ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 1, 1936

മി: എഫ്. ജി. പീയെഴ്സ് (പ്രിന്‍സിപ്പാല്‍, സിന്ധിയാസ്ക്കൂള്‍, ഗ്വാളിയാര്‍) മഹര്‍ഷിയുടെ സദ്‌വിദ്യ പുസ്തകത്തിന്‍റെ അനുബന്ധം 27- ശ്ലോകം — സാരമെന്തെന്നു ചോദിച്ചു.
മഹര്‍ഷി: പഠിച്ചിട്ടും അഹന്ത നശിക്കാത്ത പണ്ഡിതനെക്കാള്‍ പാമരന്‍ വളരെഭേദം. ഇപ്പറഞ്ഞത്‌ വിദ്യയെ അധിക്ഷേപിക്കാനല്ല. വിദ്യയുടെ ഫലമായ അഹന്ത നാശത്തെയും ലക്ഷ്യമായ ആത്മജ്ഞാനത്തെയും വിളയിച്ചില്ലെങ്കില്‍ എന്തിനതിനെ നേടണം. നേടുന്നവര്‍ കൂടുതല്‍ അഹങ്കാരിയായിത്തീരുമെങ്കില്‍ അതിനെക്കാളും പാമരന്‍ ഭേദമല്ലേ? ഇതാണ് സാരം.( തന്‍റെ ശരീരം ആശ്രമത്തില്‍ നിന്നും നാട്ടില്‍ മടങ്ങിപ്പോയതിനുശേഷവും ഭഗവാന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചുകൊണ്ടിരക്കണമെന്ന് ഈ ജിജ്ഞാസുതന്നെ ഭാഗവാനോടഭ്യര്‍തഥിക്കുകയും ഭഗവാന്‍ പുഞ്ചിരിതൂവുകയും ചെയ്തു)

മി: ഡങ്കന്‍ ഗ്രീന്‍ലീസ് എന്ന ഭക്തന്‍ താഴെക്കാണുന്ന അര്‍ഥം വരുന്ന ഭാഗവത വരികള്‍ ഉദ്ധരിച്ചു
1. ആകാശത്തെ എന്ന പോലെ ആത്മാവിനെ എല്ലാത്തിനും ഉള്ളിലും പുറത്തും കാണുക.
ചണഡാളനെയും പശുവിനെയും കഴുതയെയും ഏതിനെയും സങ്കോചം കൂടാതെ നമസ്കരിക്കുക.
2 സര്‍വ്വത്തിലുള്ള ഞാനായ സ്വരൂപത്തെ കാണാതിരുന്നാല്‍ എല്ലാത്തിനെയും ദേഹം കൊണ്ടും മനസ്സുകൊണ്ടും നമസ്സകരിക്കുക.
3:ശുദ്ധജ്ഞാനത്താല്‍ എല്ലാം ബ്രഹ്മമായി കാണുക. അങ്ങനെ ചെയ്‌താല്‍ നിന്‍റെ സംശയങ്ങളെല്ലാമൊഴിയും. നീ സ്വരൂപാകാരാമായിരിക്കും.

ചോ : അദ്വൈതമാര്‍ഗ്ഗം ഇതാണോ? തനാരാണെന്ന അതീത ഗവേഷണത്തെക്കാളും ഇതെളുപ്പമല്ലയോ?
മഹര്‍ഷി: അതെ. നിങ്ങള്‍ എല്ലാത്തിലും ഈശ്വരനെക്കാണുമ്പോള്‍ നിങ്ങള്‍ ഈശ്വരനെ ഭാവിക്കുന്നുണ്ടോ അതോ ഭാവിക്കാതിരിക്കുന്നോ? നിങ്ങള്‍ ഭാവിക്കും. മനസ്സില്‍ ഈശ്വരനെ ഭാവിക്കുന്നതു ധ്യാനമാണ്. സാക്ഷാല്‍ക്കരിക്കുന്നതാത്മാവിലാണ്. നിങ്ങള്‍ ധ്യനിക്കുന്നതാത്മാവിനെയോ ഈശ്വരനേയോ എന്നതു പ്രശ്നമല്ല. ലക്‌ഷ്യം ഒന്ന് തന്നെ.
പക്ഷേ നിങ്ങള്‍ക്കാത്മാവിനെ വിട്ടിരിക്കാന്‍ സാധ്യമല്ല. എല്ലാത്തിലും ഈശ്വരനെയാണ് കാണേണ്ടതെങ്കില്‍ ആ ഈശ്വരന്‍ നിങ്ങളുടെ അത്മാവിലല്ലേ? എല്ലാം ഈശ്വരനാണെങ്കില്‍ എല്ലാം എന്നതില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലേ? ഇതഭ്യസിക്കാന്‍ പോലും ഒരു ഭ്രഷ്ടാവും ചിന്തകനും ഉണ്ടായിരക്കണം. അതാരാണ്.

ചോദ്യം:കാവ്യം, സംഗീതം,ജപം, ഭജന, പ്രകൃതിവിലാസങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരുടെ ജീവചരിത്രപാരായണം എന്നിവയാല്‍ ഒരാളിന് അഖണഡബോധത്തിന്‍റെ അനുഭവമുണ്ടാകും. ഈ ആനന്ദാനുഭൂതിയാണോ ഭഗവാന്‍ പറയുന്ന മനസ്സു കവരുന്ന അത്മാനുഭൂതി.
മഹര്‍ഷി: പ്രകൃതിദര്‍ശനങ്ങളാലും മറ്റും ആനന്ദം ഉണ്ടാകും.ഈ ആനന്ദം നമ്മുക്കു ജന്മസിദ്ധമാണ്. ആനന്ദാവസരങ്ങളിലെല്ലാം നിങ്ങള്‍ നിങ്ങളുടെ ആത്മാനന്ദ സ്വരൂപത്തിലോട്ടു കുതിച്ചു നീങ്ങുകയായിരിക്കും. പക്ഷെ ഈ ആനന്ദത്തെ നിങ്ങള്‍ ബാഹ്യവിഷയങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നെ ഉളളൂ. സത്യത്തില്‍ വിഷയാദികള്‍ നമ്മില്‍ സ്ഥിതമാണെന്നിരുന്നാലും മേല്പറഞ്ഞ ആനന്ദം നാം നമ്മെ മറന്നനുഭവിക്കുകയാണ്. അങ്ങനെ അല്ലാതെ ആനന്ദം നമ്മുടെ സാക്ഷാല്‍ സ്വരൂപമാണെന്നു ബോധപൂര്‍വം അനുഭവിച്ചാല്‍ അതു സാക്ഷാല്‍ക്കാരമായി ബോധപൂര്‍വ്വം നാം നമ്മുടെ ആത്മാവിന്‍റെ അടുത്തോട്ടു ചെല്ലാം.