യഥാര്‍ത്ഥവിജയത്തിന്റെ, യഥാര്‍ത്ഥമായ സുഖലബ്ധിയുടെ, മര്‍മ്മം ഇതാണ്; പ്രതിഫലമാവശ്യപ്പെടാത്ത, തികച്ചും നിഃസ്വാര്‍ത്ഥനായ, മനുഷ്യന്നുള്ളതാകുന്നു ഏറ്റവും വലിയ വിജയം. ഇതൊരു വിരോധാഭാസംപോലെ തോന്നും. ജീവിതത്തില്‍ നിഃസ്വാര്‍ത്ഥതയുള്ള മനുഷ്യരെല്ലാം വഞ്ചിക്കപ്പെടുന്നതായും ദ്രോഹിക്കപ്പെടുന്നതായും കാണുന്നില്ലേ? പുറംകാഴ്ചയില്‍ അങ്ങനെതന്നെ. ‘ക്രിസ്തു സ്വാര്‍ത്ഥരഹിതനായിരുന്നു: എങ്കിലും അദ്ദേഹം ക്രൂശിക്കപ്പെട്ടു.’ ശരിതന്നെ. എന്നാല്‍, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥരാഹിത്യം ഒരു മഹാവിജയത്തിന്റെ – ലക്ഷോപലക്ഷം ജീവിതങ്ങള്‍ യഥാര്‍ത്ഥ വിജയത്താല്‍ അനുഗൃഹീതവും സഫലീകൃതവുമായിട്ടുള്ളതിന്റെ – നിദാനമാണെന്ന് നമുക്കറിയാം.
യാതൊന്നും ആവശ്യപ്പെടരുത്: പ്രതിഫലമായി യാതൊന്നും ആഗ്രഹിക്കരുത്. നിങ്ങള്‍ക്കുള്ളതു കൊടുക്കുക. അതു നിങ്ങളുടെ അടുക്കലേയ്ക്കുതന്നെ മടങ്ങിവരും: എന്നാല്‍, അതേപ്പറ്റി ഇപ്പോള്‍ ചിന്തിക്കുകയേ അരുത്. ആയിരം മടങ്ങായി അതു തിരിച്ചുവരും, എന്നാല്‍ നിങ്ങളുടെ ശ്രദ്ധ അതിലായിരിക്കരുത്. കൊടുക്കാനുള്ള കഴിവു നേടുകയും കൊടുക്കുകയും ചെയ്യുക. അതോടെ അതവസാനിക്കട്ടെ. ജീവിതം മുഴുവനും കൊടുക്കലാണെന്നും പ്രകൃതി നിങ്ങളെക്കൊണ്ടു ബലാല്‍ കൊടുപ്പിക്കുമെന്നും മനസ്സിലാക്കുക. അതുകൊണ്ട്, മനസ്സാലെ കൊടുത്തേക്കുക. നേരത്തേയോ താമസിച്ചോ എല്ലാം നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവരും. സ്വരൂപിച്ചുകൂട്ടുവാനായി നിങ്ങള്‍ ജീവിതം കൈക്കൊള്ളുന്നു. ഇറുക്കിയ മുഷ്ടിയോടെ നിങ്ങള്‍ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, പ്രകൃതി നിങ്ങളുടെ കഴുത്തിനു ഞെക്കിപ്പിടിച്ച് നിങ്ങളുടെ മുഷ്ടി വിടര്‍ത്തുന്നു. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ കൊടുത്തേ മതിയാവൂ. ‘ഞാന്‍ കൊടുക്കില്ല’ എന്നു പറയുന്ന നിമിഷത്തില്‍ നിങ്ങളുടെ മുതുകത്ത് അടി വീഴുന്നു. നിങ്ങള്‍ക്കു മുറിവേല്ക്കുന്നു. ഒടുവില്‍ സകലതും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധരാകാത്ത ആരുമില്ല. മനുഷ്യന്‍ ഈ നിയമത്തിന്നെതിരെ എത്രമാത്രം പ്രവര്‍ത്തിക്കുന്നുവോ അത്ര മാത്രം അയാള്‍ക്കു ദുഃഖാനുഭവവും വര്‍ദ്ധിക്കുന്നു.
ഉപേക്ഷിക്കാനുള്ള ധൈര്യമില്ലായ്മയാണ്, പ്രകൃതിയുടെ ഈ ഉന്നതമായ അവകാശവാദത്തിനു വഴങ്ങിക്കൊടുക്കാന്‍ വേണ്ടത്ര ആത്മാര്‍പ്പണബുദ്ധിയില്ലാത്തതാണ്, നമ്മുടെ ദുഃഖാനുഭവങ്ങളുടെ ഹേതു. കാടു പൊയ്പോയി, പക്ഷേ, പകരം നമുക്കു ചൂടു (വിറക്) കിട്ടുന്നു. സൂര്യന്‍ സമുദ്രത്തില്‍നിന്ന് വെള്ളം വലിച്ചെടുക്കുന്നു, മഴയായി മടക്കിക്കൊടുക്കാന്‍ മാത്രം. മേടിക്കാനും കൊടുക്കാനുമുള്ള ഒരു യന്ത്രമാണ് നിങ്ങള്‍. നിങ്ങള്‍ എടുക്കുന്നത്, കൊടുക്കാന്‍മാത്രം. അതിനാല്‍, പ്രതിഫലമൊന്നും ആവശ്യപ്പെടരുത്. എന്നാല്‍, എത്രയധികം നിങ്ങള്‍ കൊടുക്കുന്നുവോ അത്ര സമൃദ്ധിയായിട്ടായിരിക്കും നിങ്ങള്‍ക്കു തിരിച്ചുകിട്ടുന്നതും. എത്ര വേഗം ഈ മുറിയിലുള്ള വായു അവിടെ നിന്നു ബഹിഷ്‌കരിക്കാന്‍ കഴിയുമോ അത്ര വേഗംതന്നെ വെളിയില്‍ നിന്ന് വായു അതിലേയ്ക്കു പ്രവഹിക്കുകയും ചെയ്യും. മുറിയുടെ വാതിലുകളും മറ്റെല്ലാ പഴുതുകളും അടച്ചിട്ടാല്‍ അകത്തെ വായു അവിടെത്തന്നെ നില്ക്കും. വെളിയിലെ വായു ഉള്ളിലേയ്ക്കു കടക്കില്ലെന്നുമാത്രമല്ല, ഉള്ളിലെ വായു കെട്ടിനിന്നു ദുഷിച്ച് വിഷമയമായിത്തീരുകയും ചെയ്യും. നദി, അതിലെ ജലം നിരന്തരം സമുദ്രത്തിലേയ്ക്കു തള്ളിവിടുംതോറും, നിറഞ്ഞുകൊണ്ടിരിക്കുന്നു. സമുദ്രത്തിലേയ്ക്കുള്ള വാതില്‍ ബന്ധിക്കരുത്: അതു ചെയ്യുന്ന നിമിഷത്തില്‍ മരണം നിങ്ങളെ പിടികൂടും.
അതിനാല്‍, യാചകനാകരുത്: അനാസക്തനാവുക. ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള കൃത്യം ഇതാണ്. മാര്‍ഗ്ഗമദ്ധ്യത്തിലെ അപകടങ്ങള്‍ നിങ്ങള്‍ കണക്കാക്കിയിട്ടില്ല. പ്രയാസങ്ങളെക്കുറിച്ചു ബുദ്ധി കൊണ്ട് ഓര്‍ത്തറിഞ്ഞാലും അനുഭവത്തില്‍ വരുന്നതുവരെ നാം അവയെ യഥാര്‍ത്ഥത്തില്‍ അറിയുന്നില്ല. ഒരുദ്യാനത്തിന്റെ സാമാന്യ വീക്ഷണം അകലെ നിന്നാലും കിട്ടാം. പക്ഷേ, അതുകൊണ്ടായോ? നാം അതിനെ ആസ്വദിക്കുന്നതും യഥാര്‍ത്ഥത്തില്‍ അറിയുന്നതും അതിനുള്ളില്‍ കടക്കുമ്പോഴാണ്. നമ്മുടെ ഓരോ ശ്രമവും പരാജയപ്പെട്ടാലും, പരിക്കുകളേറ്റു രക്തമൊഴുകിയാലും, ചീന്തിക്കീറപ്പെടുന്നതായി തോന്നിയാലും, ഏതവസ്ഥയിലും നമ്മുടെ ഹൃദയധൈര്യം കൈവിടാതെ കാക്കേണ്ടിയിരിക്കുന്നു. ഈ പ്രയാസങ്ങള്‍ക്കെല്ലാമിടയ്ക്കും നാം നമ്മുടെ ഈശ്വരഭാവത്തെ ബലാല്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. പ്രകൃതി നമ്മെ പ്രതികാരത്തിന്നു പ്രേരിപ്പിക്കും: അടിക്ക് അടിയും ചതിക്കു ചതിയും കളവിനു കളവും പ്രയോഗിക്കാന്‍, നമുക്കുള്ള സര്‍വ്വശക്തിയുമുപയോഗിച്ചു തിരിച്ചടിക്കാന്‍ നമ്മോടാവശ്യപ്പെടും. അപ്പോള്‍ തിരിച്ചടിക്കാതിരിക്കാന്‍ ആത്മനിയന്ത്രണം പാലിക്കാന്‍, അനാസക്തനായിരിക്കാന്‍, ദേവാതീതമായ ഒരു ശക്തി നമുക്കാവശ്യമുണ്ട്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 9. പേജ് 134-136]