ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍21, 1936
മുമ്പു വന്നിരുന്ന ഒരാഢ്യസ്ത്രീ വീണ്ടും വന്നു. താന്‍ മുമ്പു വീട്ടുവിചാരത്താല്‍ ധൃതിപിടിച്ചു പോയതു തെറ്റായിപ്പോയെന്നു പിന്നീടു തോന്നി എന്നും ഭഗവല്‍ക്കാരുണത്തിനു വീണ്ടും വന്നതാണെന്നും പറഞ്ഞു.
ഹാളിലാരുമുണ്ടായിരുന്നില്ല. ആ സ്ത്രീ ഒരു പരുപരുത്ത വിരിപ്പില്‍ ഭഗവാനെതിരെ ഇരുന്നു.
മഹര്‍ഷി: മൗനമാണ് നിത്യസംസാരം. മറ്റു സംസാരങ്ങള്‍ ഈ ആത്മവിനയത്തെ തടസ്സപ്പെടുത്തും
ഭഗവാന്‍ സോഫയില്‍ ചാഞ്ഞിരുന്നു. ആ സ്ത്രീയുടെ നേര്‍ക്ക് കണ്ണുറപ്പിച്ച് പുഞ്ചിരിച്ചുകൊണ്ടു മിണ്ടാതിരുന്നു. സ്ത്രീയും മൗനത്തില്‍ ഇരുപേരും ഒരു മണിക്കൂറോളം മൗനത്തിലാണ്ടു. സ്ത്രീ മൗനം ഭഞജിച്ചുകൊണ്ട്.
ചോദ്യം: എനിക്കു ഭക്തിയുണ്ടായാല്‍ മതി. സാക്ഷാല്‍ക്കാരവും കാര്യമല്ല. തീവ്രഭക്തിയുണ്ടായാല്‍ മതിയാവും.
മഹര്‍ഷി: ഭക്തിയില്‍ തീവ്രത വന്നാല്‍ സക്ഷാല്‍ക്കാരം കൂടെയുണ്ട്. അതിന്‍റെ പടിവാതില്‍ ശുഭേച്ഛയാണ്.
ചോദ്യം: ഇരിക്കട്ടെ. ഞാനിവിടെനിന്നു പോയാലും എപ്പോഴും ഭക്തിയെ വിടാതിരിക്കാന്‍ ഭഗവാന്‍ അനുഗ്രഹിച്ചാല്‍ മതി. മുമ്പു വന്നപ്പോള്‍ പല ചോദ്യങ്ങളും ചോദിച്ചു. മറുപടികളൊന്നും എനീക്കു മനസിലായില്ല. അതു കൊണ്ടിപ്പോള്‍ ചോദ്യങ്ങളാവര്‍ത്തിക്കുന്നില്ല. ഭഗവല്‍കൃപയുണ്ടായാല്‍ മതി.
മഹര്‍ഷി: നിങ്ങള്‍ വീണ്ടും വന്നതെങ്ങനെ? അതു ഭഗവല്‍ക്കാരുണ്യത്തിന്‍റെ തെളിവല്ലേ. ഒരു വലിയ ശക്തി നിങ്ങളെ നയിക്കുന്നുണ്ട്.
ചോദ്യം: അതെനിക്കറിയാന്‍ പാടില്ല. ആ ശക്തിയെപ്പറ്റി പറയുമോ?
മഹര്‍ഷി: അതിനറിയാം എന്തു ചെയ്യണമെന്ന്. വേണ്ടതു ചെയ്തു കൊള്ളും. വിശ്വസിച്ചാല്‍ മതി.
മുസ്ലിം പ്രൊഫസ്സര്‍ : ആശയെ ത്യജിക്കണമെന്നു പറയുന്നുണ്ട്. ദേഹത്തിന്‍റെ ആവശ്യമിരിക്കുന്നല്ലോ. എന്തു ചെയ്യാന്‍?
മഹര്‍ഷി: ഒരു ജിജ്ഞാസുവിനു മൂന്നു യോഗ്യതകള്‍ വേണം. ഇച്ഛ, ഭക്തി, ശ്രദ്ധ. ഇചഛ: ശാരീരികാഗ്രഹങ്ങളില്‍ തൃപ്തിവരുക എന്നാലേ ധ്യാനം അഭിവൃദ്ധിപ്പെടുകയുള്ളൂ. ഭക്തിയും ശ്രദ്ധയുമെന്താണെന്നറിയാമല്ലോ.
ചോദ്യം: രണ്ടുതരം ആശയമുണ്ട് മഹത്തും നീചവും. മഹത്തായ ആശമൂലം നീചമായ ആശയെ മാറ്റണം അല്ലേ?
മഹര്‍ഷി: അതെ
ചോദ്യം: ശാരീരകാവശ്യങ്ങളിലുള്ള തൃപ്തിയെപ്പറ്റി പറഞ്ഞല്ലോ. ഞാന്‍ ധാരാളം ആഹാരം കഴിക്കുന്നവനാണ്. ശരീരത്തെ നല്ലപോലെ സൂക്ഷിക്കും.
മഹര്‍ഷി: അതുകൊണ്ടു ദോഷമില്ല. പക്ഷേ തിന്നാന്‍ വേണ്ടി ജീവിക്കുന്നവനാകരുത്. ജീവിച്ചിരിക്കാന്‍ വേണ്ടിമാത്രം തിന്നുക.
ചോദ്യം: ജീവന്മുക്തി (സദേഹ) വിദേഹമുക്തികളെന്താണ്
മഹര്‍ഷി: മോചനം എന്നൊന്നില്ല. മുക്തന്മാരിവിടെ ഇരിക്കുന്നു?
ചോദ്യം: ഹിന്ദുശാസ്ത്രങ്ങള്‍ മുക്തിയെപ്പറ്റി പറയുന്നില്ലേ?
മഹര്‍ഷി: മുക്തി ആത്മാവിന്‍റെ പര്യായപദമാണ്. ജീവന്മുക്തന്‍ മുക്തിക്കുശേഷം ദേഹത്തോടുകൂടിയിരിക്കുന്നവനും വിദേഹമുക്തന്‍ ദേഹത്തെ നിവൃത്തിച്ചിരിക്കുന്നവനുമാണ് ജ്ഞാനിക്കു താന്‍ മുക്തനാണെന്ന തോന്നലില്ല അവന്‍ ബന്ധത്തെയും അറിയുന്നില്ല. ഇതെല്ലാം അജ്ഞാനത്തെ മാറ്റാന്‍വേണ്ടി അജ്ഞാനിക്കു പറയുന്നതാണ്
ചോദ്യം: ഭഗവാന്‍റെ നിലയ്യ്ക്കിതെല്ലം ശരിയാണ്. ഞങ്ങള്‍ക്കോ? ഞങ്ങള്‍ വ്യക്തികളല്ലേ?
മഹര്‍ഷി: വ്യക്തിത്വം ഉറക്കത്തില്‍ തോന്നുന്നുണ്ടോ?
ചോദ്യം: ഉറക്കത്തെ ഇപ്പോള്‍ സങ്കല്‍പിക്കുന്നതെങ്ങനെ?
മഹര്‍ഷി: ശരി വേണ്ട. ഉറക്കത്തെ നിങ്ങള്‍ക്കോര്‍മ്മിക്കാം. അപ്പോള്‍ നിങ്ങള്‍ക്കു വ്യഷ്ടിത്വമില്ല. ഉണര്‍ന്നപ്പോളെല്ലാമുണ്ടായി. ‘ഞാന്‍ ഉണ്ടായതോടുകൂടി’.
ചോദ്യം: ആത്മാവിനെ എങ്ങനെ പ്രാപിക്കാം?
മഹര്‍ഷി: അതു പ്രാപിക്കാനുള്ളതല്ല. അതു നിങ്ങള്‍ തന്നെയാണ്
ചോദ്യം: രണ്ടു ഞാനുണ്ട്, ഒന്നു മാറുന്നതും മറ്റൊന്നു മാറാത്തതും.
മഹര്‍ഷി: മാറുന്ന ‘ഞാന്‍’ വിചാരത്തിലുള്ള ഞാനാണ്. ഈ വിചാരം ഉദിക്കുന്നതാര്‍ക്ക്? നിങ്ങള്‍ അവയെ താണ്ടിനില്‍ക്കൂ. അവ അടങ്ങും.
‘ഞാന്‍’ എന്ന വിചാരം മാറിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥ ‘ഞാന്‍’ ആയിത്തീരും
ചോദ്യം: ഞാന്‍ ‘അഹം ബ്രഹ്മാസമി’ ധ്യാനിക്കട്ടോ?
മഹര്‍ഷി: അത് ധ്യനിക്കാനുള്ളതല്ല. അതായിത്തന്നെത്തീരാനുള്ളതാണ്. അഹം(ഞാന്‍) ബ്രഹ്മമായി ഭവിച്ചാല്‍ പിന്നെ ഞാനില്ല. അവിടെ ധ്യാനിക്കാനാളുണ്ടോ? അതിനാല്‍ ‘ഞാന്‍’ എന്നതറ്റു ബ്രഹ്മം മാത്രമെന്നയിരിക്കുകയാണോ മഹാകാവ്യത്തിന്‍റെ പൊരുള്‍
ചോദ്യം: പഞ്ചകോശങ്ങളെയും അവയുടെ ഒഴിവിനെയുംപറ്റി വേദാന്ത ശാസ്ത്രങ്ങളില്‍ പറയുന്നല്ലോ.
മഹര്‍ഷി: അതെ ഞാന്‍ എന്ന അഹങ്കാരന്‍ ഉണര്‍ന്ന് ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയോടു ചേര്‍ന്ന് താന്‍ അവയെല്ലാമാണെന്ന് അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നു ഈ അനര്‍ത്ഥങ്ങളെ ദുരീകരിക്കാന്‍ വേദാന്തമുപദേശിക്കുന്നു. അന്തര്‍മുഖ ചിന്തയാല്‍ അനാത്മാവായ പഞ്ചകോശങ്ങളകലുമ്പോള്‍ സ്വസ്വരൂപം നിരുപാധികമായി പ്രകാശിക്കും.
ചോദ്യം: ഇതു വളരെ ബുദ്ധിമുട്ടുള്ള മാര്‍ഗ്ഗമായിത്തോന്നുന്നു. വേറെ സുഗമമാര്‍ഗ്ഗങ്ങളോന്നുമില്ലേ?
മഹര്‍ഷി: ആത്മാന്വേഷണം ബുദ്ധിമുട്ടാണെന്നു വിചാരിക്കുന്നതു ഭ്രമമാണ്. എങ്കിലും അങ്ങനെ തോന്നുന്നവര്‍ക്ക് ജപം, ഉപാസന മുതലായ വഴികളുണ്ട്. ഏതു വഴിയേപോയാലും ഒടുവില്‍ താന്‍ തന്‍റെ അടുത്തു മടങ്ങി വരണം. ‘അഹം ബ്രഹ്മാസ്മി’യില്‍ പോലും ‘അഹം’ ഒഴിഞ്ഞ് അത്മസ്വരൂപം സ്വന്ത്രമായി നില്‍ക്കണം, അതാണ് അഹം പദലക്ഷ്യാര്‍ത്ഥം