നാം സദാ സമയവും, കുട്ടിക്കാലംമുതല്‌ക്കേ, നമുക്കു വെളിയിലുള്ള വല്ലതിലും കുറ്റം ചുമത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു. നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നിലകൊള്ളുന്നത്, നമ്മെത്തന്നെ നേരേയാക്കാനല്ല. നാം ദുഃഖാര്‍ത്തരാകുമ്പോള്‍ ‘ഓ, ഈ ലോകം ചെകുത്താന്റെ ലോകം തന്നെ,’ എന്നു പറയുന്നു. നാം അന്യരെ ശപിച്ചിട്ട് ‘എന്തൊരു ഭ്രാന്തന്മാര്‍, എന്തൊരു വിഡ്ഢികള്‍’ എന്ന് അവരെ കുറ്റപ്പെടുത്തുന്നു. എന്നാല്‍, നാം യഥാര്‍ത്ഥത്തില്‍ അത്ര നല്ലവരാണെങ്കില്‍ എന്തുകൊണ്ട് ഈ മാതിരി ലോകത്തിലായി? ഇതു ചെകുത്താന്റെ ലോകമാണെങ്കില്‍ നാമും ചെകുത്താന്മാരായിരിക്കണം: അല്ലെങ്കില്‍ നാം എന്തുകൊണ്ട് ഇവിടെയായി? ‘ഹോ! ലോകത്തിലെ ആളുകളുടെ സ്വാര്‍ത്ഥത!’ പരമാര്‍ത്ഥംതന്നെ. എന്നാല്‍, നാം ഭേദപ്പെട്ടവരാണെങ്കില്‍ എന്തുകൊണ്ട് ഈ കൂട്ടത്തില്‍ കാണപ്പെടുന്നു? അതിനെപ്പറ്റി ഒന്നാലോചിക്കുക. നാം അര്‍ഹിക്കുന്നതേ നമുക്കു കിട്ടുന്നുള്ളു. ലോകം ചീത്തയും നാം നല്ലവരുമാണെന്നു പറയുമ്പോള്‍ അതൊരു പൊളിയാണ്. അതൊരിക്കലും അങ്ങനെയാവാന്‍ തരമില്ല. നാം നമ്മോടുതന്നെ പറയുന്ന ഒരു ഭയങ്കര കള്ളമാണത്.
ഇതാണ് ഒന്നാമതു പഠിക്കേണ്ട പാഠം; വെളിയിലുള്ള ഒന്നിനേയും ശപിക്കാതിരിക്കാനും അന്യരായ ആരുടേയും മേല്‍ കുറ്റം ചുമത്താതിരിക്കാനും നിശ്ചയിക്കുക: ആണത്തത്തോടെ എഴുന്നേറ്റുനിന്ന് കുറ്റം സ്വന്തം തലയിലേല്ക്കുക. അതെപ്പോഴും ശരിതന്നെയായിരിക്കുമെന്നു നിങ്ങള്‍ക്കു കാണാം. നിങ്ങളെത്തന്നെ പിടികൂടുക. ഒരു നിമിഷത്തില്‍ നാം നമ്മെപ്പറ്റി വളരെ വീരവാദങ്ങള്‍ മുഴക്കുന്നു; നാം പൗരുഷശാലികളാണെന്നും, ദേവതുല്യന്മാരാണെന്നും, നമുക്ക് എല്ലാമറിയാമെന്നും, എന്തു ചെയ്യാനും കഴിവുണ്ടെന്നും, നാം കുറ്റമറ്റവരും കളങ്കമറ്റവരുമാണെന്നും, ലോകത്തിലേയ്ക്കും നിഃസ്വാര്‍ത്ഥരാണെന്നും മറ്റും. അടുത്ത നിമിഷത്തില്‍ ഒരു ചെറിയ കല്ലു വന്ന് നമ്മെ മുറിപ്പെടുത്തുന്നു. ഒരു നിസ്സാര മനുഷ്യനില്‍നിന്നുണ്ടായ ഒരു ചെറിയ കോപപ്രകടനം നമ്മെ വ്രണിതഹൃദയരാക്കുന്നു. ഈ ‘ദേവന്മാരെ’ ദുഃഖത്തിലാഴ്ത്തുവാന്‍ തെരുവീഥിയിലെ ഏതൊരു വിഡ്ഢിക്കും സാധിക്കുന്നു! ഇതു ലജ്ജാവഹമല്ലേ? നാം അത്ര ദേവന്മാരായിരുന്നെങ്കില്‍ അതങ്ങനെ വരുമോ? ലോകമാണ് അപരാധിയെന്നു പറയുന്നതു ശരിയാണോ?
പരമനിര്‍മ്മലനും അത്യുദാരനുമായ ഈശ്വരനെ നമ്മുടെ പക്കലുള്ള വല്ല കൗശലംകൊണ്ടും ദുഃഖത്തിലാഴ്ത്തുവാന്‍ സാധിക്കുമോ? നിങ്ങള്‍ അത്ര വളരെ സ്വാര്‍ത്ഥരഹിതനാണെങ്കില്‍ നിങ്ങള്‍ ഈശ്വരതുല്യനാണ്. ഏതു ലോകത്തിനാണ് പിന്നെ നിങ്ങളെ ശല്യപ്പെടുത്താന്‍ കഴിയുക? യാതൊരു ഹാനിയും പറ്റാതെ, യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ഏഴു നരകങ്ങളില്‍ക്കൂടിയും കടന്നുപോകാന്‍ നിങ്ങള്‍ക്കു കഴിയും. എന്നാല്‍ നിങ്ങള്‍ ആവലാതിപ്പെടുകയും സ്വന്തം അസുഖങ്ങള്‍ക്കുള്ള കുറ്റം ബാഹ്യലോകത്തിന്റെ മേല്‍ ചുമത്തേണ്ടിവരികയും ചെയ്യുന്ന വസ്തുത, ബാഹ്യലോകം നിങ്ങളെ സ്പര്‍ശിക്കുന്നു, ബാധിക്കുന്നു, എന്നു തെളിയിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന ആ വസ്തുത, നിങ്ങള്‍ സ്വയം അവകാശപ്പെടുന്നത്രയൊന്നും ആയിട്ടില്ലെന്നും തെളിയിക്കുന്നു. ബാഹ്യലോകം നിങ്ങളെ ദ്രോഹിക്കുന്നു എന്നു സങ്കല്പിച്ചുകൊണ്ട്, ‘ഹോ! ഈ ചെകുത്താന്റെ ലോകം! എന്നെ ഇയാള്‍ ദ്രോഹിക്കുന്നു, അയാള്‍ ദ്രോഹിക്കുന്നു,’ എന്നെല്ലാം മുറവിളി കൂട്ടുന്നതിനാല്‍ നിങ്ങള്‍ ദുഃഖത്തിനുമേല്‍ ദുഃഖം കൂട്ടിവെച്ച് സ്വന്തം അപരാധം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ദുഃഖത്തോടു കള്ളംകൂടി ചേര്‍ക്കുകയാണത്.
നമുക്കു നമ്മുടെ കാര്യംതന്നെ നോക്കാനുണ്ട്. അത്രയും നമുക്കു ചെയ്യാവുന്നതാണ്. കുറെ നാളത്തേയ്ക്കു മറ്റുള്ളവരെ നന്നാക്കുന്നതില്‍നിന്നു വിരമിക്കുകയും ചെയ്യുക. നമുക്ക് ഉപായത്തെ അന്യൂനമാക്കാം: ഉപേയം സ്വയം നോക്കിക്കൊള്ളും. എന്തെന്നാല്‍ നമ്മുടെ ജീവിതം സത്തും നിര്‍മ്മലവും ആകുന്നെങ്കിലേ ലോകം സത്തും നിര്‍മ്മലവും ആകാന്‍ നിവൃത്തിയുള്ളു. അത് ഒരു ഫലമാണ്: നാം അതിനു ഹേതുവും. അതിനാല്‍ നമുക്ക് സ്വയം ശുദ്ധീകരിക്കാം. നമ്മെത്തന്നെ നിര്‍ദ്ദോഷരാക്കാം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 9. പേജ് 138-139]