ആലോചിക്കാനുള്ള രണ്ടാമത്തെ സംഗതി കര്‍മ്മത്തിന്റെ ലക്ഷ്യമെന്താണെന്നുള്ളതാണ്. എല്ലാ രാജ്യത്തുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, ഈ ലോകം പരിപൂര്‍ണ്ണമായിത്തീരുന്ന ഒരു കാലംവരും, ഇവിടെ രോഗം മരണം ദുഃഖം ദുഷ്ടത ഈവകയൊന്നുമില്ലാത്ത ഒരു കാലം വരും എന്നു വിശ്വസിക്കുന്നതായി നാം കാണുന്നു. അജ്ഞന്മാരെ ഉത്തേജിപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും ഉള്ള പ്രേരകശക്തിയെന്ന നിലയില്‍ വളരെ നല്ല ഒരാശയമാണത്. എന്നാല്‍ ഒരു നിമിഷം ആലോചിച്ചുനോക്കിയാല്‍ അതിനു സാദ്ധ്യതയില്ലെന്നു പ്രത്യക്ഷത്തില്‍ത്തന്നെ കാണാം. നന്മയും തിന്മയും ഒരേ നാണയ ത്തിന്റെ ഇരുപുറങ്ങളായിരിക്കെ, അതെങ്ങനെ സംഭവിക്കാനാണ്? തിന്മകൂടാതെ നന്മമാത്രം എങ്ങനെ സിദ്ധിക്കും? പരിപൂര്‍ണ്ണതയെന്നാലര്‍ത്ഥമെന്ത്? പരിപൂര്‍ണ്ണജീവിതമെന്നു പറയുന്നതുതന്നെ പരസ്പരവിരുദ്ധമാണ്.
ജീവിതംതന്നെ നമ്മളും ബാഹ്യലോകവും തമ്മിലുള്ള ഒരു നിരന്തര സമരാവസ്ഥയാണ്. ഓരോ നിമിഷവും നാം ബാഹ്യപ്രപഞ്ചവുമായി യഥാര്‍ത്ഥത്തിലുള്ള യുദ്ധംതന്നെ ചെയ്തുകൊണ്ടിരിക്കുന്നു; അതില്‍ തോല്ക്കുന്നെങ്കില്‍ നമ്മുടെ ജീവിതം അവസാനിക്കാതെ തരമില്ല. ഉദാഹരണത്തിന് ഭക്ഷണത്തിനും ശ്വാസവായുവിനുംവേണ്ടി നിരന്തരമായ മല്ലടിയാണ് നാം നടത്തുന്നത്. വായുവോ ഭക്ഷണമോ കിട്ടാതായെങ്കില്‍ നാം മരിക്കുന്നു. ജീവിതമെന്നത് തടസ്സമില്ലാതെ അനര്‍ഗ്ഗളം പ്രവഹിക്കുന്ന ഒരു തനി വസ്തുവല്ല; അതൊരു സമ്മിശ്രകാര്യമാകുന്നു. നമ്മുടെ ഉള്ളിലിരിക്കുന്ന ഏതോ ഒന്നും ബാഹ്യലോകവും തമ്മിലുള്ള കൂടിക്കുഴഞ്ഞ പോരാട്ടത്തെയാണ് ജീവിതമെന്നു നാം വിളിക്കുന്നത്. അതിനാല്‍, ഈ പോരാട്ടം അവസാനിക്കുമ്പോള്‍ ജീവിതവും അവസാനിക്കുമെന്നു വ്യക്തമാണ്. പരമമായ സുഖമെന്നാല്‍ ഈ സമരത്തിന്റെ പരിസമാപ്തിയാണ്. അപ്പോള്‍ ജീവിതവും അവസാനിക്കും; കാരണം, ജീവിതം അവസാനിക്കുമ്പോഴേ പോരാട്ടവും അവസാനിക്കുവാന്‍ നിവൃത്തിയുള്ളു.
ലോകത്തെ സഹായിക്കുന്നതുകൊണ്ട് നാം നമ്മെത്തന്നെയാണ് സഹായിക്കുന്നതെന്ന് മുമ്പു കണ്ടുവല്ലോ. പരസഹായാര്‍ത്ഥം ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ പ്രധാനഫലം നമ്മെത്തന്നെ ശുദ്ധീകരിക്കുകയാകുന്നു. അന്യര്‍ക്ക് നന്മ ചെയ്യാനുള്ള നിരന്തരയത്‌നം മുഖേന നാം സ്വയം വിസ്മരിക്കാനാണ് നോക്കുന്നത്. ഈ ആത്മവിസ്മരണമാണ് ജീവിതത്തില്‍ നമുക്ക് അഭ്യസിക്കേണ്ട മഹത്തായ പാഠം. സ്വാര്‍ത്ഥതകൊണ്ടു സുഖിച്ചുകളയാമെന്ന് മനുഷ്യന്‍ ബുദ്ധിശൂന്യമായി വിചാരിക്കുന്നു; എന്നാല്‍ യഥാര്‍ത്ഥ സുഖം സ്വാര്‍ത്ഥത്തെ നിര്‍മ്മൂലം നശിപ്പിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും, തന്നെ സുഖിയാക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ലെന്നും ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം ഒടുവില്‍ അവന്‍ മനസ്സിലാക്കുന്നു. ഓരോ ഔദാര്യ പ്രകടനവും ഓരോ അനുകമ്പാവിചാരവും ഓരോ സഹായകര്‍മ്മവും ഓരോ സത്പ്രവൃത്തിയും നമ്മുടെ നിസ്സാരവ്യക്തിത്വത്തില്‍നിന്ന് അത്രകണ്ട് ദുരഭിമാനബോധത്തെ അകറ്റുകയും, നാം എല്ലാവരിലുംവെച്ച് എളിയവരും നിസ്സാരരുമാണെന്നുള്ള ബോധം ജനിപ്പിക്കുകയും ചെയ്യുന്നു; അതിനാല്‍ അതെല്ലാം നല്ലതുമാകുന്നു.
ഇവിടെ ജ്ഞാനവും ഭക്തിയും കര്‍മ്മവും ഒരേ കോടിയില്‍ കൂട്ടി മുട്ടുന്നതായി കാണുന്നു. അഹംബുദ്ധിയെ ശാശ്വതമായും നിശ്ശേഷമായും നിരാകരിക്കുകയാകുന്നു പരമമായ ആദര്‍ശം. ആ അവസ്ഥയില്‍, ‘ഞാന്‍’ ഇല്ല; എല്ലാം ‘അവിടുന്നു’തന്നെ. ആ ലക്ഷ്യത്തിലേയ്ക്കാകുന്നു കര്‍മ്മയോഗം മനുഷ്യനെ – അവന്‍ അതറിയട്ടെ, അറിയാതിരിക്കട്ടെ – നയിയ്ക്കുന്നത്. നിര്‍ഗുണനായ ഈശ്വരന്‍ എന്നു കേട്ടു പോയാല്‍ മതപ്രചാരകന്‍ സംഭീതനായേക്കാം. അയാള്‍ക്ക് ഈശ്വരന്റെ സഗുണഭാവം നിലനിര്‍ത്തുന്നതില്‍ നിര്‍ബ്ബന്ധവും, സ്വന്തം സ്വരൂപവും വ്യക്തിത്വവും – അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തായാലും – പുലര്‍ത്തുന്നതില്‍ ആഗ്രഹവും ഉണ്ടായേക്കാം. എന്നാല്‍, അയാളുടെ ധാര്‍മ്മികാശയങ്ങള്‍, അവ യഥാര്‍ത്ഥത്തില്‍ കൊള്ളാവുന്നവയാകണമെങ്കില്‍, ഏറ്റവും ഉത്കൃഷ്ടമായ അഭിമാനനിര്‍മ്മാര്‍ജ്ജനത്തില്‍ അധിഷ്ഠിതമായിരിക്കാതെ നിവൃത്തിയില്ല. എല്ലാസദാചാരത്തിന്റെയും അടിസ്ഥാനം അതാകുന്നു. മനുഷ്യനിലേയ്‌ക്കോ മൃഗങ്ങളിലേയ്‌ക്കോ ദേവന്മാരിലേയ്‌ക്കോ വ്യാപിപ്പിച്ചുനോക്കിയാലും, അധിഷ്ഠാനാശയം അതുതന്നെ. സകലധര്‍മ്മസംഹിതകള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഏകതത്ത്വം അതാകുന്നു – ആത്മപരി ത്യാഗം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 6. പേജ് 85-86]