ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 24,1936

രമണമഹര്‍ഷി: അജ്ഞാനം രണ്ടു വിധം.

1. തന്നെ വിസ്മരിച്ചിരിക്കുക.

2. തന്നെ അറിയുന്നതിനു തടസ്സങ്ങള്‍ ഉണ്ടായിരിക്കുക. സാധനാചതുഷ്ടയവും വിചാരങ്ങളെ ഒഴിക്കാനുള്ള ഉപായങ്ങളാണ്. സൂക്ഷമമായിരിക്കുന്ന വാസനകളുടെ വിജ്രുംഭണങ്ങളാണ്. വിചാരങ്ങള്‍. ചിന്തകളാല്‍ ഭേദബുദ്ധീ വളര്‍ന്ന് പലവിധ അനര്‍ത്ഥങ്ങള്‍ക്കടിമയാവുന്നു. ശ്രവണ, മനന, നിദിധ്യാസനങ്ങളാണ് സാധനകള്‍, ഗുരുമുഖേന ഉണ്ടാവുന്ന ശ്രവണം പക്വമതികള്‍ക്കു സത്വരം അനുഭൂതിയെ ഉളവാക്കും. മറ്റുള്ളവര്‍ വീണ്ടുംവീണ്ടും ഗുരുവിനോടു ചോദിച്ചറിഞ്ഞാലും ചിത്തശുദ്ധി വരായ്കയാല്‍ ദുഖിക്കുന്നു. അജ്ഞാനം, സന്ദേഹം, വിപരീതജ്ഞാനം എന്നിവയാണു വിഘനങ്ങള്‍.

1. അജ്ഞാനം ഒഴിയുമാര്‍ ഗുരുവില്‍ നിന്നും ഗ്രഹിക്കുന്നതാണ് ശ്രവണം.

2. സംശയം ഒഴിയുന്നതിനുവേണ്ടി താന്‍ കേട്ടു ഗുരുമൊഴികളെ വീണ്ടുംവീണ്ടും ആരാഞ്ഞ് ചലനമറ്റ നിശ്ചയജ്ഞാനം നേടുന്നതു മനനം.

3. ശ്രവണ മനനങ്ങളാല്‍ സംശയാതീതമായി വസ്തു നിശ്ചയ ജ്ഞാനം ലഭിച്ചതിനുശേഷവും ദീര്‍ഘകാലത്തെ ഭേദവാസനകള്‍ കൊണ്ടുള്ള വിപരീത ഭാവന നീണ്ടുനില്‍ക്കും. നിജസ്വരൂപത്തില്‍ ഉറച്ചു നില്‍ക്കുന്ന നിദിധ്യാസനംമൂലം ഇതു മാറും. തുടര്‍ന്നു സ്വസ്വരൂപത്തില്‍ ഉറച്ചു നില്‍ക്കുന്നതുതന്നെ സമാധി. ഇതാണ് താനേതാനായിരിക്കുന്ന പരിപൂര്‍ണ്ണ നില ശ്രവണ മനനനിദിധ്യാസനങ്ങളെ നിരന്തരമനുഷ്ട്ടിക്കണമെന്നുപദേശിക്കുന്നത് മനസ്സ് ബഹിര്‍മ്മുഖമായി, വിഷയാധികളില്‍ സഞ്ചരിക്കാതിരിക്കാന്‍ വേണ്ടിയാണ്.

സാധകന്‍ കൃതോപാസാകനോ അകൃതോപാസകാനോ ആയിരിക്കാം. ആദ്യത്തെയാള്‍ ഗുരുശ്രവണത്തിനര്‍ഹനാണ്. സമാധി നില ലഭിക്കുന്നതുവരെ ഗുരുസഹായം പ്രയോജനപ്പെടും. ശ്രവണം ദേഹാത്മബുദ്ധിയെ മാറ്റും. മനനം സംശയങ്ങളെയും നിദിധ്യാസനം മറ്റു വാസനകളെയും ഒഴിക്കും. അപ്പോഴവിടെയുള്ള നിത്യസുഖസ്വരൂപം അനുഭവമാകും.