ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 1
അര്‍ജ്ജുന ഉവാച:
ഏവം സതതയുക്താ യേ
ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം
തേഷാം കേ യോഗവിത്തമാഃ
ചില ഭക്തന്മാര്‍ സാകാരനായ അങ്ങയെ നിരന്തരസ്മരണയോടുകൂടി എവിടെയും കണ്ടു ഭജിക്കുന്നു. ചില ഭക്തന്മാരാകട്ടെ നാശരഹിതവും നിരാകാരവുമായ ബ്രഹ്മത്തെ ഉപാസിക്കുന്നു. ഇതില്‍ ആരാണ് ശ്രേഷ്ഠരായ യോഗജ്ഞന്മാര്‍?
വീരപരാക്രമിയും കൗരവവംശത്തിന്‍റെ ജേതാവുമായ പാണ്ഡുപുത്രന്‍ ചോദിച്ചു:
ഭഗവാനേ, ഞാന്‍ പറഞ്ഞതൊക്കെ അങ്ങുകേള്‍ക്കുകയുണ്ടായോ? അപൂര്‍വ്വമായ അങ്ങയുടെ വിശ്വരൂപദര്‍ശനം എന്നെ ഭീതിപ്പെടുത്തി. ഞാന്‍ അങ്ങയുടെ മാനുഷരൂപവുമായി ചിരപരിചിതമായിരുന്നതിനാല്‍ അതില്‍ ശരണം പ്രാപിച്ചു. എന്നാല്‍ ഞാന്‍ അപ്രകാരം ചെയ്യാന്‍ പാടില്ലെന്ന് അങ്ങ് എനിക്ക് മുന്നറിയിപ്പ് നല്‍കി. അങ്ങ് വ്യക്തവും അവ്യക്തവുമായ രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നുവെന്നുള്ളത് നിസ്സംശയമാണ്. ആദ്യത്തേതു ഭക്തിമാര്‍ഗത്തില്‍കൂടിയും മറ്റേതു യോഗാനുഷ്ഠാനമാര്‍ഗ്ഗത്തില്‍കൂടിയും പ്രാപിക്കാവുന്നതുമാണ്. വ്യക്തവും അവ്യക്തവുമായ അങ്ങയുടെ സ്വരൂപഗേഹത്തിന്‍റെ വാതില്‍ക്കലേക്കു നയിക്കുന്ന രണ്ടു വഴികളാണിത്. നോക്കുക. നൂറുതോല തൂക്കംവരുന്ന ഒരു സ്വര്‍ണ്ണക്കട്ടിയുടെ ശുദ്ധി ഒരു തോലമാത്രം തൂക്കംവരുന്ന ഒരു സ്വര്‍ണ്ണക്കഷണത്തിനും ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം പരിമിതവും അപരിമിതവുമായ ഒരു വസ്തുവിന് ഒരേ മൂല്യംതന്നെ ഉണ്ടായിരിക്കും. ഒരു സുധാസാഗരത്തിലെ അമൃതിന്‍റെ അതേശക്തി അതിന്‍റെ തിരയില്‍നിന്നും കോരിയെടുക്കുന്ന ഒരുകൈക്കുമ്പിള്‍ സുധയ്ക്കും ഉണ്ടായിരിക്കും. ഇത് എന്‍റെ അനുഭവത്തില്‍കൂടിയുള്ള വിശ്വാസമാണ്. ആകയാല്‍ എനിക്ക് അങ്ങയോട് പ്രത്യേകമായി ഒന്നു ചോദിക്കാനുണ്ട്. അങ്ങ് കുറച്ചുസമയത്തേയ്ക്കു കൈകൊണ്ട വിശ്വരൂപം അങ്ങയുടെ യഥാര്‍ത്ഥസ്വരൂപമാണോ, അതോ അത് അങ്ങയുടെ ദിവ്യശക്തിയുടെ ഒരു പ്രകടനം മാത്രമായിരുന്നോ? എല്ലാ കര്‍മ്മങ്ങളും അങ്ങയില്‍ അര്‍പ്പിച്ച് അങ്ങയെ പ്രാപിക്കുന്നതാണ് ഏറ്റവും അഭികാമ്യമായ ലക്ഷ്യമെന്നുകരുതി എല്ലാ സങ്കല്പങ്ങളും അങ്ങയുടെ ഭക്തിയില്‍ നിമഗ്നമാക്കി, സാകാരരൂപത്തില്‍ അങ്ങയെ ഉപാസിക്കുന്നവരുണ്ട്. അവര്‍ ഹൃദയത്തില്‍ അങ്ങയെമാത്രം പ്രതിഷ്ഠിച്ചുകൊണ്ട് പലവിധത്തിലും അങ്ങയെ ഭജിക്കുന്നു. ഇതേസമയത്ത് അനുപമവും അവാച്യവും അനശ്വരവും അദൃശ്യവും അഗോചരവും അതീന്ദ്രിയവും കാലദേശങ്ങള്‍ക്കതീതവും പ്രണവമന്ത്രമായ ഓംകാരത്തിന്‍റെപോലും സീമകള്‍ക്കപ്പുറത്തുള്ളതുമായ അങ്ങയുടെ നിരാകാരഭാവത്തെ ‘ഞാന്‍ബ്രഹ്മമാകുന്നു’ എന്നുള്ള അവധാരണത്തോടെ ഭജിക്കുന്ന ജ്ഞാനികളായ ഉപാസകരുമുണ്ട്. ഭഗവാനേ, ഇപ്രകാരം സാകാരഭാവത്തിലും അങ്ങയെ ഉപാസിക്കുന്ന രണ്ടുകൂട്ടരില്‍ ആരാണ് കൂടുതല്‍ ശ്രേഷ്ഠരെന്നു ദയവായി പറഞ്ഞാലും.
അര്‍ജ്ജുനന്‍റെ ചോദ്യം കൃഷ്ണന് നന്നെ ബോധിച്ചു. അദ്ദേഹം അരുളി:
അര്‍ജ്ജുനാ, നീ ശരിയായ ചോദ്യം ചോദിച്ചിരിക്കുന്നു.