ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 23, 1936

നെല്ലൂരിലെ ഒരിംഗ്ലീഷു ലക്ചറര്‍, ജി.വി. സുബ്ബരാമയ്യ: ഈശ്വരന്‍ എങ്ങും നിറഞ്ഞവനായിരിക്കവെ ഗീതയില്‍ ഭഗവാന്‍ തനിക്കു ചില ഉല്‍കൃഷ്ട സ്ഥാനങ്ങള്‍ കല്പിച്ചിരിക്കുന്നല്ലോ?
മഹര്‍ഷി: ഈശ്വരനന്യമായൊന്നുമില്ലെങ്കിലും ഉപാസന സൗകര്യാര്‍ത്ഥം അങ്ങനെ നിര്‍ദ്ദേശിച്ചതാണ്.

ചോദ്യം: അരുള്‍ പ്രാപിക്കുന്നതെങ്ങനെ?
മഹര്‍ഷി: ആത്മാവിനെ പ്രാപിക്കുന്നതുപോലെതന്നെ.

ചോദ്യം: പ്രായോഗികമായി നാമെന്തു ചെയ്യണം?
മഹര്‍ഷി: ആരുടെ അരുള്‍വേണമോ ആ ആളിനെ അഭയം പ്രാപിക്കണം.

ചോദ്യം: അരുള്‍ ആത്മാവാണ്. ഞാനെന്നെ അഭയം പ്രാപിച്ചാല്‍ മതിയോ?
മഹര്‍ഷി: മതി. ഈശ്വരന്‍, ഗുരു, ആത്മാവ് എല്ലാം ഒന്നാണ്.

ചോദ്യം: എനിക്കു മനസ്സിലാകാന്‍ തക്കവണ്ണം പറയുമോ?
മഹര്‍ഷി: നിങ്ങള്‍ ഒരു വ്യക്തിയാണെന്നിരിക്കുമ്പോള്‍ ഈശ്വരനെ ശരണം പ്രാപിക്കുക. ഈശ്വരന്‍ ഗുരുരൂപത്തില്‍ ആവിര്‍ഭവിക്കും ഗുരുവിനെ ശുശ്രൂഷിച്ചാല്‍ അവന്‍ ആത്മാവായിത്തീരും.

ചോദ്യം: ലോകത്ത് ക്ഷാമം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ആപത്തുകള്‍ക്കു കാരണമെന്ത്?
മഹര്‍ഷി: ആ ദു:ഖം നിങ്ങള്‍ ഉറക്കത്തിലറിയുന്നോ? ഏതവസ്ഥയില്‍ നിങ്ങളെ അവ ബാധിക്കാതിരുന്നുവോ ആ അവസ്ഥയിലിരുന്നുകൊള്ളുക. ആത്മാവിനെ നോക്കൂ. അവിടെ ലോകവുമില്ല ഈ ദു:ഖങ്ങളുമില്ല.

ചോദ്യം: അതു സ്വാര്‍ത്ഥതയല്ലേ. കണ്ണടച്ചുകൊണ്ടോടുന്നതു പോലെയാകില്ലേ?
മഹര്‍ഷി: ലോകം പുറത്തല്ല. നിങ്ങള്‍ ദേഹത്തെപ്പറ്റിനില്‍ക്കുന്നതിനാല്‍ അതു പുറത്താണെന്ന് തോന്നുന്നു. അതിന്‍റെ ദു:ഖം നിങ്ങള്‍ക്കു തോന്നുകയും ചെയ്യുന്നു. അതൊന്നും യഥാര്‍ഥമല്ല. സത്യത്തെബോധിച്ച് അസത്യമായ വികാരങ്ങളെ ഒഴിച്ചുവയ്ക്കുക. നീ അന്തര്‍മ്മുഖനായ്‌ ഏകാത്മസ്വരൂപനായിരുന്നാല്‍ പ്രപഞ്ചവിചാരം സത്തയില്ലാത്ത വെറും നിഴലാണെന്നറിയും.