ചക്രങ്ങള്‍ക്കുള്ളില്‍ ചക്രങ്ങളോടുകൂടിയ ഒരു ഭയങ്കരയന്ത്രകൂടമാണ് ഈ ലോകം. നാം അതിലേയ്ക്കു കയ്യിട്ടുപോയാല്‍ അതുനമ്മെ പിടികൂടുന്നതോടൊപ്പം നമ്മുടെ കഥയും കഴിഞ്ഞു. ഒരു നിശ്ചിത കര്‍ത്തവ്യം നിറവേറ്റിയാല്‍പ്പിന്നെ സ്വസ്ഥമായിരിക്കാം എന്നു നാമെല്ലാം വിചാരിക്കാറുണ്ട്; എന്നാല്‍ ആ കര്‍ത്തവ്യത്തിന്റെ ഒരംശം ചെയ്തുതീരുന്നതിനുമുമ്പേ മറ്റൊന്ന് നമ്മെ കാത്തുനില്ക്കുന്നുണ്ടാവും. ഈ ഗംഭീരയന്ത്രം, മഹാസങ്കീര്‍ണ്ണമായ ഈ ലോകയന്ത്രം, നമ്മെയെല്ലാം വലിച്ചിഴച്ചുകൊണ്ടു പോകുന്നു. അതില്‍നിന്നു വിടുതി നേടുവാന്‍ രണ്ടു വഴിയേയുള്ളു. ഒന്ന്, യന്ത്രവുമായുള്ള സകല താല്പര്യബന്ധവും ഉപേക്ഷിക്കുക, അതിനെ അതിന്റെ പാട്ടിനു വിട്ടിട്ടു മാറിനില്ക്കുക, അതായത് സര്‍വ്വകാമസന്ന്യാസം. ഇതു പറയാന്‍ വളരെ എളുപ്പവും ചെയ്യാന്‍ മിക്കവാറും അസാദ്ധ്യവുമാകുന്നു. ഇരുനൂറുലക്ഷം ജനങ്ങളില്‍ ഒരാള്‍ക്കെങ്കിലും ഇതു സാധിക്കുമോ എന്നെനിക്കറിഞ്ഞുകൂടാ. മറ്റേവഴി സംസാരത്തില്‍ നിമഗ്‌നനായി കര്‍മ്മരഹസ്യം മനസ്സിലാക്കുക; ഇതത്രേ കര്‍മ്മയോഗത്തിന്റെ വഴി. ലോകയന്ത്രത്തിന്റെ ചക്രങ്ങളില്‍നിന്ന് ഓടിയൊഴിയേണ്ട. അതിനുള്ളില്‍ നിന്നുകൊണ്ട് കര്‍മ്മരഹസ്യം മനസ്സിലാക്കുക. ഉള്ളിലിരുന്നു ശരിയായ കര്‍മ്മാനുഷ്ഠാനംവഴി പുറത്തുചാടാം. ഈ യന്ത്ര ത്തില്‍ക്കൂടെത്തന്നെ പുറത്തേയ്ക്കു വഴിയുണ്ട്.
കര്‍മ്മം എന്തെന്നു നാമിപ്പോള്‍ കണ്ടു. പ്രപഞ്ചത്തിന്റെ അസ്തിവാരത്തിന്റെ ഒരു ഭാഗമാണ് കര്‍മ്മം; അത് സദാ നടന്നുവരികയും ചെയ്യുന്നു. ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ സംഗതി കുറേക്കൂടി നല്ലവണ്ണം മനസ്സിലാകും. എന്തുകൊണ്ടെന്നാല്‍, നമ്മുടെ സഹായം വേണ്ടിവരുമാറ് അത്ര ശേഷി കുറഞ്ഞവനല്ല ഈശ്വരന്‍ എന്നവര്‍ക്കറിയാം. ഈ പ്രപഞ്ചം എന്നും നടന്നുകൊണ്ടിരിക്കുമെങ്കിലും, നമ്മുടെ ലക്ഷ്യം സ്വാതന്ത്ര്യമാകുന്നു, സ്വാര്‍ത്ഥരാഹിത്യമാകുന്നു. ആ ലക്ഷ്യം, കര്‍മ്മയോഗമനുസരിച്ച് കര്‍മ്മത്തില്‍ക്കൂടി പ്രാപിക്കേണ്ടതുമാകുന്നു. ലോകത്തില്‍ പൂര്‍ണ്ണസുഖം കൈവരുത്തുകയെന്ന ആശയമെല്ലാം മതഭ്രാന്തന്മാര്‍ക്ക്, കര്‍മ്മത്തിലേയ്ക്കുള്ള പ്രേരക ശക്തിയെന്ന നിലയില്‍ മാത്രം, കൊള്ളാം; എന്നാല്‍ മതഭ്രാന്ത് നന്മയോളംതന്നെ തിന്മയും വരുത്തിക്കൂട്ടുമെന്നോര്‍ക്കണം. സ്വാതന്ത്ര്യത്തിനുള്ള നമ്മുടെ സഹജമായ ആഗ്രഹമല്ലാതെ കര്‍മ്മം ചെയ്യാന്‍ മറ്റു പ്രേരകശക്തിയുടെ ആവശ്യമെന്ത് എന്നാണ് കര്‍മ്മയോഗി ചോദിക്കുന്നത്. സാധാരണമനുഷ്യര്‍ക്കുള്ള സദുദ്ദേശ്യങ്ങള്‍ക്കും അപ്പുറം കടക്കുക. ‘നിനക്ക് കര്‍മ്മം ചെയ്യാന്‍മാത്രം അധികാരമുണ്ട്, ഫലത്തിന് ഒരിക്കലുമില്ല.’ ഈ തത്ത്വം മനസ്സിലാക്കാനും അതു നടപ്പിലാക്കാനും അഭ്യസിക്കാനും മനുഷ്യനു കഴിവുണ്ടെന്ന് കര്‍മ്മയോഗി പറയുന്നു. നന്മ ചെയ്യുക എന്ന ആശയം ഒരുവന്റെ പ്രകൃതിയുടെതന്നെ അംശമായാല്‍പ്പിന്നെ അയാള്‍ ബാഹ്യപ്രേരണകളെ തേടുകയില്ല. നന്മ ചെയ്യുന്നതു നല്ലതാണ് എന്നുള്ളതിനാല്‍മാത്രം നമുക്കു നന്മ ചെയ്യാം. സ്വര്‍ഗ്ഗത്തില്‍ പോകണമെന്നുദ്ദേശിച്ചുള്ള കര്‍മ്മംപോലും ബന്ധകാരണമാണെന്നത്രേ കര്‍മ്മയോഗി പറയുന്നത്. അത്യല്പമെങ്കിലും സ്വാര്‍ത്‌ഥോദ്ദേശ്യമുള്ള ഏതൊരു കര്‍മ്മവും നമ്മെ സ്വതന്ത്രരാക്കുന്നതിനുപകരം നമ്മുടെ കാലുകള്‍ക്കു മറ്റൊരു ചങ്ങല പണിയുകയേ ഉള്ളൂ.
അതിനാല്‍, കര്‍മ്മഫലങ്ങളെല്ലാം ത്യജിക്കുക; അവയില്‍ അനാസക്തനാകുക, ഇതേ വഴിയുള്ളു. ഈ പ്രപഞ്ചം നാമല്ല, നാം ഈ പ്രപഞ്ചവുമല്ല; നാം യഥാര്‍ത്ഥത്തില്‍ ശരീരമല്ല; യഥാര്‍ത്ഥത്തില്‍ നാം കര്‍മ്മം ചെയ്യുന്നുമില്ല – ഈ തത്ത്വം മനസ്സിലാക്കുക. നാം സദാ നിഷ്‌ക്രിയവും ശാന്തവുമായ ആത്മാവത്രേ. നാം വല്ലതിനാലും ബദ്ധരാകേണ്ട ആവശ്യമെന്ത്? കേവലം അനാസക്തരായിരിക്കണം എന്നു പറയുന്നതെല്ലാം ശരി. എന്നാല്‍ അങ്ങനെയാകാനുള്ള വഴിയെന്ത്? സ്വാര്‍ത്‌ഥോദ്ദേശ്യം ലേശവുമില്ലാതെ ചെയ്യുന്ന ഓരോ സത്കര്‍മ്മവും പുതിയ ബന്ധങ്ങളെ നിര്‍മ്മിക്കുന്നതിനുപകരം ഇപ്പോള്‍ നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളുടെ ഓരോ കണ്ണി പൊട്ടിക്കുവാനുപകരിക്കും. യാതൊന്നും പകരമിച്ഛിക്കാതെ നാം ലോകത്തിലേയ്ക്കയക്കുന്ന ഓരോ മംഗളവിചാരവും അവിടെ സഞ്ചിതമായി നമ്മുടെ ചങ്ങലക്കണ്ണി ഓരോന്നായി പൊട്ടിച്ച് നമ്മെ ഉപര്യുപരി ശുദ്ധീകരിക്കുകയും, അങ്ങനെ ഒടുവില്‍ നാം മനുഷ്യരില്‍വെച്ചു പരമപവിത്രാത്മാക്കളായി ഭവിക്കുകയും ചെയ്യുന്നു. ഇതെല്ലാം തലയ്ക്ക് ആണിയിളകിയവരുടെ ജല്പനങ്ങളായും കേവലം അപ്രായോഗികങ്ങളായ തത്ത്വജ്ഞാനങ്ങളായും തോന്നിയേയ്ക്കാം. ഭഗവദ്ഗീതയിലെ ഉദ്‌ബോധനത്തിനെതിരായ വളരെ വാദങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്; ഫലകാംക്ഷയില്ലാതെ കര്‍മ്മം ചെയ്യുകയേ സാദ്ധ്യമല്ലെന്ന് അനേകം പേര്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷേ അവര്‍, മതഭ്രാന്തിനാല്‍ പ്രേരിതമായിട്ടുള്ളവയൊഴിച്ച്, നിഷ്‌കാമകര്‍മ്മം ഒരിക്കലും കണ്ടിട്ടുണ്ടാവില്ല; അതുകൊണ്ടാണ് അവര്‍ അങ്ങനെ അഭിപ്രായപ്പെടുന്നത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 8. പേജ് 126-128]