സ്വാമി വിവേകാനന്ദന്‍

കര്‍മ്മയോഗം എന്താണ് പറയുന്നത്? ‘നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തോടുള്ള ആസക്തി നിശ്ശേഷം വെടിയുക.’ ഒന്നിനോടും താദാത്മ്യപ്പെടരുത്. മനസ്സിനെ സ്വതന്ത്രമാക്കി നിര്‍ത്തുക. ഈ കാണുന്ന സമസ്തവും, ഈ ദുഃഖങ്ങളും കഷ്ടപ്പാടുകളും, ഈ ലോകവുമായി അവശ്യം ചേര്‍ന്നിരിക്കുന്ന അവസ്ഥകള്‍ മാത്രമാണ്. ദാരിദ്ര്യവും ധനവും സുഖവുമെല്ലാം ക്ഷണികങ്ങള്‍; അവ നമ്മുടെ സത്യസ്വരൂപത്തില്‍ ചേര്‍ന്നവയല്ലതന്നെ. നമ്മുടെ സ്വരൂപം സുഖദുഃഖങ്ങള്‍ക്കെല്ലാം ബഹുദൂരം അപ്പുറം, ഇന്ദ്രിയഗോചരങ്ങളായ എല്ലാത്തിനും അപ്പുറം, സങ്കല്പശക്തിക്കുപോലും അപ്പുറം, വര്‍ത്തിക്കുന്നു; എന്നിരുന്നാലും നാം സദാ കര്‍മ്മം ചെയ്യേണ്ടിയിരിക്കുന്നു. ‘ദുഃഖത്തെ ജനിപ്പിക്കുന്നത് ആസക്തിയാണ്; കര്‍മ്മമല്ല.’ ചെയ്യുന്ന കര്‍മ്മത്തില്‍ എപ്പോള്‍ നാം അഭിമാനിക്കുന്നുവോ അപ്പോള്‍ നമുക്കു ദുഃഖമുണ്ടാകുന്നു. ആ അഭിമാനം നമ്മിലുദിക്കാത്തപക്ഷം ദുഃഖം ഉണ്ടാകുന്നതല്ല. അന്യന്റെ വക ഒരു ഭംഗിയുള്ള ചിത്രം കത്തിപ്പോയാല്‍ അതിനെക്കുറിച്ച് ആരും സാധാരണയായി സങ്കടപ്പെടാറില്ല. എന്നാല്‍, സ്വന്തം ചിത്രമാണ് കത്തിയതെങ്കില്‍ അയാള്‍ക്ക് എത്ര സങ്കടമുണ്ടായിരിക്കും! എന്തുകൊണ്ട്? രണ്ടും ഭംഗിയുള്ള ചിത്രങ്ങളായിരുന്നു, ഒരുപക്ഷേ ഒരേ ചിത്രത്തിന്റെ പ്രതികളായിരുന്നെന്നും വരാം; എങ്കിലും ഒന്നിന്റെ കാര്യത്തില്‍ മറ്റേതിനേക്കാള്‍ എത്രയോ കൂടുതല്‍ ദുഃഖം അനുഭവപ്പെടുന്നു. ഒന്നില്‍ അയാള്‍ക്കഭിമാനമുണ്ട്, മറ്റേതിലില്ല. ഇതാണ് ഈ വ്യത്യാസത്തിനു കാരണം.

‘ഞാന്‍’ എന്നും ‘എന്റേത്’ എന്നുമുള്ള ഭാവനകളത്രേ സര്‍വ്വദുഃഖങ്ങള്‍ക്കും നിദാനം. മമതയോടൊപ്പം സ്വാര്‍ത്ഥം ആവിര്‍ഭവിക്കുന്നു. സ്വാര്‍ത്ഥം ദുഃഖത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥമായ ഓരോ പ്രവൃത്തിയും ഓരോ വിചാരവും നമ്മെ എന്തെങ്കിലുമൊന്നിനോടു ബന്ധിക്കുന്നു; അതോടെ നാം അടിമകളാകയും ചെയ്യുന്നു. ‘ഞാന്‍’, ‘എന്റേത്’ എന്ന് എത്രത്തോളം ആവര്‍ത്തിക്കുന്നുവോ അത്രയ്ക്കു നമ്മുടെ അടിമത്തം വര്‍ദ്ധിക്കുന്നു, അത്രയ്ക്കും ദുഃഖവും വളരുന്നു. അതിനാല്‍ കര്‍മ്മയോഗം, ലോകത്തിലുള്ള സകല ചിത്രങ്ങളുടേയും സൗന്ദര്യംകണ്ട് ആനന്ദിക്കാന്‍ നമുക്ക് അനുമതി നല്കുന്നു; എന്നാല്‍, അവയിലൊന്നിനോടും സാത്മ്യം പ്രാപിക്കരുതെന്ന് നമ്മെ ശാസിക്കുകയും ചെയ്യുന്നു. ഒരിക്കലും ‘എന്റെ’ എന്നു പറയാതിരിക്കുക. ഒരു വസ്തു ‘എന്റേത്’ എന്നെപ്പോള്‍ പറയുന്നുവോ അപ്പോള്‍ത്തന്നെ ദുഃഖവും ഉണ്ടാകുന്നു. ‘എന്റെ കുഞ്ഞ്’ എന്ന് മനസ്സില്‍പ്പോലും പറയരുത്. കുഞ്ഞിനെ വെച്ചുകൊള്‍ക, എന്നാല്‍ ‘എന്റേത്’ എന്നു പറയരുത്; അങ്ങനെ ചെയ്താല്‍ ദുഃഖം അതിന്റെ പിന്നാലെയുണ്ട്. അതുപോലെ, ‘എന്റെ വീട്’ എന്നോ ‘എന്റെ ശരീരം’ എന്നോ പറയരുത്; ഇതിലാണ് ദുര്‍ഘടം മുഴുവന്‍. ശരീരം നിങ്ങളുടെയോ, എന്റെയോ മറ്റാരുടെയെങ്കിലുമോ അല്ല. പ്രകൃതിനിയമമനുസരിച്ച് ഈ ശരീരങ്ങള്‍ വന്നുംപോയുമിരിക്കുന്നു. നമ്മളാകട്ടെ സ്വതന്ത്രരാകുന്നു, കേവലം സാക്ഷികളായി നിലകൊള്ളുന്നു. ഈ ശരീരം ഒരു ഭിത്തിയെക്കാളോ, ഒരു ചിത്രത്തെക്കാളോ ഒട്ടും കൂടുതല്‍ സ്വതന്ത്രമല്ല. നാം ഒരു ശരീരത്തോട് ഇത്ര ആസക്തരാകേണ്ട കാര്യമെന്ത്! ഒരാള്‍ ഒരു ചിത്രം എഴുതുന്നുവെങ്കില്‍ അയാള്‍ അതു ചെയ്തിട്ടു കടന്നു പോകുന്നു. ‘അതെനിക്കു വേണം’ എന്ന് സ്വാര്‍ത്ഥഹസ്തം നീട്ടരുത്; അതു നീട്ടിയാലുടനെ ദുഃഖം ആരംഭിക്കുകയായി.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 7. പേജ് 107-108]