സ്വാമി വിവേകാനന്ദന്‍

ഗൗതമബുദ്ധന്റെ ജീവചരിത്രത്തില്‍, താന്‍ ഇരുപത്തഞ്ചാമത്തെ ബുദ്ധനാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുന്നതു കാണാം. അദ്ദേഹത്തിനുമുമ്പുണ്ടായിരുന്ന ഇരുപത്തിനാലു ബുദ്ധന്മാര്‍ ചരിത്രത്തിന് അജ്ഞാതരാണ്. എങ്കിലും അവര്‍ പാകിയ അടിത്തറയിന്‌മേലായിരിക്കണം ചരിത്രവിഖ്യാതനായ ബുദ്ധന്‍ കെട്ടിപ്പടുത്തതെന്നുള്ളതിനു സംശയമില്ല. ഏറ്റവും ഉന്നതരായവര്‍ ശാന്തരും മൗനികളും അജ്ഞാതരുമായിരിക്കും. അവര്‍ വിചാരത്തിന്റെ ശക്തി യഥാര്‍ത്ഥമായറിയാവുന്നവരാണ്. തങ്ങള്‍ ഒരു ഗുഹയില്‍ച്ചെന്നു വാതിലടച്ചിരുന്ന് നാലഞ്ചു സത്യാശയങ്ങള്‍ വിചാരിക്കുകമാത്രം ചെയ്തു മരിച്ചുപോയാലും ആ നാലഞ്ചു സത്യാശയങ്ങള്‍ അനശ്വരമായി ജീവിക്കുമെന്ന് അവര്‍ക്കുറപ്പുണ്ട്. അത്തരം വിചാരങ്ങള്‍ പര്‍വ്വതങ്ങള്‍ പിളര്‍ന്ന്, കടലുകള്‍ കടന്ന്, ലോകമൊക്കെ സഞ്ചരിക്കും, അവ മനുഷ്യഹൃദയങ്ങളിലും മസ്തിഷ്‌കങ്ങളിലും ആഴത്തില്‍ പ്രവേശിച്ച്, ജീവിതവ്യവഹാരങ്ങളില്‍ അവയ്ക്കു പ്രായോഗികപ്രകടനം നല്കുന്ന സ്ത്രീപുരുഷന്മാരെ ഉയര്‍ത്തിക്കൊണ്ടുവരും. ഈ പരമസാത്വികന്മാര്‍ക്ക് കര്‍മ്മപരായണന്മാരായിരുന്നു സമരം ചെയ്യാനും പ്രവൃത്തിയെടുക്കാനും മല്ലടിക്കുവാനും പ്രസംഗിക്കുവാനും – സാധാരണ പറയാറുള്ളതുപോലെ – ‘ലോകത്തിനു നന്മ ചെയ്യാനും’ കഴിയാത്തവിധം അവര്‍ അത്രമാത്രം ഈശ്വരന്റെ സമീപത്തിരിക്കുന്നവരാകുന്നു.

എത്ര നല്ലവരായാലും കര്‍മ്മപരായണരായ ആളുകളില്‍ ലേശം അജ്ഞാനം അവശേഷിച്ചിരിക്കുന്നുണ്ട്. നമ്മുടെ പ്രകൃതിയില്‍ അല്പമെങ്കിലും മാലിന്യം ശേഷിക്കുന്നുണ്ടെങ്കിലേ നമുക്കു കര്‍മ്മം ചെയ്യാന്‍ കഴിയൂ. സാധാരണമായി സ്വാര്‍ത്ഥത്തിന്റേയും ആസക്തിയുടേയും പ്രചോദനമുണ്ടാവുക എന്നുള്ളത് കര്‍മ്മത്തിന്റെ സ്വഭാവത്തില്‍പ്പെട്ടതാണ്. ഒരു കുരുവിപ്പക്ഷിയുടെ പതനത്തെപ്പോലും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന, സദാ ജാഗരൂകനായ, ജഗന്നിയന്താവിന്റെ സാന്നിദ്ധ്യത്തില്‍ മനുഷ്യന് സ്വന്തം കര്‍മ്മത്തിന് വല്ല പ്രാധാന്യവും കല്പിക്കാന്‍ എങ്ങനെ സാധിക്കും? ഏറ്റവും അണുവായ വസ്തുക്കളെപ്പോലും അവന്‍ കാത്തുകൊള്ളുന്നുണ്ടെന്ന് നമുക്കറിവുള്ളപ്പോള്‍, അങ്ങനെ സങ്കല്പിക്കുന്നത് ഈശ്വരനിന്ദയാകയില്ലേ? അവന്റെ മുമ്പില്‍ ഭയഭക്ത്യാദരസമന്വിതം നിന്ന്, ‘അങ്ങയുടെ ഇച്ഛപോലെ’ എന്നു പറയുക മാത്രമാണ് നമുക്കു കരണീയം.

പരമോത്കൃഷ്ടപദത്തിലെത്തിയ മനുഷ്യര്‍ക്ക് കര്‍മ്മം ചെയ്യാന്‍ കഴിവില്ല. എന്തെന്നാല്‍ അവരില്‍ ആസക്തി ഒട്ടുമില്ല. യാവചിലരുടെ ആത്മാവ് സമ്പൂര്‍ണ്ണം പരമാത്മാവില്‍ വിലയിച്ചിരിക്കുന്നുവോ, യാവചിലരുടെ അഭിലാഷങ്ങള്‍ ആത്മാവില്‍ത്തന്നെ ഒതുങ്ങിനില്ക്കു ന്നുവോ, യാവചിലര്‍ പരമാത്മാവുമായി നിത്യസമ്പര്‍ക്കത്തിലിരിക്കുന്നുവോ, അങ്ങനെയുള്ളവര്‍ക്ക് കര്‍മ്മമില്ല. അങ്ങനെയുള്ളവരത്രേ മനുഷ്യസമുദായത്തിലെ പരമോത്കൃഷ്ടന്മാര്‍. അവരൊഴിച്ചുള്ള സകലരും കര്‍മ്മം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ കര്‍മ്മത്തില്‍ ഏര്‍പ്പെടുമ്പോള്‍, ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ വസ്തുവിനെ പ്പോലും സഹായിച്ച് മുന്നോട്ടു വിടുവാന്‍ നമുക്കു ത്രാണിയുണ്ടെന്ന് ഒരിക്കലും വിചാരിച്ചു പോകരുത്. അതു നമ്മാല്‍ സാദ്ധ്യമല്ലതന്നെ. ഈ ലോകമാകുന്ന വ്യായാമശാലയില്‍ നാം നമ്മെത്തന്നെ സഹായിക്കുന്നതേയുള്ളു. ഇതാണ് കര്‍മ്മാനുഷ്ഠാനത്തില്‍ ഉണ്ടായിരിക്കേണ്ട ശരിയായ മനോഭാവം. നാം ഈ രീതിയില്‍ കര്‍മ്മങ്ങള്‍ ചെയ്താല്‍, ഇപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനത്തിനു തല്‍ക്കാലം കൈവന്നിരിക്കുന്നഒരവസരം നമുക്കു തന്നിട്ടുള്ള ഒരനുഗ്രഹമെന്നു കരുതിയാല്‍, നാം ഒന്നിനോടും സക്തരായിപ്പോവില്ല.

നിങ്ങളെപ്പോലെയും എന്നെപ്പോലെയും ലക്ഷോപലക്ഷം ജനങ്ങള്‍, തങ്ങള്‍ ലോകത്ത് വലിയ ആളുകളാണെന്നു വിചാരിക്കുന്നുണ്ട്. എന്നാല്‍ നാമെല്ലാവരും മരിക്കും; മരിച്ച് അഞ്ചു നിമിഷത്തിനകം ലോകം നമ്മെ വിസ്മരിക്കുകയും ചെയ്യും. ഈശ്വരായുസ്സാവട്ടെ, അനന്തമാകുന്നു. ‘ഈ സര്‍വ്വശക്തനായ ഏകന്‍ ഇച്ഛിക്കുന്നില്ലെങ്കില്‍, ഒരു നിമിഷമെങ്കിലും ജീവിക്കാന്‍, ഒരു നിമിഷം ശ്വസിക്കാന്‍ ആര്‍ക്കു കഴിയും?’ സദാ കര്‍മ്മനിരതനായ വിധാതാവ് ഈശ്വരനാകുന്നു. സര്‍വ്വശക്തികളും അവന്റേതും അവന്റെ വരുതിയിലുമാകുന്നു. അവന്റെ ആജ്ഞകൊണ്ടു കാറ്റടിക്കുന്നു, സൂര്യന്‍ പ്രകാശിക്കുന്നു, ഭൂമി നിലകൊള്ളുന്നു, മൃത്യു ഈ ലോകത്തില്‍ നീളെ നടക്കുന്നു. സര്‍വ്വത്തിലുമുള്ള സര്‍വ്വവും അവന്‍ തന്നെ; അവന്‍ സര്‍വ്വവും സര്‍വ്വാന്തര്യാമിയുമത്രേ. നമുക്ക് അവനെ ആരാധിക്കാനേ കഴിയൂ. സര്‍വ്വകര്‍മ്മഫലങ്ങളേയും ഉപേക്ഷിക്കുക; നന്മക്കുവേണ്ടിമാത്രം നന്മ ചെയ്യുക; എങ്കില്‍ മാത്രമേ പൂര്‍ണ്ണമായ നിസ്സംഗത്വം കൈവരൂ. അങ്ങനെ ഹൃദയഗ്രന്ഥികള്‍ ഭേദിക്കും, പൂര്‍ണ്ണസ്വാതന്ത്ര്യം പ്രാപിക്കയും ചെയ്യും. ഈ സ്വാതന്ത്ര്യം തന്നെയാണ് കര്‍മ്മയോഗ ലക്ഷ്യം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 7. പേജ് 115-117]