ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 9

അഥ ചിത്തം സമാധാതും
ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതഃ
മാമിച്ഛാപ്തും ധനഞ്ജയഃ

ഹേ ധനഞ്ജയ, ചിത്തത്തെ സദാ എന്നിലുറപ്പിച്ചു നിര്‍ത്തുന്നതിന് നിനക്കു കഴിയുന്നില്ലെങ്കില്‍ അഭ്യാസയോഗം ശീലിച്ച് എന്നെ പ്രാപിക്കാന്‍ യത്നിക്കൂ.

എന്നാല്‍ സകലവാസനാരഹിതമായ നിന്‍റെ ചിത്തം സമ്പൂര്‍ണ്ണമായി എന്നിലുറപ്പിക്കാന്‍ നിനക്കു കഴിയുന്നില്ലെങ്കില്‍, ഒരു ദിവസത്തിന്‍റെ അഷ്ടപ്രഹരത്തില്‍ (ഇരുപത്തിനാലുമണിക്കൂര്‍) ഒരു നിമിഷമെങ്കിലും നീ നിന്‍റെ മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിക്കുക. ഞാനുമായുള്ള സംഗമംകൊണ്ട് നീ അനുഭവിക്കുന്ന ആനന്ദം എത്രത്തോളം സമയം നിലനില്‍ക്കുമോ അത്രത്തോളം സമയം നീ വിഷയസുഖങ്ങളില്‍ വിരക്തനായിരിക്കും. ശരത്കാലത്തോടുകൂടി നദികളില്‍ വെള്ളംവറ്റുന്നതുപോലെ നിന്‍റെ ചിത്തം പ്രപഞ്ചവ്യവഹാരങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു മുക്തനായിത്തീരും. പൗര്‍ണ്ണിചന്ദ്രന്‍ ഓരോ ദിവസവും ക്ഷയിച്ചുക്ഷയിച്ച് അമാവാസി ദിവസം നിശ്ശേഷം ഇല്ലാതെ അപ്രത്യക്ഷമാകുന്നതുപോലെ, വിഷയസുഖങ്ങളോട് വിരക്തിതോന്നി വിരമിക്കുന്ന നിന്‍റെ ചിത്തം ക്രമേണ നിന്നിലുറച്ച് ഞാനുമായി താദാത്മ്യം പ്രാപിക്കുന്നു. ഇതാണ് അഭ്യാസയോഗമെന്നറിഞ്ഞാലും. ഇതിന്‍റെ സഹായത്തോടെ സാധിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഈ യോഗം അനുഷ്ഠിക്കുന്നവരില്‍ ചിലര്‍ ആകാശത്തില്‍ സഞ്ചരിക്കുന്നു. ചിലര്‍ വ്യാഘ്രങ്ങള്‍, സര്‍പ്പങ്ങള്‍ തുടങ്ങിയ ദുഷ്ടജന്തുക്കളെ കീഴടക്കുന്നു. ചിലര്‍ അപായംകൂടാതെ വിഷത്തെ ആഹരിക്കുന്നു. ചിലര്‍ ജലത്തിന്‍റെ ഉപരിതലത്തില്‍കൂടി നടക്കുന്നു. മറ്റുചിലര്‍ ഈ യോഗത്തിന്‍റെ സഹായത്തോടെ വേദങ്ങളെ വശംവദമാക്കിയിട്ടുണ്ട്. ഈ അഭ്യാസയോഗംകൊണ്ട് സ്വായത്തമാക്കാന്‍ പ്രയാസമുള്ളതായി ഒന്നും തന്നെയില്ല. ആകയാല്‍ ഈ യോഗത്തില്‍കൂടി എന്നെ കൈവരിക്കാന്‍ ഉദ്യമിക്കുക.