ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 15, 1936

രമണമഹര്‍ഷി: ജ്ഞാനിയും അജ്ഞാനിയും ശരീരത്തെ ഞാനെന്നു പറയും. ഇവ തമ്മില്‍ എന്താണു വ്യത്യാസം? അജ്ഞാനിയുടെ ഞാന്‍ ശരീരമേ ആകുന്നുള്ളൂ. ഉറക്കത്തില്‍ ഈ ‘ഞാന്‍” ശരീരാപേക്ഷ കൂടാതെ സ്വതന്ത്രമായി നില്‍ക്കുന്നു. അതേ ഞാനാണു ജാഗ്രത്തിലുള്ളതും. ശരീരത്തിനുള്ളിലിരിക്കുന്നു എന്നു തോന്നപ്പെട്ടാലും അത് (ഞാന്‍) ശരീരമില്ലത്തതാണ്.ജഡമായതുകൊണ്ട് ‘ഞാന്‍’ എന്നു ശരീരം പറയുന്നില്ല താന്‍ ഏതോ ഒന്നിനെപ്പറ്റിനില്‍ക്കുകയാണെന്ന് അത്മാവിനുമില്ല ഇടയില്‍ മറ്റേതോ ഒന്നാണ് ‘ഞാന്‍ ശരീരമാണ്’ എന്നു പറയുന്നത് . അത് ശരീരവൃത്തികളെ തന്‍റെ വൃത്തികളാണെന്നു കാണുന്നു. ഈ അഹന്ത മാറി ശുദ്ധ അഹംസ്ഫുരണമായി പ്രകാശിക്കുന്നവനാണ് ജ്ഞാനി. അവന് ശരീരമെന്നല്ല, മറ്റെല്ലാവും താനാണ്. അവന്‍ ശരീരത്തെപ്പറ്റി വ്യവഹരിച്ചാലും അതിനോടു ബന്ധപ്പെടാതെ ആനന്ദവാനായിരിക്കുന്നു.

വക്കീല്‍ വൈദ്യനാഥയ്യര്‍ ചോദിച്ചു: ജ്ഞാനി താന്‍ ദേഹമാണെന്നു പറഞ്ഞാല്‍ മരണസമയത്തവനെന്തു സംഭവിക്കുന്നു?
മഹര്‍ഷി: ദേഹത്തെ അവന്‍ ഇപ്പോഴും താനാണെന്നു കരുതുന്നില്ല.

ചോദ്യം:’ഞാന്‍ ദേഹമാണ്’ എന്ന് ജ്ഞാനി പറയും എന്നിപ്പോള്‍ അങ്ങു പറഞ്ഞല്ലോ.
മഹര്‍ഷി: അതെ അവന്‍റെ ‘ഞാന്‍’ ദേഹവും ഉള്‍പ്പെട്ടതാണെന്നര്‍ത്ഥം. കാരണം അവന്‍റെ ‘ഞാന്‍’ അഖണ്ഡമാണ്. അതിനന്യമായൊന്നുമില്ല. ദേഹമില്ലെങ്കിലും അവന് നഷ്ടം തോന്നുന്നില്ല. ശരീരത്തിനുമരണം അനുഭവപ്പെടുമെങ്കില്‍ അതുചോദിക്കട്ടെ ഈ ചോദ്യം.ജഡമായതിനാല്‍ അതിനനുഭവമില്ല .ഞാന്‍ ഒരിക്കലും മരിക്കുന്നില്ല. അതിനാല്‍ ചോദ്യമൊന്നും ചോദിക്കുന്നേ ഇല്ല. എന്നാല്‍ മരിക്കുന്നതാര്? ചോദ്യം ചോദിക്കുന്നതാര്?

ചോദ്യം:ഈ ശാസ്ത്രങ്ങളെല്ലാം പിന്നെ ആര്‍ക്കാണ്? അത് യഥാര്‍ത്ഥ ഞാനിനായിരിക്കുകയില്ല, മിഥ്യയായ ‘ഞാ’ നിനായിരിക്കും, അവന് ഇത്രത്തോളം ശാസ്ത്രങ്ങള്‍ വേണ്ടി വരുന്നുവെങ്കില്‍ അതിശയമാണ്.
മഹര്‍ഷി: ശരിയാണ്. മരണം ഒരു തോന്നല്‍ മാത്രമാണ്. ആര്‍ക്കു ചിന്ത ഉള്ളവനാകുന്നുവോ അവന് ഉപദ്രവങ്ങളുണ്ടാകുന്നു. ഈ ചിന്തിക്കുന്നവര്‍ തന്നെ പറയട്ടെ. അവനു മരണത്തിലെന്തു സംഭവിക്കുന്നു എന്ന്. യഥാര്‍ത്ഥ ‘ഞാന്‍’ മിണ്ടാതിരിക്കുകയാണ്. ഞാന്‍ അതാണ്‌,ഇതാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. എല്ലാവരും ‘അതു ഞാന്‍,ഇതു ഞാന്‍’‍, എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ ചിന്തകള്‍ തമ്മിലേറ്റുമുട്ടും? ഫലം പല മതങ്ങളുടെ ആവിര്‍ഭാവം. ‘ഞാന്‍ ഉണ്ട്’ എന്നതു സത്യം. എന്താരോപിച്ചാലും ആരോപിതമാകാതിരിക്കുമെന്നതാണ് സത്യം.

ചോദ്യം:മരണമെന്താണ്? ദേഹത്തിന്‍റെ വിയോഗമല്ലേ?
മഹര്‍ഷി: ഈ ദേഹവിയോഗം അനുദിനം ഉറക്കത്തില്‍ സംഭവിക്കുന്നില്ലേ?

ചോദ്യം:ഉറങ്ങിയിട്ട് ഞാനുണരുന്നുണ്ടല്ലോ.
മഹര്‍ഷി: അതെ അതും വിചാരമാണ്. ഞാനുണരും എന്ന് മുന്‍ വിചാരമുണ്ട്. ജീവനെ നയിക്കുന്നതു വിചാരമാണ് അതില്‍ നിന്നുള്ള വിമോചനമാണ് നിജാവസ്ഥ – ആനന്ദം.