കര്‍മ്മയോഗം ഇങ്ങനെ ഉപദേശിക്കുന്നു. ഒന്നാമത് ഈ സ്വാര്‍ത്ഥഹസ്തം നീട്ടുവാനുള്ള വാസന നശിപ്പിക്കുക. അതു നിയന്ത്രിക്കുവാന്‍ വേണ്ടത്ര ശക്തി നിങ്ങള്‍ക്കുണ്ടാകുമ്പോള്‍ അതിനെ പാട്ടില്‍നിറുത്തുക; മേലാല്‍ സ്വാര്‍ത്ഥപരമായ ചിന്താഗതികളിലേയ്ക്കു മനസ്സിനെ വിടാതെ സൂക്ഷിക്കുകയും ചെയ്യുക. പിന്നീട്, ലോകരംഗത്തേയ്ക്കിറങ്ങി ആവുന്നത്ര കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊള്ളുക; ആരുമായും ഇടകലരാം; എവിടേയും ഇഷ്ടംപോലെ പോകാം! തിന്മ നിങ്ങളെ തീണ്ടുകയില്ല. താമര വെള്ളത്തിലാണ് കിടക്കുന്നത്; താമരയിലയില്‍ വെള്ളം പറ്റിപ്പിടിക്കുന്നില്ല. ലോകത്തില്‍ നിങ്ങളുടെ സ്ഥിതിയും അതുപോലെയായിരിക്കും. ഇതിനെയാണ് വൈരാഗ്യം, അനാസക്തി എന്നു പറയുന്നത്. അനാസക്തി കൂടാതെ ഒരു യോഗവും പ്രായോഗികമല്ലെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. അനാസക്തിയാണ് എല്ലാ യോഗങ്ങള്‍ക്കും അധിഷ്ഠാനം.
ഒരുവന്‍ ഗൃഹസ്ഥജീവിതവും വസ്ത്രാലങ്കാരവും മൃഷ്ടാന്നഭോജനവും കൈവെടിഞ്ഞ് വിജനസ്ഥലത്തു പോയിരുന്നാലും, വളരെ ആസക്തിയുള്ളവനായിക്കൂടെന്നില്ല. അയാളുടെ ശരീരം മാത്രമായിരിക്കാം ഒടുവില്‍ സ്വന്തമായി ശേഷിച്ചിട്ടുള്ളത്; അത് അയാളുടെ സര്‍വ്വസ്വവുമായി എന്നു വരാം. ശരീരത്തിനുവേണ്ടിയുള്ള വെറും പാടുപെടല്‍ മാത്രമായിരിക്കും അയാളുടെ ജീവിതം. സ്ഥൂലശരീരത്തെ സംബന്ധിച്ച് നാം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ആയ ഏതെങ്കിലും കാര്യത്തിലല്ല അനാസക്തി അടങ്ങിയിരിക്കുന്നത്; നമ്മുടെ മനസ്സിലാണ്. നമ്മെ ബന്ധിക്കുന്ന ‘ഞാന്‍’, ‘എന്റെ’ എന്നുള്ള കണ്ണികള്‍ മനസ്സിലാണ്. ശരീരത്തോടോ ഇന്ദ്രിയാര്‍ത്ഥങ്ങളോടോ ഈ കണ്ണികള്‍ മുഖേനയുള്ള കൊളുത്തില്ലെങ്കില്‍ നാം എവിടെയിരുന്നാലും ഏതു നിലയിലിരുന്നാലും അനാസക്തരായിരിക്കും. ഒരുവന്‍ സിംഹാസനത്തിലിരുന്നിട്ടും തികച്ചും നിസ്സംഗനായിരിക്കാം. മറ്റൊരു വന്‍ കീറത്തുണിയുടുത്തു നടന്നിട്ടും വളരെ ആസക്തനാണെന്നും വരാം. ആദ്യമേ ഈ നിസ്സംഗത്വം പ്രാപിച്ചിട്ട് നിരന്തരം കര്‍മ്മത്തിലേര്‍പ്പെടുക. എല്ലാ ആസക്തിയും വെടിയുക വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ഉപായം കര്‍മ്മയോഗം നമുക്കു കാണിച്ചുതരുന്നു.
സര്‍വ്വസംഗപരിത്യാഗത്തിന്റെ രണ്ടു വഴികളാണിവ. ഒന്ന്, ഈശ്വരനിലോ ബാഹ്യമായ വല്ല സഹായത്തിലോ വിശ്വസിക്കാത്തവര്‍ക്കുള്ളതാകുന്നു. അവര്‍ സ്വന്തം ഉപായങ്ങളെത്തന്നെ അവലംബിക്കേണ്ടിയിരിക്കുന്നു. അവര്‍, ‘എനിക്കു നിസ്സംഗനാകണം’ എന്ന് സ്വയം പറഞ്ഞുകൊണ്ട് മനഃശക്തികളും വിവേകവും ഉപയോഗിച്ച് സ്വന്തം ഇച്ഛാശക്തിയെ പ്രയോഗിച്ചാല്‍ മതി. ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ തുലോം പ്രയാസം കുറഞ്ഞ ഒരു വഴിയുണ്ട്. അവര്‍ തങ്ങളുടെ കര്‍മ്മഫലങ്ങള്‍ ഈശ്വരന്നര്‍പ്പിക്കുന്നു. അവര്‍ കര്‍മ്മം ചെയ്യുന്നു; പക്ഷേ, ഒരിക്കലും ഫലാസക്തരാകുന്നില്ല. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഭഗവാനുവേണ്ടിയാണ്. നാം ചെയ്യുന്ന സത്പ്രവൃത്തിക്ക് എന്തെങ്കിലും പ്രശംസയോ പ്രയോജനമോ അവകാശപ്പെടാതിരിക്കുക. പ്രശംസയ്ക്ക് അര്‍ഹന്‍ ഈശ്വരന്‍മാത്രം; ഫലം അവന്നായി വിട്ടേക്കുക. യജമാനനായ ഈശ്വരന്റെ ആജ്ഞാകാരികളായ ഭൃത്യന്മാര്‍ മാത്രമാണ് നാമെന്നും, പ്രവര്‍ത്തനത്തിനുള്ള ഓരോ പ്രചോദനവും നിമിഷംപ്രതി ഭഗവാനില്‍നിന്നുണ്ടാകുന്നതാണെന്നും വിചാരിച്ച് അഭിമാനം വിട്ടുനില്ക്കുക. നിങ്ങള്‍ ആരാധിക്കുന്നതും, നിങ്ങള്‍ കാണുന്നതും, നിങ്ങള്‍ ചെയ്യുന്നതും എല്ലാം ഈശ്വരനു സമര്‍പ്പിച്ചിട്ട്, സ്വസ്ഥരായിരിക്കുക. ശരീരവും മനസ്സും ഉള്‍പ്പെടെ സര്‍വ്വസ്വവും എന്നെന്നേയ്ക്കുമായി ഈശ്വരാര്‍ത്ഥം ത്യജിച്ചിട്ടു ശാന്തിപരരായി സമാഹിതചിത്തരായിരിക്കുക.
അഗ്‌നിയില്‍ ഹവിസ്സ് ആഹുതി ചെയ്യുക എന്ന ഈ മഹായജ്ഞം രാപ്പകല്‍ നടത്തിക്കൊണ്ടിരിക്കുക. ‘ഈ ലോകത്ത് ധനം അന്വേഷിച്ചു നടന്ന് ഞാന്‍ കണ്ടെത്തിയ ധനം അങ്ങുമാത്രമാണ്; ഞാന്‍ എന്നെ അങ്ങേയ്ക്കു ബലിയര്‍പ്പിക്കുന്നു. ഈ ലോകത്തു സ്നേഹിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ചുനടന്ന് ഞാന്‍ കണ്ടെത്തിയ ഏക പ്രേമഭാജനം അങ്ങുമാത്രമാണ്; ഞാന്‍ എന്നെ അങ്ങേയ്ക്കു ബലിയര്‍പ്പിക്കുന്നു.’ ഇതു നമുക്ക് അഹോരാത്രം ഉരുവിടാം. എന്നിട്ടിങ്ങനെ പറയാം; ‘എനിക്കൊന്നും വേണ്ട, കാര്യം നല്ലതോ ചീത്തയോ രണ്ടുമല്ലാത്തതോ ആയിക്കൊള്ളട്ടെ; ഞാന്‍ കൂട്ടാക്കുന്നില്ല. എല്ലാം ഞാന്‍ അങ്ങയ്ക്കു ബലിയര്‍പ്പിക്കുന്നു.’ ഇങ്ങനെ അഹോരാത്രം നമ്മുടെ അഹങ്കാരത്തെ യജിച്ചുകൊണ്ടിരിക്കുക; അതു നമ്മുടെ ഉറച്ച ശീലമായി പരിണമിക്കുന്നതുവരെ, നമ്മുടെ രക്തത്തിലും സിരകളിലും മസ്തിഷ്‌കത്തിലും പ്രവേശിച്ചു ശരീരമാകെ ഓരോ നിമിഷവും അഭിമാനനിര്‍മ്മാര്‍ജ്ജനമെന്ന ഈ ആശയത്തെ അനുസരിക്കാറാകുന്നതുവരെ, അഭ്യാസം തുടരുക. അതിനുശേഷം, പീരങ്കിഗര്‍ജ്ജനവും യുദ്ധകോലാഹലവും മുഴങ്ങുന്ന അടര്‍ക്കളത്തി ന്റെ നടുവിലേയ്ക്കു പൊയ്‌ക്കൊള്ളുക; അവിടെയും നിങ്ങള്‍ക്കു സ്വാതന്ത്ര്യവും മനഃശാന്തിയും അനുഭവപ്പെടും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 7. പേജ് 109-110]