ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 6,7

യേ തു സര്‍വ്വാണി കര്‍മ്മാണി
മയി സംന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന
മാം ധ്യായന്ത ഉപാസതേ

തേഷാമഹംസമുദ്ധര്‍ത്താ
മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാര്‍ത്ഥ!
മയ്യാവേശിത ചേതസാം

എന്നാല്‍ ആരൊക്കെയാണോ സര്‍വ്വകര്‍മ്മങ്ങളും കര്‍ത്തൃഭാവംവെടിഞ്ഞ് എന്നില്‍ സമര്‍പ്പിച്ച് പരമാത്മപ്രാപ്തി പരമലക്ഷ്യമായി കരുതി മറ്റൊന്നിലും മനസ്സ് ചെന്നുപറ്റാതെ എന്നെത്തന്നെ ധ്യാനിച്ച് ഭജിക്കുന്നത്, എന്നില്‍ പൂര്‍ണ്ണമായി മനസ്സുറപ്പിച്ചിട്ടുള്ള അവര്‍ക്ക്, ഞാന്‍, ജനനമരണാത്മകമായ ഈ സംസാരസമുദ്രത്തില്‍ നിന്ന് വളരെവേഗം സമുദ്ധാരകനായി ഭവിക്കുന്നു.

അപ്രകാരമുള്ള ഭക്തന്മാര്‍ അവരുടെ വര്‍ണ്ണത്തിനും ജീവിതാവസ്ഥയ്ക്കും അനുസൃതമായി, അവരുടെ പ്രവൃത്തികള്‍ ശാന്തമായി കര്‍മ്മേന്ദ്രിയങ്ങള്‍ മുഖേന ചെയ്യുന്നു. അവര്‍ നിഷിദ്ധകര്‍മ്മങ്ങള്‍ ഒഴിവാക്കുകയും വിഹിതകര്‍മ്മങ്ങള്‍മാത്രം ചെയ്ത് അതിന്‍റെ ഫലം എനിക്ക് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ കര്‍മ്മഫലം എരിച്ചുകളയപ്പെടുന്നു. അല്ലയോ അര്‍ജ്ജുനാ, എല്ലാ കര്‍മ്മങ്ങളും എന്നില്‍ അര്‍പ്പിക്കുന്നവര്‍ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുമ്പോഴും അകര്‍മ്മികളാണ്. അവരുടെ ശരീരം, വാക്ക്, മനസ്സ് എന്നിവകളുമായി ബന്ധപ്പെട്ട സഹജമായ എല്ലാ വാസനകളും അവര്‍ എന്നിലേക്ക് തിരിച്ചുവിടുകയും അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാലക്ഷ്യവും ഞാന്‍ മാത്രമായിത്തീരുകയും ചെയ്യുന്നു. ഏകനിഷ്ഠഭക്തിയോടെ എന്നെ മാത്രം സേവിക്കുകയും നിരന്തരമായി ഉപാസിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവര്‍ എന്‍റെ ഗേഹമായിത്തീരുന്നു. ഭോഗസുഖങ്ങളും മോചനാഭിലാക്ഷങ്ങളും നിരര്‍ത്ഥകമാണെന്നു കരുതുന്ന ഈ ഭക്തന്മാര്‍ ധ്യാനമാര്‍ഗ്ഗേണ ഞാനുമായി പ്രത്യക്ഷത്തില്‍ സല്ലപിക്കുന്നു. ഇവര്‍ ശരീരവും മനസ്സും ജീവനും സമ്പൂര്‍ണ്ണമായി ഭക്തിയിലൂടെയും സ്നേഹത്തിലൂടെയും എനിക്ക് അടിയറ വെച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി എന്തുചെയ്യുമെന്ന് എങ്ങനെയാണ് നിന്നോട് പറയുക. അവര്‍ ആഗ്രഹിക്കുന്നതൊക്കെ ഞാന്‍ അവര്‍ക്കു നല്കും.

അല്ലയോ അര്‍ജ്ജുനാ, ഇതില്‍ക്കൂടുതല്‍ ഞാനെന്താണ് പറയുക? ചുരുക്കിപ്പറഞ്ഞാല്‍, തന്‍റെ ഗര്‍ഭപാത്രത്തില്‍നിന്ന് ജന്മമെടുക്കുന്ന ഒരു ശിശുവിനോട് അതിന്‍റെ മാതാവിനുള്ള ബന്ധമാണ് ഞാനും എന്‍റെ ഭക്തന്മാരുമായുള്ളത്. ആ നിലയില്‍ അവരെ സ്നേഹിക്കുകയും അവരെ അമരരാക്കി മരണത്തെപ്പോലും തോല്പിക്കുകയും ചെയ്യുന്നതിന് ഞാന്‍ സന്നദ്ധനാണ്. എന്‍റെ ഭക്തന്മാര്‍ ഭൗതികകാര്യങ്ങളെപ്പറ്റി ഉത്കണ്ഠിതരാകേണ്ട യാതൊരാവശ്യവുമില്ല. അവരെല്ലാം എന്‍റെ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് അറിഞ്ഞാലും. അവര്‍ക്കുവേണ്ടി എന്തുചെയ്യുന്നതിനും ഞാന്‍ ലജ്ജിക്കേണ്ടതില്ല. പ്രപഞ്ചസാഗരത്തില്‍ ഇളകിമറിയുന്ന കല്ലോലങ്ങളാകുന്ന ജനനമരണങ്ങളോട് പോരാടുന്നവരെ കാണുമ്പോള്‍ ഞാന്‍ ചോദിച്ചുപോകാറുണ്ട്, ‘ഏതുമനുഷ്യനാണ് പ്രഷുബ്ധമായ ഈ സാഗരത്തില്‍ പെട്ടാല്‍ സംഭീതനാകാത്തത്?’

അല്ലയോ അര്‍ജ്ജുനാ, അതുകൊണ്ടുമാത്രമാണ് തക്കകാലങ്ങളില്‍ ഞാന്‍ അവതാരമെടുത്ത് അവരുടെ രക്ഷയ്ക്കായി ഓടിയെത്തുന്നത്. ആന്തരികവും ബാഹ്യവുമായ എല്ലാ മമതാബന്ധങ്ങളേയും ഉപേക്ഷിച്ചവരെ എന്‍റെ സ്തന്യപാനമാകുന്ന ധ്യാനത്തില്‍ഏര്‍പ്പെടുത്തുന്നു. ഭൗതികജീവിതത്തില്‍ താത്പര്യമുള്ളവര്‍ക്ക് എന്‍റെ നാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിക്കുന്നതിനുള്ള നിര്‍ദ്ദേശം ഞാന്‍ നല്കുന്നു. അപ്രകാരമുള്ളവരെ സംസാരസാഗരത്തില്‍നിന്നുകരകയറ്റുന്നതിനായി നാമജപത്തിന്‍റെ പലതോണികളും ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. (വിഷ്ണുസഹസ്രനാമം തുടങ്ങിയവ). എന്‍റെ സ്നേഹബന്ധമാകുന്ന സുരക്ഷിതമായ ചങ്ങാടത്തില്‍ കയറ്റി ഞാന്‍ ഇവരെ മോഷത്തിന്‍റെ മറുകരയ്ക്ക് എത്തിച്ചിട്ടുണ്ട്. ഈ വിധത്തില്‍ മൃഗങ്ങള്‍ മുതല്‍ മനുഷ്യന്‍വരെ, അര്‍ഹതയുള്ള എല്ലാ ഭക്തന്മാര്‍ക്കും എന്‍റെ സാമ്രാജ്യമാകുന്ന വൈകുണ്ഠത്തിലേയ്ക്കെത്തുന്നതിനുള്ള യോഗ്യത ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്‍റെ ഭക്തന്മാര്‍ ചിന്താകുലരാകേണ്ടിവരുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവരെ ഉദ്ധരിക്കുന്നതിന് ഞാന്‍ സദാ തയ്യാറാണ്. അവരുടെ ചിത്തവൃത്തി എന്നില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍, അവര്‍ എന്നെ അവരുമായി ബന്ധിപ്പിക്കുന്നു.