ശ്രീ രമണമഹര്‍ഷി
നവംബര്‍ 9-10, 1936
കോഹന്‍: ‘ഇച്ഛ’ എന്താണ്. അത് പഞ്ചകോശത്തില്‍ ഉള്‍പെട്ടിരിക്കുന്നു?
മഹര്‍ഷി: അഹംബോധം ആദ്യം ജനിക്കുന്നു. പിന്നീട് മറ്റു വിചാരങ്ങളെല്ലാം. അവയുടെ സമൂഹം മനസാണ്. മനസ് വിഷയവും ‘ഞാന്‍’ കര്‍ത്താവുമായിരിക്കുന്നു. എന്നെ കൂടാതെ ഇച്ഛ ജനിക്കുകയില്ല. ഇച്ഛ ‘ഞാന്‍’എന്നതിനോട് ചേര്‍ന്നുനില്‍ക്കുന്നു. ‘ഞാന്‍’ വിജ്ഞാമയകോശമാണ്. ഇച്ഛ അതില്‍പെടും. സ്ഥൂല ശരീരം അന്നമയകോശത്തില്‍പെടും. ഇന്ദ്രിയങ്ങളും പ്രാണനും പ്രാണമയ കോശത്തിലും ഇന്ദ്രിയബോധങ്ങളും മനസ്സും മനോമയകോശത്തിലും ഇദം – അഹംവൃത്തികളായ ബുദ്ധിവൃത്തികള്‍ വിജ്ഞാനമയ കോശത്തില്‍ പെട്ടവയുമാണ്.
ഹിന്ദുമതത്തില്‍ചേര്‍ന്ന, ഉമാദേവി എന്ന, ഒരു പോളിഷ് സ്ത്രീ കണ്ട കാശ്മീര്‍ പ്രകൃതിവിലാസത്തെ വര്‍ണിച്ചു കേള്‍പ്പിച്ചു. നാം സഞ്ചാരക്ലേശം കൂടാതെ കാശ്മീരില്‍ ആ സ്ഥലങ്ങളെല്ലാം പോയി കണ്ടു എന്നു പറഞ്ഞ് ഭഗവാന്‍ വിനോദിച്ചു.
സ്ത്രീ: എനിക്കു കൈലാസത്തിലും പോകണം
മഹര്‍ഷി: വിധിയുണ്ടെങ്കില്‍ പോകാം. എല്ലാം കണ്ടാലും പിന്നെയും കാണാനുണ്ടാവും ഈ അര്‍ദ്ധഗോളത്തിലല്ലെങ്കില്‍ അടുത്തതില്‍, അറിവ്, അറിഞ്ഞതിനുശേഷം എന്തവശേഷിക്കുന്നു എന്നതിനെ അപേക്ഷിച്ചിരിക്കുന്നു. അറിവെപ്പോഴും പരിമിതമായിരിക്കും ഭഗവാന്‍ പിന്നീട്:
അപ്പര്‍സ്വാമി ജരാതുരനും വൃദ്ധനുമായിരുന്നിട്ടും കൈലാസത്തേക്കു പുറപ്പെട്ടു. മറ്റൊരു വൃദ്ധന്‍ വഴിയില്‍ വന്ന് യാത്ര വളരെ വിഷമമായിരിക്കുമെന്ന് ഭയപ്പെടുത്തി. പക്ഷെ അപ്പര്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ആഗതന്‍ അടുത്തുള്ള ഒരു തടാകത്തില്‍ മുങ്ങാന്‍ പറഞ്ഞു അപ്പര്‍ മുങ്ങി, കരയില്‍ കയറിയപ്പോള്‍ അവിടെത്തന്നെ കൈലാസത്തെ കണ്ടു. അപ്പര്‍ മാത്രമേ ഇപ്രകാരം കണ്ടുള്ളൂ. എല്ലാം അവനവന്‍റെ മനസ്സിലാണ് കാണുന്നത്, മറ്റെങ്ങുമല്ല.