സ്വാമി വിവേകാനന്ദന്‍

ആരെങ്കിലും എന്നെ ആശ്രയിച്ചിരിക്കുന്നുവെന്നോ മറ്റൊരുവനു നന്മ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്നോ വിചാരിക്കുന്നത് ഒരു ദൗര്‍ബ്ബല്യമാകുന്നു. ഈ വിശ്വാസമാണ് നമ്മുടെ സകല സക്തിയുടേയും ജനനി. ഈ സക്തിയില്‍നിന്നാണ് നമ്മുടെ സകലദുഃഖങ്ങളും ഉണ്ടാകുന്നത്. ഈ ജഗത്തില്‍ ആരും നമ്മെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് നാം നമ്മുടെ മനസ്സിനെ ഉദ്‌ബോധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു യാചകനും നമ്മുടെ ദാനത്തെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു പ്രാണിയും നമ്മുടെ സഹായത്തെ കരുതിയിരിക്കുന്നില്ല. പ്രകൃതിയാണ് എല്ലാറ്റിനേയും സഹായിക്കുന്നത്; നമ്മില്‍ ലക്ഷോപലക്ഷം പേര്‍ ഇല്ലാതിരുന്നാലും ആ സഹായം നടന്നുവരികയും ചെയ്യും. നമ്മെപ്പോലെയുള്ളവര്‍ക്കുവേണ്ടി പ്രകൃതിയുടെ ഗതി നിലച്ചുപോകയില്ല. മുമ്പു പ്രസ്താവിച്ചതുപോലെ, അന്യരെ സഹായിക്കുകയെന്ന വഴിക്ക് നമുക്കുതന്നെ ശിക്ഷണം നേടാന്‍ അവസരം ലഭിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു ദിവ്യമായ അനുഗ്രഹം മാത്രമാകുന്നു. ഇതു നമുക്ക് ജീവിതത്തില്‍ പഠിക്കാനുള്ള ഒരു വലിയ പാഠമാണ്. അതു വേണ്ടതുപോലെ പഠിച്ചാല്‍പ്പിന്നെ, നാം ഒരിക്കലും ദുഃഖിക്കുകയില്ല; പിന്നീട് ഒരു ഹാനിയും കൂടാതെ നമുക്ക് എവിടേയും പോയി സമുദായവുമായി ഇടകലരാം. നിങ്ങള്‍ക്കു ഭാര്യമാരോ ഭര്‍ത്താക്കന്മാരോ, ഭൃത്യന്മാരുടെ ഒരു വ്യൂഹമോ, ഭരിക്കാന്‍ രാജ്യങ്ങള്‍തന്നെയോ ഉണ്ടായിക്കൊള്ളട്ടെ; ലോകം നിങ്ങള്‍ക്കുവേണ്ടിയല്ലെന്നും അത് അപരിഹാര്യമാംവണ്ണം നിങ്ങളെ ആശ്രയിച്ചിരിക്കുന്നില്ലെന്നുമുള്ള തത്ത്വത്തെ ആസ്പദമാക്കി പ്രവര്‍ത്തിച്ചാല്‍, ഇവയൊന്നും നിങ്ങള്‍ക്കു ഹാനികരമല്ല.

നിങ്ങളുടെ സ്നേഹിതന്മാരില്‍ ചിലര്‍ ഈ കൊല്ലംതന്നെ മരിച്ചിരിക്കാം. അവര്‍ മടങ്ങിവരട്ടെ എന്നു വിചാരിച്ച് ലോകം മുന്നോട്ടു നീങ്ങാതെ നില്ക്കുന്നുണ്ടോ? അതിന്റെ പ്രവാഹം നിലച്ചുവോ? ഇല്ല; അതു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ലോകത്തിനു വല്ലതും ചെയ്യേണ്ടതുണ്ട് എന്ന ആശയം മനസ്സില്‍നിന്ന് ആട്ടിയോടിക്കുക. ലോകം നിങ്ങളില്‍ നിന്ന് ഒരു സഹായവും ആവശ്യപ്പെടുന്നില്ല. ലോകത്തെ സഹായിക്കാനാണ് താന്‍ ജനിച്ചിട്ടുള്ളതെന്നു വിചാരിക്കുന്നത് കേവലം അസംബന്ധമാകുന്നു; വെറും ഔദ്ധത്യമാണ്; സദ്ഗുണത്തിന്റെ വേഷത്തില്‍ കടന്നുകൂടിയ സ്വാര്‍ത്ഥതയാണത്. ലോകം നിങ്ങളേയോ മറ്റാരെയെങ്കിലുമോ ആശ്രയിച്ചിരിക്കുന്നില്ലെന്നുള്ള ആശയവുമായി സാത്മ്യം പ്രാപിക്കാന്‍ മനസ്സിനേയും സിരകളേയും പരിശീലിപ്പിച്ചാല്‍പ്പിന്നെ യാതൊരു കര്‍മ്മത്തില്‍നിന്നും ദുഃഖരൂപത്തിലുള്ള പ്രതികരണം ഉണ്ടാകുന്നതല്ല. നിങ്ങള്‍ ഒരാള്‍ക്കു വല്ലതും കൊടുക്കുമ്പോള്‍, യാതൊന്നും – അയാളുടെ നന്ദിപോലും – പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അയാളുടെ കൃതഘ്‌നത നിങ്ങളെ ബാധിക്കയില്ല; എന്തെന്നാല്‍ നിങ്ങള്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല, പ്രതിഫലരൂപത്തില്‍ എന്തിനെങ്കിലും അവകാശമുണ്ടെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. അയാള്‍ അര്‍ഹിച്ചതാണ് നിങ്ങള്‍ കൊടുത്തത്; അയാളുടെ കര്‍മ്മമാണ് അയാള്‍ക്കത് നേടിക്കൊടുത്തത്; നിങ്ങളുടെ കര്‍മ്മം നിങ്ങളെ അതിന്റെ വാഹകനാക്കി. വല്ലതും കൊടുത്തതിനെപ്പറ്റി നിങ്ങള്‍ എന്തിനഭിമാനിക്കുന്നു? പണമോ മറ്റു ദാനവസ്തുവോ ചുമന്നുകൊണ്ടു വന്ന ചുമട്ടുകാരനാണ് നിങ്ങള്‍; ലോകം അതിന്റെ കര്‍മ്മഫലമായി ആ ദാനം അര്‍ഹിച്ചിരുന്നു. അപ്പോള്‍പ്പിന്നെ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വകയെവിടെ?

നിങ്ങള്‍ ലോകത്തിനു വല്ലതും നല്കുന്നതില്‍ വലിയ കാര്യമൊന്നും അടങ്ങിയിട്ടില്ല. അനാസക്തിഭാവം നിങ്ങള്‍ക്കു സ്വായത്തമായാല്‍പ്പിന്നെ നിങ്ങളെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയുമില്ല. നന്മ തിന്മകളെന്ന വ്യത്യാസ ബോധം സ്വാര്‍ത്ഥതയില്‍നിന്നുണ്ടാകുന്നതാണ്. നിങ്ങള്‍ അനുവദിക്കാതെ, പ്രപഞ്ചത്തിലുള്ള യാതൊരു വസ്തുവിനും നിങ്ങളുടെ മേല്‍ പ്രവര്‍ത്തനശേഷിയില്ല – മനസ്സിലാക്കുവാന്‍ വളരെ പ്രയാസമുള്ള സംഗതിയാണെങ്കിലും കാലക്രമത്തില്‍ നിങ്ങള്‍ക്ക് ഇതു മനസ്സിലാകും. പറ്റിപ്പോയ മൂഢതകൊണ്ട് ആത്മാവി ന്റെ സ്വാതന്ത്ര്യം സ്വയം നഷ്ടപ്പെടുമ്പോളല്ലാതെ, അതിനെ ബാധിക്കാന്‍ യാതൊന്നിനും ശക്തിയില്ല.. അതിനാല്‍, ഈ നിസ്സംഗത്വംമുഖേന നിങ്ങള്‍ ചെയ്യുന്നത്, മറ്റേതു വസ്തുവിനും നിങ്ങളുടെ മേല്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയെ ജയിക്കുകയും നിഷേധിക്കുകയുമാണ്. നിങ്ങള്‍ അനുവദിക്കാതെ നിങ്ങളുടെ മേല്‍ പ്രവര്‍ത്തിക്കാന്‍ യാതൊന്നിനും അധികാരമില്ലെന്നു പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെ അനുവദിക്കാത്ത മനുഷ്യന്റെ ശരിയായ ലക്ഷണമെന്ത്? ബാഹ്യലോകത്തിന്റെ പ്രവര്‍ത്തനം ഹേതുവായി സുഖിയോ ദുഃഖിയോ ആകാത്ത അയാളുടെ ലക്ഷണമെന്ത്? സൗഭാഗ്യത്തിലോ ദൗര്‍ഭാഗ്യത്തിലോ അയാളുടെ മനസ്സിനു ഭാവഭേദമുണ്ടാകാത്തതും, ഏതവസ്ഥയിലും അയാള്‍ സമചിത്തത പാലിക്കുന്നതുമാകുന്നു ലക്ഷണം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 6. പേജ് 93-95]