ഗീത ആദ്യമായി പ്രവചിക്കപ്പെട്ടപ്പോള്‍ രണ്ടു മതസമ്പ്രദായങ്ങള്‍ തമ്മില്‍ വലിയൊരു വാദപ്രതിവാദം നടക്കുകയായിരുന്നു. ഒരു കൂട്ടര്‍ വൈദികയജ്ഞങ്ങളും ജന്തുബലികളും അപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനങ്ങളുംകൊണ്ട് ധര്‍മ്മസര്‍വ്വസ്വവുമായി എന്നു കരുതിപ്പോന്നു. മറ്റേ കൂട്ടര്‍ എണ്ണമില്ലാത്ത കുതിരകളേയും കന്നുകാലികളേയും കൊല്ലുന്നതു ധര്‍മ്മമാണെന്നു പറയാന്‍ പാടില്ലെന്നു വാദിച്ചു. രണ്ടാമത്തെ കൂട്ടര്‍ മിക്കവാറും സന്ന്യാസിമാരും ജ്ഞാനമാര്‍ഗ്ഗാവലംബികളുമായിരുന്നു. സര്‍വ്വകര്‍മ്മസന്ന്യാസവും ആത്മജ്ഞാനപ്രാപ്തിയും മാത്രമാണ് മോക്ഷമാര്‍ഗ്ഗം എന്ന് അവര്‍ വിശ്വസിച്ചുപോന്നു. ഈ രണ്ടു വിരുദ്ധസമ്പ്രദായികളുടേയും വാദങ്ങള്‍ക്ക് ഗീതാകര്‍ത്താവ് നിഷ്കാമകര്‍മ്മം എന്ന മഹത്തായ സിദ്ധാന്തം ഉപദേശിച്ചു ശമനമുണ്ടാക്കി.
ഗീത രചിക്കപ്പെട്ടത് മഹാഭാരതകാലത്തല്ല, പിന്നീടു കൂട്ടിച്ചേര്‍ത്തതാണ് എന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. ഇതു ശരിയല്ല. ഗീതയില്‍ കാണുന്ന അസാധാരണോപദേശങ്ങള്‍ മഹാഭാരതത്തില്‍ എല്ലായിടത്തും കാണാം. ഗീത മഹാഭാരതത്തിന്റെ ഭാഗമല്ലെന്നു തള്ളിക്കളയുകയാണെങ്കില്‍ ആ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ ഭാഗങ്ങളും തള്ളിക്കളയേണ്ടിവരും.
ഇനി, നിഷ്കാമകര്‍മ്മം എന്നുവെച്ചാല്‍ എന്ത്? സുഖമോ ദുഃഖമോ തന്റെ മനസ്സിനെ സ്പര്‍ശിക്കാതെ കര്‍മ്മം ചെയ്യുക എന്നാണ് അനേകം പേര്‍ ഇതുകൊണ്ടു മനസ്സിലാക്കുന്നത്. ഇതാണ് ഇതിന്റെ ശരിയായ അര്‍ത്ഥമെങ്കില്‍, മൃഗങ്ങള്‍ നിഷ്‌കാമമായി കര്‍മ്മം ചെയ്യുന്നു എന്നു പറയേണ്ടിവരും. ചില മൃഗങ്ങള്‍ അവയുടെ സന്താനങ്ങളെത്തന്നെ തിന്നുന്നു: അങ്ങനെ ചെയ്യുന്നതില്‍ അവയ്ക്കു യാതൊരു സങ്കടവുമില്ല. കൊള്ളക്കാര്‍ അന്യരെ കൊള്ള ചെയ്തു നശിപ്പിക്കുന്നു. അവര്‍ മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ വിചാരരഹിതരായി കാണപ്പെടുന്നതുകൊണ്ട് അവരേയും നിഷ്‌കാമകര്‍മ്മികളായി കരുതണം. ഇപ്രകാരമാണ് നിഷ്‌കാമകര്‍മ്മത്തിന്റെ അര്‍ത്ഥമെങ്കില്‍ കല്ലുപോലെ ഉറച്ച ഹൃദയത്തോടുകൂടിയവനെ, ദുഷ്ടന്മാരില്‍വെച്ചു ദുഷ്ടനായവനെപ്പോലും, നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുന്നവനായി കണക്കാക്കേണ്ടിവരും.
ചുമരുകള്‍ക്ക് സുഖമോ വേദനയോ ഇല്ല, അതുപോലെത്തന്നെ കല്ലിനും: എന്നുവെച്ച് അവ നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുകയാണെന്നു പറയാന്‍ വയ്യ. മേല്പറഞ്ഞ അര്‍ത്ഥത്തില്‍ ഈ സിദ്ധാന്തം ദുഷ്ടന്മാരുടെ കയ്യില്‍ ശക്തിഗര്‍ഭമായ ഒരായുധമായിത്തീരും. അവര്‍ ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് നിഷ്‌കാമകര്‍മ്മികളാണെന്ന് അവകാശപ്പെടും. നിഷ്‌കാമകര്‍മ്മത്തിന്റെ അര്‍ത്ഥം ഇതാണെങ്കില്‍ ഗീതോപദേശം ഒരു ഭയങ്കര സിദ്ധാന്തത്തെയാണ് മുന്നോട്ടുകൊണ്ടു വന്നിട്ടുള്ളത്. തീര്‍ച്ചയായിട്ടും ഇതല്ല അര്‍ത്ഥം. കൂടാതെ ഗീതാപ്രവചനത്തോടു സംബന്ധപ്പെട്ടവരുടെ ജീവിതത്തിലേയ്ക്കു നോക്കിയാല്‍ മുന്‍പറഞ്ഞവരുടേതില്‍നിന്ന് എത്രയോ വ്യത്യസ്തമായ ജീവിതമാണ് നാം കാണുന്നത്. അര്‍ജ്ജുനന്‍ ഭീഷ്മരേയും ദ്രോണരേയും യുദ്ധത്തില്‍ കൊന്നു: എങ്കിലും തന്റെ സര്‍വ്വസ്വാര്‍ത്ഥത്തേയും കാമങ്ങളേയും അഹന്തയേയും അനേകലക്ഷം പ്രാവശ്യം അയാള്‍ ബലികഴിച്ചിട്ടുണ്ട്.
ഗീത കര്‍മ്മയോഗം ഉപദേശിക്കുന്നു. യോഗത്തില്‍ക്കൂടി (ഏകാഗ്രതയില്‍ക്കൂടി) കര്‍മ്മം ചെയ്യണം. അങ്ങനെയുള്ള ഏകാഗ്രതയോടുകൂടിയ കര്‍മ്മത്തില്‍ അഹന്താബോധമേ ഇല്ല. യോഗസ്ഥനായി കര്‍മ്മം ചെയ്യുമ്പോള്‍ ‘ഞാന്‍ ഇതു ചെയ്യുന്നു, ഞാന്‍ അതു ചെയ്യുന്നു’ എന്നിങ്ങനെയുള്ള അഭിമാനം ഒരിക്കലും ഉണ്ടായിരിക്കില്ല. പാശ്ചാത്യര്‍ക്ക് ഇതു മനസ്സിലാകുന്നില്ല. അഹന്താബോധം ഇല്ലാതെ – ഞാന്‍ എന്ന ബോധം പൊയ്‌പോയാല്‍ – മനുഷ്യന് എങ്ങനെ കര്‍മ്മം ചെയ്യാന്‍ സാധിക്കും, എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍, ഏകാഗ്രതയോടുകൂടി അഭിമാനമറ്റു കര്‍മ്മം ചെയ്യുമ്പോള്‍ അത് എത്രയോ വളരയേറെ നന്നായി ചെയ്യപ്പെടുന്നു. ഇതു സ്വജീവിതത്തില്‍ ഓരോരുത്തരും അനുഭവിച്ചിരിക്കാം. നാം ഭക്ഷണം ദഹിപ്പിക്കുക മുതലായ പല കര്‍മ്മങ്ങളും അബോധപൂര്‍വ്വവും, മറ്റു പലതും ബോധപൂര്‍വ്വവും നടത്തുന്നു. വേറെ ചില കര്‍മ്മങ്ങള്‍ സമാധിയില്‍ മുഴുകിക്കൊണ്ടെന്നപോലെ അഹന്താബോധമില്ലാതെ ചെയ്യുന്നു. ചിത്രമെഴുത്തുകാരന്‍ തന്റെ അഹന്തയെ നിശ്ശേഷം മറന്ന് ചിത്രമെഴുത്തില്‍ സമ്പൂര്‍ണ്ണം മുഴുകുന്നുവെങ്കില്‍ അയാള്‍ക്ക് ഉത്തമചിത്രങ്ങള്‍ എഴുതുവാന്‍ കഴിയും. നല്ല പാചകക്കാരന്‍ താന്‍ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഏകാഗ്രചിത്തനാകുന്നു: തല്ക്കാലം മറ്റെല്ലാറ്റിനേയും പറ്റിയുള്ള ബോധം അയാള്‍ക്കില്ലാതാകുന്നു. എന്നാലിക്കൂട്ടര്‍, തങ്ങള്‍ ശീലിച്ച ജോലി മാത്രമേ ഇപ്രകാരം കുറ്റമറ്റു ചെയ്യാന്‍ പ്രാപ്തരാകുന്നുള്ളു. ഗീതയാവട്ടെ, എല്ലാ കര്‍മ്മങ്ങളും അപ്രകാരം അനുഷ്ഠിക്കപ്പെടണമെന്ന് ഉപദേശിക്കുന്നു. യോഗത്തില്‍ക്കൂടി ഈശ്വരനോട് ഐക്യം പ്രാപിച്ചവന്‍ ഏകാഗ്രതയില്‍ മുഴുകിക്കൊണ്ടാണ് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നത്: അയാള്‍ തനിക്കായി ഒരു ലാഭവും ഇച്ഛിക്കുന്നില്ല. അപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനം ലോകത്തിനു നന്മയേ വരുത്തൂ: അതില്‍നിന്ന് ഒരു തിന്മയും ഉളവാകില്ല. അങ്ങനെ കര്‍മ്മം ചെയ്യുന്നവര്‍ തങ്ങള്‍ക്കുവേണ്ടി ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 9. പേജ് 140-141]