ശ്രീ രമണമഹര്‍ഷി
നവംബര്‍ 9-10, 1936
ചോദ്യം: മായയെ ഒഴിച്ചുവയ്ക്കാന്‍ സഹായിക്കുമോ?
മഹര്‍ഷി: മായയെന്താണ്
ചോദ്യം: ഈ ലോകത്തോടുള്ള മമത.
മഹര്‍ഷി: ഈ ലോകം ഗാഢനിദ്രയിലുണ്ടായിരുന്നോ?
ചോദ്യം: ഇല്ലായിരുന്നു.
മഹര്‍ഷി: നിദ്രയില്‍ നിങ്ങളുണ്ടായിരുന്നോ?
ചോദ്യം: ഉണ്ടായിരുന്നിരിക്കണം.
മഹര്‍ഷി: എന്താ, ഇല്ലയിരുന്നുവെന്നാണോ?
ചോദ്യം: അല്ല, ഉണ്ടായിരുന്നു.
മഹര്‍ഷി: നോക്കൂ! നിങ്ങള്‍, ഉറക്കത്തില്‍, ആ ഒളിച്ചുനിന്ന ആളാണ്.
ചോദ്യം: അതെ
മഹര്‍ഷി:
ഉറക്കം : ലോകമില്ല, ബന്ധമില്ല, ആത്മാവുണ്ട്
ഉണര്‍ച്ച : ലോകമുണ്ട്, ബന്ധമുണ്ട്, ആത്മാവുണ്ട്
എന്നിരിക്കെ, ഇപ്പോള്‍ നിങ്ങള്‍ മായയെ വിമര്‍ശിക്കാന്‍ കാരണം?
ചോദ്യം: ഉറക്കത്തില്‍ മനസ്സുണ്ടായിരുന്നില്ല ലോകവും ബന്ധങ്ങളും മനസിന്‍റെ വകയാണ്, ആത്മാവിന്‍റെയല്ല. അപ്പോളതിനെപ്പറ്റി ഞാനജ്ഞനായിരുന്നു.
മഹര്‍ഷി: അജ്ഞനായിരുന്നു എന്നു പറയുന്നതാര്? ആ ആള്‍ ഇപ്പോള്‍ വിജ്ഞനാണോ? ഉറക്കത്തില്‍ അറിയാതിരുന്നവര്‍ തന്നെ ഇപ്പോള്‍ അറിയുന്നവനായി നില്‍ക്കുന്നതും. ഉറക്കത്തില്‍ നിങ്ങള്‍ക്ക് ദേഹന്ദ്രിയാദികളുടെയും മനസിന്‍റെയും കൂട്ടു കെട്ടില്ലാതിരുന്നതിനാല്‍ അത്രയും ശുദ്ധിയുണ്ടായിരുന്നു. അത്രത്തോളം അത്മസാന്നിധ്യം ( അറിഞ്ഞില്ലെങ്കിലും) അനുഭവിച്ചു സംസ്കാരങ്ങളുടെ സമ്മര്‍ദ്ദം മൂലം അഹങ്കാരന്‍ വീണ്ടും ഉണര്‍ന്നപ്പോള്‍ പഴയ ദേഹേന്ദ്രിയ, മനസ്സാദി കൂട്ടുകാരും ഒത്തുകൂടി. നശ്വര വിഷയഭോഗങ്ങളെ ഊട്ടാന്‍.
ചോദ്യം: ഉറക്കം ആത്മസാക്ഷാല്‍ക്കാരമാവുമോ?
മഹര്‍ഷി: ആത്മാവുതന്നെയാണ്. സാക്ഷാല്‍ക്കാരമെന്നെന്തിനു പറയണം? ആത്മാവ് സാക്ഷാല്‍ക്കാരത്തിലേ ഇരിക്കുകയുള്ളുവല്ലോ. ഉറക്കത്തെ മാത്രം പറയുന്നതെന്തിന്, ഇപ്പോഴും നിങ്ങള്‍ ആ സാക്ഷാല്‍ക്കാരത്തെ വിട്ടിരിക്കുകയല്ലല്ലോ? ഉറക്കവേളയില്‍ എങ്ങനെയോ അതുപോലെ ഇപ്പോഴും അതു സ്വയം അറിയുന്നില്ലെന്നെയുള്ളൂ.
ചോദ്യം: ഇതൊന്നും മനസ്സിലാകുന്നില്ല
മഹര്‍ഷി: ദേഹാത്മബോധമായിരിക്കുന്നിടത്തോളം മനസ്സിലാവുകയില്ല തന്നെ. ആ തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും.
ചോദ്യം: അങ്ങെന്‍റെ ചോദ്യത്തിനുത്തരം പറഞ്ഞില്ല, മായയെ അഥവാ ബന്ധത്തെ ഒഴിക്കുന്നതെങ്ങനെ?
മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ക്കു ബന്ധമില്ല. ഇപ്പോഴാണ് ബന്ധവും അതിനെപ്പറ്റിയുള്ള ബോധവും. ഇതു നിങ്ങളുടെ തനി പ്രകൃതമല്ല ആരെയാണ് ബന്ധം പറ്റി നില്‍ക്കുന്നത്? നിങ്ങളുടെ തനി പ്രകൃതത്തില്‍ ബന്ധമില്ലെന്നറിയാവുന്നതാണ്. തനി പ്രകൃതത്തെ അറിയുമ്പോള്‍ തന്റേതുകളൊന്നും പറ്റിനില്‍ക്കാത്ത സ്വരൂപത്തെയറിയും. മായ അങ്ങനെ ഒഴിയും. ഏതെങ്കിലും വഴിയില്‍ക്കൂടി ഒഴിച്ചു വയ്ക്കണം എന്നു പറയാന്‍ തക്കവണ്ണം നമ്മുക്കെതിരെ നില്‍ക്കുന്ന വിഷയമല്ല മായ.