ഭൂത, ഭാവികളെപ്പറ്റിയുള്ള അന്വഷണങ്ങളെല്ലാം വൃഥാ കാലക്ഷേപം മാത്രം (271)
ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 1, 1936
ആത്മാവ് എപ്പോഴും സാക്ഷാല്‍ക്കാരത്തില്‍ തന്നെയാണിരിക്കുന്നതെങ്കില്‍ നാം ചുമ്മാതിരുന്നാല്‍ മതിയല്ലോ?
മഹര്‍ഷി: മറ്റൊന്നിലും വ്യാപരിക്കാതിരുന്നാല്‍ നല്ലതാണ്. വ്യാപരിച്ചാല്‍ നിങ്ങള്‍ സ്വന്തം സാക്ഷാല്‍ക്കാരത്തെ ഹനിക്കുകയായിരിക്കും. അഥവാ ഇന്ദ്രിയകരണാദികള്‍ എക്കാരണത്താലെങ്കിലും വ്യാപരിക്കുന്ന പക്ഷം അത് അത്മസാക്ഷാല്‍ക്കാരയത്നങ്ങളെ അവഗണിച്ചു കൊണ്ടായിരിക്കരുത്. മറ്റെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ ആത്മാന്വഷണം കൂടി നടത്തിക്കൂടെന്നുണ്ടോ?
ചോദ്യം:’ഞാനാര്’ എന്നതാണ് ഭഗവാന്‍റെ മുഖ്യോപദേശം. ഈ അന്വഷണം എങ്ങനെ നടത്താന്‍?
മഹര്‍ഷി: ‘ഞാന്‍” എന്ന തോന്നല്‍ എവിടെ നിന്നും ഉദിക്കുന്നുവോ അവിടെ വേണം താന്‍ തന്നെ അന്വേഷിക്കേണ്ടത്
ഡിണ്ടിഗല്‍ നിന്നും വന്ന ഒരു ഭക്തന്‍ ചോദിച്ചു : ഭഗവാന്‍റെ തപോശക്തിയാണ് ഞങ്ങള്‍ക്കു വലിയ അനുഗ്രഹം. ഞങ്ങള്‍ക്കനായാസം ലക്ഷ്യത്തിലോട്ടു നീങ്ങാന്‍ അത് സഹായകമാവുമെന്നു വിശ്വസിക്കുന്നു. ബ്രഹ്മജ്ഞാനാര്‍ത്ഥം ഭഗവാന്‍ ചെയ്ത ഘോരതപസ്സു ഞങ്ങളുടെ കാര്യത്തില്‍, ഭഗവദനുഗ്രഹമുണ്ടെങ്കില്‍, ഒഴിവായിക്കിട്ടുകയില്ലേ?
മഹര്‍ഷി: നിങ്ങളുടെ വിശ്വാസം ശരിയായിരിക്കാമെന്നിരുന്നാലും നിങ്ങളുടെ സ്വന്തം ശ്രമത്തിനു വീഴ്ച്ച വരുത്താന്‍ പാടില്ല. തീവ്രയത്നമുള്ളവര്‍ക്കേ ഗുരുവരുള്‍ സുലഭമായിരിക്കൂ.
പൂര്‍വ്വജന്മം, പുനര്‍ജന്മം, ഭൂതകാലം, ഭാവികാലം തുടങ്ങിയവയെ സൂക്ഷമായിട്ടറിയാന്‍ പലരും പാടുപെടുന്നു. ഇപ്പോഴുള്ള അനര്‍ത്ഥങ്ങളൊന്നും പോരെന്നുണ്ടോ? മേലും ഇപ്പോഴും നാമേതിനെയാണ് വ്യവഹരിക്കുന്നതെന്നു ചുഴിഞ്ഞു നോക്കിയാല്‍ എപ്പോഴും ഉള്ള ഏക സത്യത്തെയാണെന്നെത്തിപ്പെടും. മറ്റെല്ലാം സങ്കല്‍പങ്ങളാണെന്നു ബോദ്ധ്യമാവും. ഭൂത, ഭാവികളെപ്പറ്റിയുള്ള അന്വഷണങ്ങളെല്ലാം വൃഥാ കാലക്ഷേപം മാത്രം.
ചോദ്യം:(ദുര്‍ബലജ്ഞാനമുള്ള) മന്ദാധികാരിക്ക് കേവല നിര്‍വ്വികല്പം അലഭ്യമാണോ?
മഹര്‍ഷി: കേവല നിര്‍വ്വികല്പ പദവി (വിഷയങ്ങളില്‍ നിന്നും നിവൃത്തിക്കപ്പെട്ട) “തനുമാനസി” അവസ്ഥയിലും സംഭവിക്കുന്നു.
ചോദ്യം:ജീവന്‍മുക്തന്‍റെ അവസ്ഥയെന്ത്?
മഹര്‍ഷി: സാക്ഷാല്ക്കരിച്ചേ മതിയാവൂ എന്നു ദൃഢനിശ്ചയം ചെയ്യുന്ന അവസ്ഥയാണ് സത്വാപത്തി. ജീവന്മുക്തന്‍ ഇതില്‍പെടുന്നു. ബ്രഹ്മവിത്ത്, വരന്‍, വര്യാന്‍ എന്നിവരും ജീവന്മുക്തരാണ്. ഇവര് (സ്വസ്വരൂപത്തെ ഏതാണ്ടറിഞ്ഞ) അസംസക്തിയിലും (ബാഹ്യബോധ മറ്റ് സ്വസ്വരൂപത്തിലാണ്ടിരിക്കുന്നു) പദാര്‍ത്ഥ ഭാവന അവസ്ഥയിലും ഇരിക്കുന്നവരാണ്. ഇവയെല്ലാം പ്രാരബ്ധകാല വിശേഷങ്ങളാണ്. പ്രാരബ്ധം കൂടിയാല്‍ ജ്ഞാനി ദുര്‍ബലനായിരിക്കും. സമാധിയില്‍എല്ലാവരും ഒന്നുപോലിരിക്കും. തരംതിരിപ്പുകള്‍ കാണുന്നവരുടെ വീക്ഷണങ്ങള്‍ക്കൊപ്പിച്ചിരിക്കും
ജ്ഞാനഭൂമികള്‍ ഏഴാണ്
1. ശുഭേച്ഛ =ലോകവിരക്തിയോടുകൂടി സ്വരൂപത്തെ അറിയാനാഗ്രഹം ജനിക്കുന്നു’
2. വിചാരണ = സദ്‌ഗുരു ശ്രവണവും മനനവും
3. തനുമാനസി =ഇന്ദ്രിയാര്‍ത്ഥ വിഷയങ്ങളില്‍ നിരാശ
4. സത്വാപത്തി = സ്വരൂപസാക്ഷാല്ക്കാരത്തിനുള്ള ദൃഡനിശ്ചയം
5. അസംസക്തി = സ്വരൂപത്തെ ഏതാണ്ടറിയുന്നു
6. പദാര്‍ത്ഥഭാവന= ബഹ്യബോധമറ്റ് അത്മാരാമനായിരിക്കുന്നു.
7 തുര്യഗ =ഭേദാഭേദങ്ങളറ്റ അവസ്ഥ സ്വഭാവമായിത്തീര്‍ന്നത്.
ഒടുവിലത്തെ നാലും പ്രാപിച്ചവരെ ക്രമപ്രകാരം ബ്രഹ്മവിത്ത്, ബ്രഹ്മവിദ് വരന്‍, ബ്രഹ്മവിദ് വര്യാന്‍, ബ്രഹ്മവിദ് വരിഷ്ഠന്‍ എന്നും പറയുന്നു.