ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 23, 1936
ചോദ്യം: ജനസേവകന്‍മാര്‍ക്കും വലിയ ഭരണാധിപര്‍ക്കും കൂടിയും ലോകദുരിതങ്ങളെ ദൂരികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മഹര്‍ഷി: അവരെല്ലാം അഹം ബോധത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് അവരതിനു കഴിവുള്ളവരാകുന്നില്ല. അവരാത്മബോധത്തില്‍ നിന്നിരുന്നുവെങ്കില്‍ അവരുടെ നില വേറൊന്നായിരുന്നേനെ.
ചോദ്യം: മഹാത്മാക്കള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല?
മഹര്‍ഷി: അവര്‍ ചെയ്യുന്നില്ല എന്നു നിങ്ങളെങ്ങനെ അറിഞ്ഞു? പൊതുപ്രസംങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭൗതികമായ മറ്റേത് ലോകസേവ പ്രവര്‍ത്തനങ്ങളും മഹാത്മാക്കളുടെ മൗനപ്രവര്‍ത്തനത്തിന്‍റെ സമക്ഷം കൃശമായിപ്പോകുന്നു. അവര്‍ മറ്റാരെക്കാളും ഈ സൃഷ്ടി ജഗത്തിനെ പാലിച്ചുപോരുന്നു.
ചോദ്യം: ലോകദുരിതങ്ങള്‍ക്കു നാം അല്‍പ്പം ആശ്വാസമരുളാനെന്തു ചെയ്യാനൊക്കും?
മഹര്‍ഷി: നിങ്ങള്‍ ദു:ഖത്തില്‍നിന്നും വിമുക്തമായാല്‍ ലോകവും വിമുക്തമാവും. നിങ്ങള്‍ ലോകത്തെ ബാഹ്യമായിക്കാണുന്നതാണ് കുഴപ്പം. ലോകം അതിന്‍റെ ദുരിതങ്ങളോടുകൂടി നിങ്ങള്‍ക്കുള്ളിലിരിക്കുകയാണ്. നിങ്ങള്‍ ആന്തരമായി വീക്ഷിച്ചാല്‍ ദു:ഖമുണ്ടായിരിക്കുകയില്ല.
ചോദ്യം: ഈശ്വരന്‍ നിര്‍വ്വികല്പനമാണ്. അദ്ദേഹം വികല്‍പങ്ങളോടുകൂടിയ ലോകത്തെ എന്തിനു സൃഷ്ടിച്ചു? ഉണ്ടാക്കിയവനെപ്പോലിരിക്കണ്ടേ, ഉണ്ടാക്കപ്പെട്ടതും.
മഹര്‍ഷി: ഇതാര് ചോദിക്കുന്നു?
ചോദ്യം: ഞാന്‍ വ്യഷ്ടി ജീവന്‍.
മഹര്‍ഷി: നിങ്ങള്‍ ഈശ്വരനു വേറായി നില്‍ക്കുകയാണോ? ദേഹമാണു താനെന്നു കല്പിക്കുന്നിടത്തോളമേ ഈ ദൃശ്യപ്രപഞ്ചം നിങ്ങള്‍ക്കുണ്ടായിരിക്കുകയുള്ളൂ. ഈശ്വരനും ഈശ്വരന്‍റെതുകളും വികല്‍പരഹിതമാണ്. നിങ്ങളുടെ ബോധത്തിന്‍റെ പിശകിനെ നിങ്ങള്‍ ലോകത്തിനാരോപിക്കുന്നു എന്നേയുള്ളൂ.
ചോദ്യം: അത്മാവിനെന്തിനാണ് ഈ ദു:ഖലോകമായി പ്രതിഫലിച്ചു നില്‍ക്കുന്നു.
ഉ; നിങ്ങളെ സത്യാന്വഷണത്തിനു പ്രേരിപ്പിക്കാന്‍ നിങ്ങളുടെ കണ്ണുകള്‍ക്കു സ്വയം കാണാന്‍ സാദ്ധ്യമല്ല. ഒരു കണ്ണാടിയില്‍ നോക്കൂ. സ്വയം കാണുന്നു. സൃഷ്ടിയുടെ കഥയും ഇപ്രകാരമാണ്. ആത്മാവിനെ അറിയാത്ത നിങ്ങള്‍ അതിന്‍റെ പ്രതിബിംബമാണീ ലോകമെന്നെങ്ങനെ പറയുന്നു? ആദ്യം ‘തന്നെ’ അറിയുക.
ചോദ്യം: അപ്പോള്‍ ഞാനാദ്യം ആന്തരമായി വീക്ഷിക്കണം.
മഹര്‍ഷി: അതെ
ചോദ്യം: ഞാനീ ലോകത്തെ കാണാന്‍ പാടില്ലേ?
മഹര്‍ഷി: കണ്ണടച്ചുകൊള്ളണമെന്നു പറഞ്ഞില്ല. ആദ്യം സ്വസ്വരൂപം ദര്‍ശിച്ചാല്‍ ലോകം അതുപോലെയിരിക്കുന്നതറിയാം. താന്‍ ദേഹമാണെന്നായാല്‍ ലോകം തനിക്കന്യമായി രൂപത്തോടുകൂടി വെളിയിലിരിക്കുന്നതായിത്തോന്നും. താന്‍ ആത്മാവാണെന്നായാല്‍ ലോകം ബ്രഹ്മാകാരമായി വിളങ്ങും.