ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 2

ശ്രീ ഭഗവാനുവാച:

മയ്യാവേശ്യ മനോ യേ മാം
നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാ-
സ്തേ മേ യുക്തതമാ മതാഃ

ആരൊക്കെയാണോ മനസ്സിനെ എന്നില്‍ പൂര്‍ണ്ണമായി ഉറപ്പിച്ച് നിരന്തരസ്മരണയോടും പരമശ്രദ്ധയോടുംകൂടി എന്നെ ഉപാസിക്കുന്നത്, അവരാണ് ഉത്തമയോഗികള്‍ എന്നത്രെ എന്‍റെ അഭിപ്രായം.

ശ്രീ ഭഗവാന്‍ തുടര്‍ന്നു:

അല്ലയോ പാര്‍ത്ഥാ, പശ്ചിമചക്രവാളത്തിലേക്ക് സൂര്യന്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ രശ്മികളും അദ്ദേഹത്തോടൊപ്പം പോകുന്നു. വര്‍ഷകാലത്ത് നദി ജലംകൊണ്ടു നിറയുന്നു. അതുപോലെ, എന്നെ ആരാധിക്കുന്ന എന്‍റെ ഭക്തന്മാര്‍ക്ക് എന്നിലുള്ള വിശ്വാസം കൂടിക്കൂടിവരുന്നു. ശക്തമായി ഒഴുകുന്ന ഗംഗാനദി സമുദ്രത്തിലെത്തിച്ചേര്‍ന്നാലും അതിന്‍റെ ഒഴുക്കിന്‍റെ വേഗത മുമ്പത്തെപ്പോലെതന്നെ തുടരുന്നു. അതേവിധം എന്‍റെ ഭക്തന്മാര്‍ ഞാനുമായി തന്മയീഭവിക്കുമ്പോഴും അവരുടെ ഭക്തിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഈ ഭക്തന്മാര്‍ അവരുടെ ചിത്തം എന്നിലുറപ്പിച്ചുകൊണ്ട് ദിനരാത്രങ്ങളെന്ന ഭേദമില്ലാതെ എന്നെ ഭജിക്കുകയും അവരുടെ ജീവിതം മുഴുവനും എനിക്കുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവര്‍ ഉത്തമന്മാരായ യോഗയുക്തന്മാരാണെന്ന് ഞാന്‍ കരുതുന്നു.