ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 8
മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊര്‍ദ്ധ്വം ന സംശയഃ
എന്നില്‍തന്നെ നീ മനസ്സുറപ്പിക്കൂ. എന്നില്‍ത്തന്നെ ബുദ്ധിയെയും പ്രവേശിപ്പിക്കൂ. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ എന്നില്‍ത്തന്നെ നീ നിവസിക്കും. സംശയമേ ഇല്ല.
അതുകൊണ്ട്, അല്ലയോ അര്‍ജ്ജുനാ, നീ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിക്കുന്നെങ്കില്‍ നിന്‍റെ മനസ്സും ബുദ്ധിയും സമ്പൂര്‍ണ്ണമായി എന്നില്‍ കേന്ദ്രീകരിക്കുക. നിന്‍റെ പ്രേമപൂര്‍ണ്ണമായ ഭക്തിയിലൂടെ നിന്‍റെ മനസ്സും ബുദ്ധിയും എന്നിലെത്തിക്കഴിയുമ്പോള്‍ നീ ഞാനുമായി ഐക്യം പ്രാപിക്കുന്നു. മനസ്സും ബുദ്ധിയും എന്നില്‍ നിമഗ്നമായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ഞാനും നീയുമെന്നുള്ള അന്തരം നിലനില്‍ക്കുന്നത്? ഒരു ദീപം പൊലിയുമ്പോള്‍ അതിന്‍റെ പ്രകാശം നിലയ്ക്കുന്നു. അംശുമാന്‍ അസ്തമിക്കുമ്പോള്‍ പകല്‍വെളിച്ചം അന്തര്‍ദ്ധാനംചെയ്യുന്നു. പ്രാണന്‍ ദേഹത്തെവെടിയുമ്പോള്‍ അതോടൊപ്പം ഇന്ദ്രിയങ്ങളും വിട്ടുപിരിയുന്നു. അതുപോലെ മനസ്സും ബുദ്ധിയും പൊയ്ക്കഴിഞ്ഞാല്‍ അഹങ്കാരവും നശിക്കും. ആകയാല്‍ നിന്‍റെ മനസ്സും ബുദ്ധിയും നിശ്ചയമായും എന്നിലുറപ്പിക്കുക. അപ്പോള്‍നീയും ഞാനും ഒന്നാകും. അതോടൊപ്പം നീ സര്‍വ്വവ്യാപിയായിത്തീരുകയും ചെയ്യും. ഇതിനേക്കാള്‍ കൂടുതല്‍ പരമമായ സത്യം ഈ ലോകത്തിലില്ല. അത് ആണയിട്ട് നിന്നോട് ഞാന്‍ പറയുകയാണ്.