പ സമാധിയാണോ? അതോ അതിനു തൊട്ടു മുന്‍പുള്ള അനുഭവമോ?
മഹര്‍ഷി: ഹൃദയത്തില്‍ അതിസൂക്ഷ്മമായ ഒരു രന്ധ്രമുണ്ട്. അത് മനനം മുഖേന തുറക്കപെടുന്നു. അപ്പോള്‍ ഞാന്‍, ഞാന്‍ എന്ന അനുഭവം തടസ്സം കൂടാതെ സദാ പ്രകാശിക്കുന്നു. സമാധിയും ഇതുതന്നെ.
ചോദ്യം:അബോധാവസ്ഥക്കും ഉറക്കത്തിനും തമ്മില്ലുള്ള വ്യത്യാസമെന്ത്?
മഹര്‍ഷി: ഉറക്കം പെട്ടെന്ന് ആളിനെ ബലാല്‍ ആക്രമിക്കുന്നു. അബോധാവസ്ഥ സാക്ഷാല്‍ക്കാരത്തിനനുകൂലവും ഉറക്കം പ്രതികൂലവുമാണ്.
ചോദ്യം:മരണത്തിന് തൊട്ടുമുന്‍പുള്ള അവസ്ഥ എന്താണ്?
മഹര്‍ഷി: ഒരാള്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുമ്പോള്‍ ദേഹബോധമില്ലതിരിക്കും. പിരിയുന്ന ജീവന്‍ മറ്റൊരു ദേഹത്തെ ബന്ധിക്കുനതിനാല്‍ ശ്വാസം അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാടും. ഊര്‍ദ്ധ്വശ്വാസോച്ഛ്വാസം ഇടയ്ക്കിടിക്ക് രൂക്ഷമാവുന്നത് പ്രാണന്‍ രണ്ടു ശരീരങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ അടയാളമാണ്. പഴയ ശരീരവുമായുള്ള ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടാതിരിക്കയാണപ്പോള്‍. എന്‍റെ അമ്മയുടെയും പളനിസ്വാമിയുടെയും അന്ത്യകാലങ്ങളില്‍ ഞാനിതു പരിശോധിക്കുകയുണ്ടായി.
ചോദ്യം:പുതിയ ശരീരം ആ വ്യക്തിയുടെ അടുത്ത അവതാരത്തെ കുറിക്കുകയാണോ?
മഹര്‍ഷി: അതെ, ഊര്‍ദ്ധ്വശ്വാസം വലിക്കുമ്പോള്‍ ആ വ്യക്തി സ്വപ്നത്തിലെന്നപോലെ പരിസരബോധമില്ലാത്തവനായിരിക്കും.
(മഹര്‍ഷി തന്‍റെ മാതാവിന്‍റെ നിര്യാണ ദിവസം രാവിലെ 8 മുതല്‍ രാത്രി 8 മണിക്കു അവര്‍ മരിക്കുന്നതുവരെ അമ്മയുടെ അടുത്തു തന്നെ ഇരുന്നിരുന്നു. ഈ സമയമത്രയും അദ്ദേഹം ഒരു കൈയ്യ് അമ്മയുടെ ശിരസ്സിലും മറ്റേക്കൈ നെഞ്ചിലും അമര്‍ത്തി വച്ചിരുന്നു. ഇതെന്തിനായിരുന്നുവെന്നദ്ദേഹം പിന്നീട് പറയുകയുണ്ടായി. ‘അമ്മയുടെ ജീവന്‍ അത്മാവോടൈക്യപ്പെടുത്തുന്നതുവരെ ഞാനും അമ്മയും തമ്മില്‍ ഒരു സമരം തന്നെ നടന്നു. ജന്മാന്തരങ്ങളായവശേഷിച്ചുണ്ടായിരുന്ന സംസ്ക്കാരങ്ങള്‍ ഇളകി മറിഞ്ഞുവരും. എല്ലാത്തിനെയും ഞാന്‍ ഒടുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ പൂര്‍വ്വ സംസ്കാരങ്ങള്‍ നിശേഷം ഒഴിഞ്ഞപ്പോള്‍ മനസ്സു നിരുപാധികം ആത്മാവില്‍ നിവൃത്തമായി. പ്രാണന്‍ ഒടുങ്ങുമ്പോള്‍ പടപടാ എന്ന് ഒരു നടുക്കമുണ്ടാവും. പഴനിസ്വാമിക്ക് അങ്ങനെ ഒരു നടുക്കമുണ്ടായപ്പോള്‍ ഞാന്‍ കൈകള്‍ മാറ്റിയതിനാല്‍ അയാള്‍ ഉടനെ കണ്ണുതുറന്നു. ജീവന്‍ മറുലോകത്തേക്കു പ്രയാണം ചെയ്യുന്നതിന്‍റെ ലക്ഷണമാണതെന്നു പറയപ്പെടുന്നു. അമ്മക്ക് ഈ ലക്ഷണം കണ്ടപ്പോള്‍ നടുക്കം മുഴുവന്‍ മാറി മനസ്സു ഹൃദയത്തിലൊടുങ്ങിയ ശേഷമേ ഞാന്‍ കൈകളെ മാറ്റിയുള്ളൂ. ഇതനുസരിച്ച് പളനിസ്വാമിക്കു മഹോന്നതമായ പുനര്‍ജനനവും അമ്മക്കു മുക്തിയും സിദ്ധമായി. അമ്മക്കു നിത്യശാന്തി ലഭിച്ചത് അവരുടെ മുഖഭാവത്തില്‍ തെളിഞ്ഞു പ്രകാശിച്ചിരുന്നു’.
ഭഗവാന്‍ മാതാവിന്‍റെ പൊന്‍ദേഹത്തെ സമാധിയിരുത്തി അതിന്മേല്‍ ‘മാതൃഭൂതേശ്വരര്‍’ ലിംഗം പ്രതിഷ്ഠിച്ചു. മാതൃസന്നിധിയെ മൂലസ്ഥാനമാക്കികൊണ്ട് ശ്രീചക്ര, മേരുചക്ര, യോഗാംബികാ സഹിതം ഗംഭീരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അങ്ങനെ അന്നും ഇന്നും എന്നും ശ്രീ രമണമാതാ രമണാശ്രമത്തില്‍ അനുഗ്രഹമൂര്‍ത്തിയായി പ്രശോഭിക്കുകയാണ്.