ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 29 1936

ബുദ്ധിമതിയായ ഒരാഢ്യസ്ത്രീ ചോദിച്ചു: ജീവിതത്തില്‍ ആരും ആഗ്രഹിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും എനിക്കുണ്ടായിരുന്നിട്ടും മസ്സിനു ശാന്തി കിട്ടുന്നില്ല. മനസ്സിനൊരു സന്തോഷവും തോന്നുന്നില്ല.
മഹര്‍ഷി: ഭക്തിയാല്‍ നിങ്ങള്‍ക്ക് ശാന്തിയുണ്ടാവും.

ചോദ്യം:എങ്ങനെയെന്നുപദേശിക്കുമോ?
മഹര്‍ഷി: അതെ, ഭക്തിയില്‍കൂടിയുള്ള ആത്മാര്‍പ്പണത്താല്‍.

ചോദ്യം:ഒരു ഭക്തയായിരിക്കാന്‍ എനിക്കു പുണ്യമുണ്ടോ
മഹര്‍ഷി: ഭക്തി എല്ലാവര്‍ക്കും പൊതുവാണ്. അതാര്‍ക്കും നിഷേധിക്കപ്പെട്ടിട്ടില്ല.

ചോദ്യം:അതാണെനിക്കറിയേണ്ടത് ഞാന്‍ ചെറുപ്പമാണ്, ഗൃഹസ്ഥാശ്രമി എന്ന നിലയില്‍ പല നിര്‍ബന്ധബുദ്ധിയുള്ളവളുമാണ്. അതുകൊണ്ടാണങ്ങനെ പറഞ്ഞു പോയത്.
മഹര്‍ഷി: ശരി. ഞാനങ്ങനെ, ഞാനിങ്ങനെയെന്നെല്ലാം നിങ്ങള്‍ പറയുന്നല്ലോ. ആദ്യം നിങ്ങളാരാണ്‌? നീ ഈ ശരീരമല്ല.ശുദ്ധചൈതന്യമാണ്. ആ ശുദ്ധ അറിവായ തിരശ്ശീലയില്‍ തോന്നിമറിയുന്ന ചിത്രങ്ങളാണ് ശരീരവും ഗൃഹസ്ഥാശ്രമവും എല്ലാം. ഒരിക്കലും മാറാതെയിരിക്കുന്നതു നിങ്ങളുടെ ശുദ്ധ ബോധം മാത്രം. ഒന്നും അതിനെ ബാധിക്കുന്നില്ല. അപ്രകാരമുള്ള നിങ്ങളുടെ സ്ഥിതിയില്‍ യാതൊരു തടസ്സവും കൂടാതെയിരിക്കും

ചോദ്യം:ഭഗവാന്‍റെ ഉപദേശ രീതിയെപ്പറ്റി ഞാന്‍ ഇവിടെ വരുംമുമ്പേ അല്‍പ്പം കേട്ടിട്ടുണ്ട്. എങ്കിലും എന്‍റെ അവസ്ഥയില്‍ ഭഗവാന്‍ പറയുമ്പോലെയിരിക്കാന്‍ എനിക്കു കഴിവുണ്ടോ എന്നു സംശയിക്കുന്നു.
മഹര്‍ഷി: നിത്യസത്യമായ ആത്മാവാണ് നീ. നിനക്കന്യമൊന്നുമില്ല. ഒന്നിനും നിന്നെ വിട്ടു പിരിഞ്ഞിരിക്കാന്‍ സാധ്യമല്ല. ഈ അവസ്ഥയില്‍ ഒക്കുമോ, ഒക്കുകയില്ല. യോഗ്യതയുണ്ടോ എന്നൊന്നും ചോദിക്കാനിടമില്ല.

ചോദ്യം:എന്‍റെ സത്യാവസ്ഥയെ തുറന്ന് പറയാം എനിക്ക് സന്താനങ്ങള്‍ ഉണ്ട്. അതില്‍ ഒരു നല്ല മകന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയി. അതോടെ ജീവിതത്തോടു വെറുപ്പ്‌ തോന്നി. ഒരാത്മീയജീവിതം നയിക്കാനാഗ്രഹമുണ്ട്. ഗൃഹണി എന്ന നിലയില്‍ സാധിക്കുന്നുമില്ല.

മഹര്‍ഷി: വിരമിക്കുക എന്നു പറഞ്ഞാല്‍ അത്മസ്വരൂപത്തില്‍ ചേര്‍ന്നിരിക്കണമെന്നാണ്. വിട്ടിരിക്കണമെന്നു പറഞ്ഞ് ഒന്നിനെ വിട്ടിട്ട് മറ്റൊന്നില്‍ പെട്ടിരിക്കണമെന്നല്ല. സ്ഥൂലത്തെ വിട്ടിട്ട് സൂക്ഷമത്തെ വരിക്കണമെന്നുമല്ല. മകന്‍റെ ജനനമരണങ്ങള്‍ ആത്മാവില്‍ തോന്നി മറഞ്ഞവയാണ്. മകനോ ഈ ലോകം തന്നെയുമോ യഥാര്‍ത്ഥമാണെങ്കില്‍ അവ ഉറക്കത്തിലും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കേണ്ടേ? ഉറക്കത്തില്‍ നിങ്ങളുണ്ടെന്നതിനെ നിഷേധിക്കാനാവില്ല. തത്സമയം നിങ്ങള്‍ ആനന്ദവതിയായിരുന്നു എന്നതിനെയും നിഷേധിക്കാനാവില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആനന്ദമില്ലെന്നു പറയുന്നു. നിദ്രയിലെ ആനന്ദം ഇപ്പോള്‍ എവിടെപ്പോയി. ഇപ്പോള്‍ അഹന്തയുടെ ജനനമാണ്‌.അത് ജാഗ്രത്തിന്‍റെ പുതിയ സമ്പാദ്യമാണ്. അഹന്തയെക്കൊണ്ടല്ല. അതു ചത്താല്‍ അതിന്‍റെ ആവര്‍ത്തനം (പുനര്‍ജന്മം) ഉണ്ടാവുകയില്ല. അഹന്ത നശിച്ചാല്‍ പിന്നെ നിങ്ങള്‍ക്കു മരണമില്ല. ഈ മരണത്തിനു ശേഷവും ആത്മാവുണ്ടായിരിക്കും– അതാണാനന്ദം!

ചോദ്യം:ഇതെങ്ങനെ സാധിക്കാന്‍?
മഹര്‍ഷി: ഈ സംശയം തന്നെ ആര്‍ക്കെന്നു നോക്കൂ. ഈ സംസാരിക്കുന്നതും ചിന്തിക്കുന്നതും എല്ലാം അഹന്തയാണ്. അവന്‍റെ പീഠം ശുദ്ധബോധമാണ്. ഈ പീഠത്തില്‍ നിന്ന് അവനെ ഇറക്കിവിടൂ. മറ്റൊന്നുമേ ചെയ്യേണ്ട.

ചോദ്യം:ഇതസാദ്ധ്യമാണെന്നു തോന്നുന്നു. ഭക്തി മാര്‍ഗത്തില്‍ക്കൂടിയാകാമോ?
മഹര്‍ഷി: അതവരവരുടെ പരിപാകതയൊത്തിരിക്കും. ഭക്തിയും ജ്ഞാനവും ഒന്ന് തന്നെ

ചോദ്യം:ഞാനുദേശിക്കുന്നതു ധ്യാനമാണ്.
മഹര്‍ഷി: അതെ. ഒരു രൂപത്തെ ആസ്പദമാക്കിയുള്ളത്. അതു മറ്റു വിചാരങ്ങളെ അകറ്റും. ഈശ്വരനെ ധ്യാനിച്ചാല്‍ മറ്റു വിചാരങ്ങളെല്ലാമകന്ന്‍ ഏകാഗ്രത സിദ്ധിക്കും. സ്വസ്വരൂപം തെളിയും. എല്ലാ മാര്‍ഗങ്ങളും ഒരേ സ്ഥാനത്തേക്കുതന്നെ.

ചോദ്യം:ഈശ്വരനെ ധ്യാനിച്ചാല്‍ അദ്ദേഹത്തെ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുമല്ലോ.
മഹര്‍ഷി: കാണാം.ഏതു കാഴ്ച്ചയും മനസ്സിലല്ലേ കാണുന്നുള്ളൂ. എന്നാലും ഒന്നിനെ കാണുന്ന എന്ന് വരുമ്പോള്‍ കാണുന്നവന്‍, കാണപ്പെടുന്നതു എന്ന ദ്വൈതം ഏര്‍പ്പെടും. ഈശ്വരദര്‍ശനം ധ്യാനിക്കുന്നവനെ അപേക്ഷിച്ചുള്ളതാണ്. അതു പൂര്‍ണമല്ല. എന്നാലും ഏകാഗ്രത വന്നവന് സുലഭമായ ചിന്താമാര്‍ഗ്ഗത്തില്‍കൂടി അദ്വൈതബോധം ഉദയമായിക്കൊള്ളും.