ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 3, 4

യേ ത്വക്ഷരമനിര്‍ദ്ദേശ്യം
അവ്യക്തം പര്യുപാസതേ
സര്‍വ്വത്രഗമചിന്ത്യം ച
കൂടസ്ഥമചലം ധ്രുവം.

സം നിയമ്യേന്ദ്രിയഗ്രാമം
സര്‍വ്വത്ര സമബുദ്ധയേഃ
തേ പ്രാപ്നുവന്തി മാമേവ
സര്‍വ്വഭൂതഹിതേ രതാഃ

ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്നും പിന്തിരിപ്പിച്ച് അന്തര്‍മുഖമാക്കി സര്‍വത്ര സമബുദ്ധിയോടെ സര്‍വ്വജീവികളുടേയും നന്മയില്‍ തല്‍പരരായി ആരാണോ സര്‍വവ്യാപിയും അചിന്ത്യവും കൂടസ്ഥവും അചലവും ശാശ്വതവും അനിര്‍ദ്ദേശ്യവും അവ്യക്തവുമായ അക്ഷരബ്രഹ്മത്തെ എങ്ങും അറിഞ്ഞു ഭജിക്കുന്നത്, ആ നിര്‍ഗുണ ബ്രഹ്മോപാസകര്‍ ബ്രഹ്മമായ എന്നെത്തന്നെ പ്രാപിക്കുന്നു.

അല്ലയോ അര്‍ജ്ജുനാ, ജ്ഞാനികള്‍ അനശ്വരമായ നിരാകാര ബ്രഹ്മത്തെ ഗ്രഹിക്കുന്നതിനു ശ്രമിക്കുന്നു. എന്നാല്‍ മനസ്സിന് തുളച്ചുകയറാന്‍ കഴിയാത്തതും ബുദ്ധിക്ക് പരിവേഷണം ചെയ്യാന്‍ സാധ്യമല്ലാത്തതുമായ ഇത് എങ്ങനെയാണ് ഇന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവിക്കുക? ഈ ബ്രഹ്മം പ്രത്യേക സ്ഥലപരിമിതിക്കുള്ളിലല്ലാത്തതുകൊണ്ട്, അഗാധമായ അന്തര്‍ധ്യാനത്തിനുപോലും ഇത് അപ്രാപ്യമാണ്. ഇത് നിരാകാരവും എന്നാല്‍ എല്ലാ ആകാരത്തിലും എല്ലാ സ്ഥലങ്ങളിലും സ്ഥിതിചെയ്യുന്നതുമാണെങ്കിലും വിചിന്തനം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് മനസ്സ് സ്തംഭിച്ചു നില്‍ക്കുന്നു. ഇത് ഒരിക്കലും ജനിച്ചതല്ല. ഒരിക്കലും ജനിക്കുകയുമില്ല. ഇത് നിലനില്‍ക്കുന്നുവെന്നോ നിലനില്‍ക്കുന്നില്ലെന്നോ ആര്‍ക്കും പറയാന്‍ സാധ്യവുമല്ല. തന്മൂലം ഇതിനെ പ്രാപിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനരഹിതങ്ങളാണ്. ഇത് അചലവും അചരവും അവ്യയവും അനന്തവുമാണ്. ഇത് മലിനപ്പെടുകയില്ല.

യോഗികള്‍ അവരുടെ യോഗശക്തികൊണ്ട് ഇതിനെ അവര്‍ക്ക് സ്വാധീനമാക്കിയിട്ടുണ്ട്. അവര്‍ വിഷയസുഖങ്ങളുടെ മഹാഗണങ്ങളെ വൈരാഗ്യമാകുന്ന വഹ്നിയില്‍ എരിച്ചിട്ട്, കത്തികരിഞ്ഞ ഇന്ദ്രിയങ്ങളെ അസാമാന്യമായ ധീരതയോടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിന്നീട് അവയെ ബാഹ്യവസ്തുക്കളില്‍നിന്ന് പിന്തിരിപ്പിച്ച് അന്തര്‍മുഖമാക്കി ആത്മനിയന്ത്രണത്തിന്‍റെ പാശംകൊണ്ടു ബന്ധിച്ച് ഹൃദയത്തിന്‍റെ ഉള്ളറകളില്‍ തടവിലാക്കുന്നു. അനുയോജ്യമായ യോഗാസനം തിരഞ്ഞെടുത്ത് അപാനവായുവിന്‍റെ പുറത്തേയ്ക്കുള്ളവഴി അടച്ചിട്ട് മൂലബന്ധത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ സങ്കല്പങ്ങളുടെ ചങ്ങലപൊട്ടിച്ചെറിയുന്നു. ഭയത്തിന്‍റെ പാറക്കെട്ടുകള്‍ ഭഞ്ജിക്കുന്നു. നിദ്രാതമസ്സിനെ നിശ്ശേഷം ഇല്ലാതാക്കുന്നു. മൂലബന്ധാസനത്തില്‍നിന്നുത്ഭവിക്കുന്ന ആന്തരികാഗ്നിജ്വാലയില്‍ ശരീരത്തിന്‍റെ സപ്തധാതുക്കളേയും എരിച്ചിട്ട് എല്ലാവ്യാധികളുടേയും ശിരസ്സ് ഒരു മാലയായി കോര്‍ത്ത്, കൊത്തളങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള ഷട്ചക്രങ്ങളാകുന്ന പ്രാണായാമ പീരങ്കികളില്‍ അണിയിക്കുന്നു. അതിനുശേഷം കുണ്ഡിലിനി ശക്തിയാകുന്ന ദീപയഷ്ടിയെ മൂലാധാരചക്രത്തില്‍ കൊളുത്തി, അതിന്‍റെ വെളിച്ചത്തില്‍, ശിരസ്സുവരേയുള്ള എല്ലാ ശരീരഭാഗങ്ങളേയും പ്രകാശിപ്പിച്ച്, മൂര്‍ദ്ധാവിലുള്ള സഹസ്രാരത്തിലേക്കുള്ള വഴി തെളിയിക്കുന്നു. ആത്മ നിയന്ത്രണമാകുന്ന ബലവത്തായ സാക്ഷ ഉപയോഗിച്ച് നവദ്വാരങ്ങളുടേയും വാതിലുകള്‍ അടച്ചിട്ട് സുഷുമ്നാനാഡിയാകുന്ന ജന്നല്‍ തുറക്കുന്നു. അതിനുശേഷം സങ്കല്പങ്ങളാകുന്ന മേഷങ്ങളെയും മനസ്സാകുന്ന മഹിഷത്തെയും കൊന്ന് അവയുടെ ശിരസ്സുകള്‍ പ്രാണശക്തിയാകുന്ന ചാമുണ്ഡേശ്വരിക്ക് നിവേദ്യമായി അര്‍പ്പിക്കുന്നു. പിന്നീട് വായുമാര്‍ഗ്ഗങ്ങളായ ഇഡ, പിംഗല എന്നീ നാഡികള്‍ യോജിപ്പിച്ച് ഹൃച്ചക്രത്തിലുള്ള അനാഹതശബ്ദം (സ്വാഹം സ്വരം) പുറപ്പെടുവിച്ച് സുധാകരബിംബത്തിന്‍റെ അസാധാരണ സുധ നേടുന്നു. പിന്നീട് സുഷുമ്നാനാഡി വഴിയായി ബ്രഹ്മരന്ധ്രത്തിലെത്തുന്നു. ആജ്ഞാ ചക്രത്തിലെ ദുര്‍ഘടമായ വഴികള്‍ ചവുട്ടിക്കയറി ചിദാകാശത്തിലെത്തുമ്പോള്‍ അവര്‍ പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. ഇപ്രകാരം സമബുദ്ധിനിറച്ച മനസ്സോടുകൂടി ബ്രഹ്മസാക്ഷാത്കാരത്തിനുവേണ്ടി, യോഗത്തിന്‍റെ ക്ലിഷ്ടമായ പാതയെ അവര്‍ ആശ്രയിക്കുന്നു. ഇപ്രകാരമുള്ള ആത്മത്യാഗത്തിനുപകരമായി അവര്‍ എന്‍റെ അവ്യക്ത സ്വരൂപത്തെ പ്രാപിക്കുകയും ഞാനുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ യോഗത്തിന്‍റെ ബലത്തില്‍, വിശേഷപ്പെട്ട മറ്റെന്തെങ്കിലും കൂടുതലായി നേടാന്‍ അവര്‍ക്കു കഴിയുമെന്ന് നീ വിചാരിക്കരുത്. അങ്ങനെ എന്തിനെങ്കിലും വേണ്ടിയുള്ള യോഗാനുഷ്ഠാനം കേവലം ഫലമില്ലാത്ത പ്രയത്നം മാത്രമായിരിക്കും.