സ്വാമി വിവേകാനന്ദന്‍

ഇനി സമത്വമെന്ന ആശയത്തെപ്പറ്റി ചിന്തിക്കാം. സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നു ചേരുന്ന സ്വര്‍ഗ്ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേയ്ക്കു പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്. ഈ ആശയങ്ങളെ – ജഗത്തിനെ ഭരിക്കാന്‍ ഈശ്വരന്‍ വരുന്നുണ്ടെന്നും അന്നുമുതല്‍ അവസ്ഥാഭേദങ്ങളൊന്നും ഉണ്ടായിരിക്കയില്ലെന്നും മറ്റുമുള്ള ആശയങ്ങളെ – പല മതങ്ങളും അവയുടെ അംശമായി ഉപദേശിക്കുന്നു. ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവര്‍ കേവലം മതഭ്രാന്തരാണ്. മതഭ്രാന്തര്‍ മനുഷ്യരില്‍വെച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ളവരുമാണ്. ഈ ഭ്രാന്താശയത്തിന്റെ മോഹനത്വത്തെമാത്രം ആസ്പദമാക്കിയാണ് ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടത്. അതത്രേ ഗ്രീസിലേയും റോമിലേയും അടിമകള്‍ക്ക് ആ മതം അത്ര ആകര്‍ഷകമാക്കിയത്. സ്വര്‍ഗ്ഗീയയുഗം വാഗ്ദാനം ചെയ്ത ആ മതത്തില്‍ അടിമത്തം ഉണ്ടായിരിക്കയില്ലെന്നും ഭക്ഷ്യപേയങ്ങള്‍ സമൃദ്ധിയായുണ്ടായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. അതിനാല്‍ അവര്‍ കൂട്ടംകൂട്ടമായി ആ മതത്തില്‍ ചേര്‍ന്നു. ഈ ആശയം ആദ്യം പ്രസംഗിച്ചവര്‍ തീര്‍ച്ചയായും അജ്ഞരായ മതഭ്രാന്തരായിരുന്നു; എങ്കിലും അവര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരായിരുന്നു; സര്‍വ്വസുഖാവസ്ഥയ്ക്കുള്ള ഈ അഭിലാഷം ആധുനികകാലത്ത് സമത്വം എന്ന രൂപം – സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും രൂപം – കൈക്കൊണ്ടിരിക്കയാണ്. ഇതും മതഭ്രാന്തുതന്നെ.

ശരിക്കുള്ള സമത്വം ഈ ലോകത്ത് ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല. ഒരിക്കലും ഉണ്ടാകുവാനും വഴിയില്ല. ഇവിടെ നമുക്കെല്ലാവര്‍ക്കും എങ്ങനെ സമന്മാരാകാന്‍ സാധിക്കും? ഇത്തരം അസാദ്ധ്യ സമത്വത്തില്‍ സമസ്തമൃത്യു അന്തര്‍ഭവിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തെ ഇപ്പോഴുള്ളതുപോലാക്കിയതെന്ത്? സാമ്യാവസ്ഥയില്‍നിന്നുള്ള ഭ്രംശം. പ്രപഞ്ചാവിഷ്‌കരണത്തിനു മുമ്പുള്ള പ്രളയകാലത്ത് പൂര്‍ണ്ണമായ സാമ്യാവസ്ഥയായിരുന്നു. പ്രപഞ്ചത്തിനു രൂപംകൊടുത്ത വിവിധ ശക്തികള്‍ പിന്നെ എങ്ങനെയുണ്ടായി? തീവ്രശ്രമം. മാത്‌സര്യം, സംഘട്ടനം ഇവ നിമിത്തം, സര്‍വ്വപദാര്‍ത്ഥകണങ്ങളേയും പൂര്‍ണ്ണസാമ്യാവസ്ഥയില്‍ നിര്‍ത്തിയിരിക്കുന്നു എന്നു വിചാരിക്കുക; അപ്പോള്‍ സൃഷ്ടി പ്രക്രിയ വല്ലതുമുണ്ടാകുമോ? അതസാദ്ധ്യമെന്ന് ആധുനിക പ്രകൃതിശാസ്ത്രം മനസ്സിലാക്കിത്തരുന്നു. ശാന്തമായ ജലപ്പരപ്പില്‍ ഒരു ചലനമുണ്ടാക്കുക; അപ്പോള്‍ കാണാം, ഓരോ ജലകണവും മറ്റൊന്നിനു നേരേ ചെന്ന് വീണ്ടും ശാന്തമാകാന്‍ യത്‌നിക്കുന്നത്. അതുപോലെ, പ്രപഞ്ചത്തിലെ സംഭൂതങ്ങള്‍ മുഴുവന്‍ – അതിലുള്ള സകല വസ്തുക്കളും – മുമ്പുണ്ടായിരുന്ന പൂര്‍ണ്ണസാമ്യാവസ്ഥയെ വീണ്ടും പ്രാപിക്കാന്‍ യത്‌നിച്ചുവരികയാണ്. ആ അവസ്ഥയെ പ്രാപിച്ചാല്‍ പിന്നേയും ഒരു ക്ഷോഭമുണ്ടാകുന്നു; അപ്പോള്‍ വീണ്ടും പദാര്‍ത്ഥകണങ്ങളുടെ കൂടിച്ചേരലും സൃഷ്ടിയും നടക്കുന്നു. അസമത്വമാണ് സൃഷ്ടിയുടെ സാക്ഷാല്‍ അടിസ്ഥാനം. എന്നാല്‍, സമത്വത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തികളോളംതന്നെ, അതിനെ പുനഃസ്ഥാപിക്കാന്‍ യത്‌നിക്കുന്ന ശക്തികളും സൃഷ്ടിക്കാവശ്യമാകുന്നു.

കേവലം സമത്വം, അതായത് സര്‍വ്വ ഭൂമികകളിലും സര്‍വ്വ മത്‌സരശക്തികളുടേയും സമ്പൂര്‍ണ്ണസാമ്യാവസ്ഥ, ഈ ലോകത്ത് ഒരു കാലത്തും ഉണ്ടാവാന്‍ വഴിയില്ല. ആ അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് ലോകം ഒരുതരം ജീവിതത്തിനും ഒട്ടും കൊള്ളരുതാത്തതായി തീര്‍ന്നിരിക്കും. ഒരു ജീവിയും അവിടെ കാണുകയുമില്ല. അതിനാല്‍, കേവലസുഖകാലം, കേവലസമത്വം എന്നും മറ്റുമുള്ള ആശയങ്ങള്‍ സാക്ഷാത്കരിക്കപ്പെടുക അസാദ്ധ്യമെന്നുമാത്രമല്ല, അവയെ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചാല്‍ അതു നമ്മെ തീര്‍ച്ചയായും നാശത്തിലേയ്ക്കു നയിക്കുമെന്നുകൂടി ഇതില്‍നിന്നു വെളിവാകുന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസമുണ്ടാക്കുന്നതെന്ത്? അതു പ്രധാനമായും മേധാശക്തിയിലുള്ള അന്തരമാണ്. നാമെല്ലാവരും ഒരേവിധം ബുദ്ധിശക്തിയോടുകൂടിയാണ് ജനിക്കുന്നതെന്ന് ഇക്കാലത്ത് ഭ്രാന്തനല്ലാതെ മറ്റാരും പറയുകയില്ല. നാം ഭിന്നങ്ങളായ ശക്തി വിശേഷങ്ങളോടുകൂടി ജനിക്കുന്നു. ചിലര്‍ ജനനാല്‍ത്തന്നെ വലിയവര്‍, ചിലര്‍ ജനനാല്‍ത്തന്നെ ചെറിയവര്‍. ജനനത്തിനുമുമ്പുതന്നെ തീര്‍ച്ചപ്പെട്ടുപോയ ആ അവസ്ഥയില്‍ നിന്ന് നമുക്കു രക്ഷപ്പെടാന്‍ വയ്യ.

ഈ രാജ്യത്ത് (അമേരിക്കയില്‍) അനേകായിരം വത്‌സരങ്ങളായി അമേരിക്കന്‍ ഇന്ത്യക്കാര്‍ പാര്‍ത്തിരുന്നു. അങ്ങനെയിരിക്കെ, നിങ്ങളുടെ പൂര്‍വ്വികരായ കുറച്ചാളുകള്‍ അവരുടെ ഇടയിലേയ്ക്കു വന്നു. അവര്‍ ഈ ഭൂമുഖത്തിന് എന്തു മാറ്റം വരുത്തിയിരിക്കുന്നു! എല്ലാവരും സമന്മാരാണെങ്കില്‍, അമേരിക്കന്‍ ഇന്ത്യക്കാര്‍ എന്തുകൊണ്ടു വലിയ നഗരങ്ങള്‍ നിര്‍മ്മിച്ചില്ല? നിങ്ങളുടെ പൂര്‍വ്വികരോടൊപ്പം മറ്റൊരുതരം മേധാശക്തിയും പൂര്‍വ്വസംസ്‌കാരസഞ്ചയങ്ങളും ഇവിടെയെത്തി; അവ വ്യാപരിച്ച് സ്വയം അഭിവ്യക്തങ്ങളായി. കേവലമായ അഭേദാവസ്ഥ മരണംതന്നെ. ഈ ലോകം നിലനില്ക്കുന്നിടത്തോളംകാലം അസമത്വങ്ങള്‍ ഉണ്ടായിരിക്കും, ഉണ്ടായിരിക്കയും വേണം. പൂര്‍ണ്ണ സമത്വത്തിന്റെ കാലം വരുന്നത് സൃഷ്ടിയുടെ ഒരു കല്പം അവസാനി ക്കുമ്പോള്‍ മാത്രം. അതിനുമുമ്പു സമത്വമുണ്ടാവാന്‍ നിവൃത്തിയില്ല; എങ്കിലും ഈ ഭൂലോകസ്വര്‍ഗ്ഗം സാക്ഷാത്കരിക്കാനുള്ള ആഗ്രഹം കര്‍മ്മത്തിന് ഒരു വലിയ പ്രേരകശക്തിയാകുന്നു. അസമത്വം സൃഷ്ടി നടക്കുവാന്‍ ആവശ്യമായിരിക്കുംപോലെ, അതിനെ പരിമിതപ്പെടുത്താനുള്ള യത്‌നവും ആവശ്യമാകുന്നു. മുക്തിനേടി വീണ്ടും ഈശ്വരനില്‍ ലയിക്കാനുള്ള പ്രയത്‌നം നടന്നില്ലെങ്കില്‍ സൃഷ്ടിയും ഉണ്ടാവില്ല. ഈ രണ്ടു ശക്തികള്‍ തമ്മിലുള്ള വ്യത്യാസമത്രേ മനുഷ്യരുടെ കര്‍മ്മപ്രേരകശക്തിയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. മനുഷ്യരെ കര്‍മ്മത്തിനു പ്രേരിപ്പിക്കുന്ന ഈ ശക്തികള്‍ എന്നും ഉണ്ടായിരിക്കും. ചിലതു ബന്ധനത്തിലേയ്ക്കു നയിക്കുന്നവയും മറ്റുള്ളവ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നവയും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 8. പേജ് 124-126]