സംസ്‌കൃതത്തില്‍ ഇങ്ങനെ രണ്ടു വാക്കുകളുണ്ട്; ഒന്നു ‘പ്രവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളിലേയ്ക്ക് അടുക്കുക’ എന്നാണ്; മറ്റേതു ‘നിവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളില്‍ നിന്ന് അകലുക’ എന്നും. പ്രവൃത്തിയെയാണ് നാം സംസാരമെന്ന്, ‘ഞാനും എന്റേതും’ എന്ന് പറയുന്നത്. സമ്പത്ത്, പണം, പ്രതാപം, പേര്, പ്രശസ്തി ഇത്യാദികളെക്കൊണ്ട് ആ ‘എന്നെ’ (‘അഹം’ ബുദ്ധിയെ) എപ്പോഴും കൊഴുപ്പിക്കുന്നതും, മുറുകെ പിടിക്കുന്ന സ്വഭാവത്തോടുകൂടിയതും ആയ സകല കാര്യങ്ങളും ‘പ്രവൃത്തി’ എന്ന വാക്കില്‍ അടങ്ങിയിരിക്കുന്നു; എല്ലാറ്റിനേയും ‘ഞാന്‍’ എന്ന കേന്ദ്രത്തിലേയ്ക്ക് ആകര്‍ഷിച്ചുകൂട്ടാനാണ് അതിന്റെ പ്രവണത. ഓരോ മനുഷ്യന്റെയും സഹജവാസനയായ ഇതാണ് ‘പ്രവൃത്തി’. എല്ലായിടത്തുനിന്നും എല്ലാം പിടിച്ചെടുത്ത് ഒരു കേന്ദ്രത്തിനു ചുറ്റും – മനുഷ്യന് ഏറ്റവും പ്രിയമുള്ള ‘അഹ’ത്തിനു ചുറ്റും – സംഗ്രഹിക്കുന്നതാണ് പ്രവൃത്തി. ഈ പ്രവണത എപ്പോള്‍ ശിഥിലമായിത്തുടങ്ങുന്നു, അഥവാ നിവൃത്തി (തിരിഞ്ഞ് അകലല്‍) എപ്പോള്‍ ആരംഭിക്കുന്നു, അപ്പോള്‍ സദാചാരവും ധര്‍മ്മവും ആരംഭിക്കുകയായി.
പ്രവൃത്തിയും നിവൃത്തിയും, രണ്ടും, കര്‍മ്മാത്മകംതന്നെ. ഒന്ന് അസത്കര്‍മ്മവും മറ്റേതു സത്കര്‍മ്മവും. നിവൃത്തിയാണ് എല്ലാ സദാചാരത്തിനും എല്ലാ ധര്‍മ്മത്തിനും അടിസ്ഥാനം; നിവൃത്തിയുടെ പരിപൂര്‍ണ്ണഭാവമാണ് പൂര്‍ണ്ണമായ അഭിമാനനിര്‍മ്മാര്‍ജ്ജനം, ശരീരവും ബുദ്ധിയും, സര്‍വ്വവും മറ്റൊരു ജീവിക്കുവേണ്ടി ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത. മനുഷ്യന്‍ ആ അവസ്ഥയിലെത്തിയാല്‍ അയാള്‍ കര്‍മ്മ യോഗത്തിന്റെ പൂര്‍ണ്ണഭാവത്തെ സാക്ഷാത്കരിച്ചു. ഇതുതന്നെയാണ് സത്കര്‍മ്മത്തിന്റെ അത്യുച്ചമായ ഫലം. ഒരുവന്‍ തത്ത്വദര്‍ശനങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും, ഒരീശ്വരനിലും മുമ്പു വിശ്വസിച്ചിരിക്കയോ ഇപ്പോള്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ആയുസ്സില്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും, കേവലം സത്കര്‍മ്മത്തിന്റെ ഫലമായി പരനന്മയ്ക്കുവേണ്ടി സ്വന്തം ജീവനും മറ്റു സര്‍വ്വസ്വവും ബലികഴിക്കാന്‍ തയ്യാറുള്ള ഒരവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അയാള്‍, ഭക്തന്‍ പ്രാര്‍ത്ഥനയുടെ ഫലമായും തത്ത്വജ്ഞാനിജ്ഞാനത്തിന്റെ ഫലമായും ഏതൊരു സ്ഥാനത്തെ പ്രാപിക്കുന്നുവോ ആ സ്ഥാനത്തുതന്നെ എത്തിയിരിക്കുന്നു.
അങ്ങനെ തത്ത്വജ്ഞാനിയും കര്‍മ്മിയും ഭക്തനും ഏകസ്ഥാനത്ത്, അഭിമാനനിര്‍മ്മാര്‍ജ്ജനം എന്ന ഏകസ്ഥാനത്ത് ഒന്നിച്ചുചേരുന്നു! മനുഷ്യവര്‍ഗ്ഗമാകെ, അവരുടെ ഇടയിലുള്ള മതങ്ങളും തത്ത്വശാസ്ത്രങ്ങളും എത്രമാത്രം വിഭിന്നങ്ങളായിരുന്നാലും, പരഹിതത്തിനുവേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള മനുഷ്യന്റെ മുമ്പില്‍ ഭയഭക്തി ബഹുമാനപുരസ്സരം തലകുനിക്കുന്നു. ഇവിടെ മതവിശ്വാസങ്ങളേയോ സിദ്ധാന്തങ്ങളേയോ പറ്റി ചോദ്യമുദിക്കുന്നില്ല. അത്തരം പൂര്‍ണ്ണമായ ആത്മപരിത്യാഗ ത്തിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍, അതിനെ ബഹുമാനിച്ചേ മതിയാവൂ എന്ന് മതവിരോധികള്‍ക്കുപോലും തോന്നുന്നു. എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘പൗരസ്ത്യദീപം’ [Light of Asia] എന്ന കൃതി വായിക്കുമ്പോള്‍, തികച്ചും പരമതാസഹിഷ്ണുവായ ക്രിസ്ത്യാനിപോലും ബുദ്ധനെപ്പറ്റിയുള്ള ആദരവുകൊണ്ടു നിശ്ചലനായി നിന്നുപോകുന്നതു നിങ്ങള്‍ കണ്ടിട്ടില്ലേ? ബുദ്ധനാകട്ടെ, ഈശ്വരനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; സ്വാര്‍ത്ഥപരിത്യാഗമല്ലാതെ മറ്റൊന്നും അദ്ദേഹം ഉപദേശിച്ചിട്ടുമില്ല.
തന്റെ ജീവിതത്തിന്റെ ഗതിയും ഉന്നവുംതന്നെയാണ് വിമതസ്ഥനും ഉള്ളതെന്ന് പരമതവിദ്വേഷി അറിയുന്നില്ലെന്നു മാത്രം. ഭക്തന്‍ ഈശ്വരനെപ്പറ്റി സദാ ചിന്ത ചെയ്ത്, സദ്വാസനകളുടെ അന്തരീക്ഷത്തില്‍ സ്വയം മുഴുകി, ഒടുവില്‍ ഇതേ ലക്ഷ്യത്തിലെത്തുന്നു; ‘അങ്ങയുടെ ഇച്ഛപോലെ’ എന്നു പറയുന്നു; ഒന്നും തന്റേതായി സൂക്ഷിക്കുന്നില്ല. ഇത് അഭിമാനനിര്‍മ്മാര്‍ജ്ജനമാകുന്നു. തത്ത്വജ്ഞാനി ജ്ഞാനംകൊണ്ട്, താനെന്നു തോന്നുന്നതു മിഥ്യയാണെന്നു കണ്ട്, അതിനെ നിഷ്പ്രയാസം പരിത്യജിക്കുന്നു. അതും അഭിമാന നിര്‍മ്മാര്‍ജ്ജനമാകുന്നു. അതിനാല്‍, കര്‍മ്മവും ഭക്തിയും ജ്ഞാനവും ഇവിടെ ഒരുമിച്ചുചേരുന്നു. ഈശ്വരന്‍ പ്രപഞ്ചമല്ല എന്നു പുരാതനന്മാരായ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളതിന്റെ അര്‍ത്ഥവും ഇതുതന്നെ. പ്രപഞ്ചം ഒന്നു വേറെ, ഈശ്വരനൊന്നു വേറെ; ഈ വ്യത്യാസം യഥാര്‍ത്ഥമാകുന്നു. പ്രപഞ്ചത്തിന്ന് ‘സ്വാര്‍ത്ഥത’ എന്നാണ് അവര്‍ അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ‘നിഃസ്വാര്‍ത്ഥത’യാണ് ഈശ്വരന്‍. ഒരാള്‍ സ്വര്‍ണ്ണഹര്‍മ്മ്യത്തില്‍ സിംഹാസനത്തില്‍ ഇരിക്കുന്നവനാവാം; അതേ സമയം സമ്പൂര്‍ണ്ണം നിഃസ്വാര്‍ത്ഥനുമാവാം. എങ്കില്‍, അയാള്‍ ഈശ്വരനില്‍ത്തന്നെ വര്‍ത്തിക്കുന്നു. മറ്റൊരാള്‍ കീറത്തുണിയുടുത്തുകൊണ്ട് കുടിലില്‍ വസിക്കുന്നവനും സ്വന്തമായി യാതൊന്നും ഇല്ലാത്തവനുമാവാം; എങ്കിലും അയാള്‍ സ്വാര്‍ത്ഥിയാണെങ്കില്‍ തികച്ചും ലൗകികതയില്‍ നിമഗ്‌നനായിരിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 6. പേജ് 88-90]