ജീവിതത്തില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന്, കര്‍മ്മത്തിന്റെ ഉപേയത്തിനെന്നപോലെ ഉപായത്തിനും തുല്യപ്രാധാന്യം കല്പിക്കണമെന്നുള്ളതാകുന്നു. ഒരു മഹാപുരുഷനില്‍ നിന്നാണ് ഞാനിതു പഠിച്ചത്; അദ്ദേഹത്തിന്റെ ജീവിതം തന്നെ ഈ മഹാതത്ത്വത്തിന്റെ പ്രായോഗിക ദൃഷ്ടാന്തവുമായിരുന്നു. ഈ ഒരു തത്ത്വത്തില്‍നിന്ന് പല വലിയ പാഠങ്ങളും ഞാന്‍ എന്നും പഠിച്ചുകൊണ്ടിരിക്കുന്നു. വിജയത്തിന്റെ സമസ്തരഹസ്യവും ഇതില്‍ – ഉപേയത്തിലോളം തന്നെ ഉപായത്തിലും ശ്രദ്ധിക്കണമെന്ന ഈ തത്ത്വത്തില്‍ – അടങ്ങിയിരിക്കുന്നതായി എനിക്കു തോന്നുന്നു.
ലക്ഷ്യം നമ്മെ അത്രവളരെ ആകര്‍ഷിക്കുന്നു, അത് അത്രയ ധികം മനോജ്ഞവും വ്യാമോഹകവുമായി നമുക്കു തോന്നുന്നു, നമ്മുടെ മനശ്ചക്രവാളത്തില്‍ അത് അത്ര വലിപ്പം വെയ്ക്കുന്നു എന്ന കാരണത്താല്‍ നാം വിശദാംശങ്ങളെ പാടെ വിസ്മരിച്ചു പോകു ന്നു. ഇതാണ് ജീവിതത്തിലെ വലിയ വൈകല്യം.
എന്നാല്‍ പരാജയം പിണയുമ്പോഴൊക്കെ നാം അതിനെക്കുറിച്ച് നിരൂപണബുദ്ധ്യാ വിശകലനം ചെയ്തുനോക്കിയാല്‍ തൊണ്ണൂറ്റൊമ്പതു ശതമാനം ദൃഷ്ടാന്തങ്ങളിലും ഉപായത്തെ ശ്രദ്ധിക്കാതിരുന്നതാണ് പരാജയകാരണമെന്നു കാണാം. ഉപായത്തിനു വെടിപ്പും ഉറപ്പും വരുത്തുന്നതില്‍ തക്ക ശ്രദ്ധ പതിപ്പിക്കുകയാണ് നാം വേണ്ടത്. ഉപായം ശരിയായാല്‍ ഉപേയം താനേ വരണം. കാരണമാണ് കാര്യത്തെ ജനിപ്പിക്കുന്നതെന്നു നാം വിസ്മരിക്കുന്നു. കാര്യം താനേ ഉണ്ടാവാന്‍ നിവൃത്തിയില്ല. കാരണം പര്യാപ്തവും ഉചിതവും ശക്തിമത്തുമല്ലെങ്കില്‍ കാര്യമുണ്ടാവില്ല. ലക്ഷ്യം തിരഞ്ഞെടുത്ത് അതിനുചിതമായ മാര്‍ഗ്ഗം തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാല്‍പ്പിന്നെ നമുക്കു ലക്ഷ്യത്തെ മിക്കവാറും വിസ്മരിക്കാം. എന്തെന്നാല്‍ മാര്‍ഗ്ഗം കോട്ടമറ്റതായാല്‍ ലക്ഷ്യപ്രാപ്തി പിന്നാലെയുണ്ടാകുമെന്നു നമുക്കുറപ്പുണ്ട്. കാരണമുള്ളേടത്തു കാര്യത്തെച്ചൊല്ലി ബുദ്ധിമുട്ടാനില്ല; കാര്യം ഉണ്ടായേ മതിയാവൂ. നാം കാരണത്തെ ശ്രദ്ധിച്ചുകൊണ്ടാല്‍ കാര്യം സ്വയം ശ്രദ്ധിച്ചുകൊള്ളും. ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് കാര്യം. അതിനുള്ള മാര്‍ഗ്ഗമാണ് കാരണം. അതിനാല്‍ മാര്‍ഗ്ഗം ശരിയാക്കുന്നതില്‍ ശ്രദ്ധിക്കുകയത്രേ ജീവിതവിജയത്തിന്റെ മഹത്തായ രഹസ്യം. ഇതേപ്പറ്റി ഗീതയിലും പ്രസ്താവിച്ചിട്ടുണ്ട്. നമുക്ക് കര്‍മ്മം ചെയ്യേണ്ടതുണ്ട്; നമ്മുടെ സകല ശക്തികളുമുപയോഗിച്ചു നിരന്തരം കര്‍മ്മത്തിലേര്‍പ്പെടണം; ചെയ്യുന്ന പ്രവൃത്തി എന്തായാലും, നമ്മുടെ മുഴുവന്‍ മനസ്സും അതില്‍ വ്യാപരിക്കണം; അതേസമയം നാം ആസക്തരായിരിക്കരുത്; അതായത്, മറ്റൊരു ചിന്തയും നമ്മെ ആ കര്‍മ്മത്തില്‍നിന്നു മറ്റു വഴിക്കു വലിക്കരുത്; എങ്കിലും നമുക്കു വേണമെന്നുള്ളപ്പോള്‍ ആ കര്‍മ്മം ഉപേക്ഷിച്ചു പോകാനും കഴിയണം – ഇതു നാം ഗീതയില്‍ നിന്നു പഠിക്കുന്നു.
നമ്മുടെ ജീവിതം പരീക്ഷിച്ചാല്‍ ദുഃഖത്തിന്റെ ഏറ്റവും വലിയ നിദാനമായി കാണുന്നതിതാണ്; നാം ഒരു സമാരംഭത്തിലേര്‍പ്പെടുകയും നമ്മുടെ മുഴുവന്‍ ശക്തിയും അതിലര്‍പ്പിക്കുകയും ചെയ്യുന്നു; ഒരുപക്ഷേ, അതൊരു പരാജയമായിത്തീരുന്നു; എങ്കിലും അതുപേക്ഷിക്കാന്‍ നമുക്കു സാധിക്കുന്നില്ല. അതു നമ്മെ പീഡിപ്പിക്കുന്നുണ്ടെന്നും അതിനോട് ഇനിയും ഒട്ടിപ്പിടിച്ചു കിടക്കുന്നത് കൂടുതല്‍ ദുഃഖത്തിനേ ഇടയാക്കുകയുള്ളുവെന്നും നമുക്കറിയാം. എന്നിട്ടും അതിനെ വിട്ടുപിരിയാന്‍ നാം ശക്തരല്ല. തേനീച്ച തേന്‍ കുടിക്കാന്‍ വന്നു; പക്ഷേ അതിന്റെ കാലുകള്‍ തേന്‍കുടത്തിലൊട്ടിപ്പോയി; അതിനാല്‍ അതിനു വിട്ടുപോകാന്‍ വയ്യാതായി. വീണ്ടും വീണ്ടും നാം ഈ അവസ്ഥയില്‍ പെടുന്നതായി അനുഭവപ്പെടുന്നു. ജീവിതത്തിന്റെ രഹസ്യം മുഴുവന്‍ അവിടെയാണ്. നാം എന്തിനിവിടെ വന്നു? നാം തേന്‍ കുടിക്കാന്‍ ഇവിടെ വന്നു; എന്നാല്‍ നമ്മുടെ കൈകാലുകള്‍ അതില്‍ ഒട്ടിപ്പോയതായി നാം കാണുന്നു. നാം വന്നതു പിടിക്കാനാണെങ്കിലും നാം പിടിക്കപ്പെടുന്നു. നാം ആസ്വദിക്കാന്‍ വന്നു; പക്ഷേ നാം ആസ്വദിക്കപ്പെടുന്നു. നാം ഭരിക്കാന്‍ വന്നു; എന്നാല്‍ നാം ഭരിക്കപ്പെടുന്നു. നാം പ്രവര്‍ത്തിക്കാന്‍ വന്നു; എങ്കിലും നാം പ്രവര്‍ത്തിക്കപ്പെടുന്നു. എല്ലായ്‌പോഴും ഇതാണ് നാം കാണുന്നത്. ജീവിതത്തില്‍ സര്‍വ്വത്ര ഇതുതന്നെ നടക്കുന്നു. അന്യ മനസ്സുകളുടെമേല്‍ പ്രവര്‍ത്തിക്കാനാണ് നാം സദാ ശ്രമിക്കുന്നത്. നാം ജീവിതത്തിലെ സുഖങ്ങളെ ആസ്വദിക്കാനാഗ്രഹിക്കുന്നു; എന്നാല്‍ അവ നമ്മുടെ ഓജസ്സിനെ കരണ്ടുതിന്നുന്നു. പ്രകൃതിയില്‍ നിന്ന് ഉള്ളതെല്ലാം കരസ്ഥമാക്കാന്‍ നാം ആഗ്രഹിക്കുന്നു; എന്നാല്‍ അവസാനം പ്രകൃതി നമ്മില്‍നിന്ന് ഉള്ളതെല്ലാം അപഹരിച്ച് നിര്‍വ്വീര്യമാക്കി നമ്മെ എറിഞ്ഞുകളയുന്നതായി കാണുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 9. പേജ് 130-131]