ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 11
അഥൈതദപ്യശക്തോƒസി
കര്‍ത്തും മദ്യോഗമാശ്രിതഃ
സര്‍വ്വകര്‍മ്മഫലത്യാഗം
തതഃ കുരു യതാത്മവാന്‍
ഇനി എനിക്കുവേണ്ടി പ്രത്യേകകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ നീ അശക്തനാണെങ്കില്‍ എന്നെ ശരണംപ്രാപിച്ച് കഴിയുന്നത്ര മനസ്സിനെ നിയന്ത്രിച്ച് സര്‍വകര്‍മ്മങ്ങളുടേയും ഫലത്തെ ത്യജിക്കുക.
അല്ലയോ പാര്‍ത്ഥാ, നിന്‍റെ കര്‍മ്മങ്ങളെല്ലാം എനിക്കു സമര്‍പ്പിക്കാന്‍ സാധ്യമല്ലെങ്കില്‍, നീ എന്നെ മറ്റൊരുവിധത്തില്‍ ഉപാസിച്ചാലും മതി. അതെപ്രകാരമാണെന്നുപറയാം, കേട്ടോളു. ഓരോ കര്‍മ്മങ്ങളും ചെയ്യുന്നതിനുമുമ്പും അത് ചെയ്തതിനുശേഷവും എന്നെപ്പറ്റി സ്മരിക്കാന്‍ നിനക്കുകഴിയുന്നില്ലെങ്കില്‍ വേണ്ട, പോകട്ടെ. എനിക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അതെല്ലാം എനിക്കു സമര്‍പ്പിക്കണമെന്നും ഞാന്‍ നിര്‍ബന്ധിച്ചുവെങ്കിലും നീ അതുപോലെ ചെയ്യണമെന്നില്ല. എന്നാല്‍ എന്നെത്തന്നെ ആശ്രയിച്ചുകൊണ്ട് ചിത്തസംയമനത്തോടെ, ഏറ്റെടുക്കുന്നകര്‍മ്മങ്ങളില്‍ നിന്നുളവാകുന്ന കര്‍മ്മഫലത്തെ നീ നിശ്ശേഷം ത്യജിക്കുക. വൃഷങ്ങളും വല്ലികളും അവയില്‍ കായ്ക്കുന്ന കനികള്‍ പക്വമാകുമ്പോള്‍ താഴേയ്ക്കുവീഴ്ത്തുന്നത് നീ കണ്ടിട്ടില്ലെ? അതുപോലെ നീ പൂര്‍ത്തീകരിക്കുന്ന കര്‍മ്മങ്ങളുടെ ഫലത്തെപ്പറ്റി നീ ഒരിക്കലും ചിന്തിക്കരുത്. എന്നില്‍ നിന്‍റെ മനസ്സ് ഉറപ്പിച്ചില്ലെന്നോ എനിക്കുവേണ്ടി നീ കര്‍മ്മം ചെയ്തില്ലെന്നോ ഉള്ള ചിന്തയും ഉപേക്ഷിക്കുക അപ്രകാരമുള്ള ചിന്ത നിരര്‍ത്ഥകമാണ്. പാറപ്പുറത്തുവീഴുന്ന മലവെള്ളംപോലെയോ, എരിയുന്നതീയില്‍ വിതയ്ക്കുന്ന വിത്തുപോലെയോ, ഒരു സ്വപ്നമെന്നുപോലെയോ, നിന്‍റെ കര്‍മ്മഫലങ്ങളും വ്യര്‍ത്ഥമാണെന്ന് നീ കരുതുക. ഒരച്ഛന് തന്‍റെ മകളോടുള്ള സ്നേഹം അനുരാഗാവേശത്തില്‍നിന്നു മുക്തമായിരിക്കുന്നതുപോലെ, നിന്‍റെ കര്‍മ്മഫലങ്ങളോട് നീ തികച്ചും നിര്‍വികാരനായിരിക്കണം. ആളിക്കത്തുന്ന അഗ്നിജ്വാലകള്‍ അന്തരീക്ഷത്തില്‍ അപ്രത്യക്ഷമാകുന്നപോലെ നിന്‍റെ കര്‍മ്മങ്ങള്‍ ശൂന്യതയില്‍ അവസാനിക്കട്ടെ.
കര്‍മ്മഫലത്യാഗം അനായാസമാണെന്നു തോന്നാം. എന്നാല്‍ ഇത് മറ്റെല്ലാ യോഗങ്ങളെക്കാളും ശ്രേഷഠമാണ്. അനന്തരഫലങ്ങളോടുള്ള എല്ലാ മമതാബന്ധവും ഒഴിവാക്കുമ്പോള്‍ കര്‍മ്മങ്ങളുടെ ഫലം ത്യജിക്കപ്പെടുന്നു. കര്‍മ്മങ്ങളുടെ ഫലം ഉപേക്ഷിച്ചാല്‍ പിന്നീട് അവ ഒരിക്കലും മുളക്കുകയില്ല. അത് മുളയ്ക്ക് (മൂങ്കിലിന്) കായ് വരുന്നതുപോലെയാണ്. ഒരിക്കല്‍ കായ്ച മുള പിന്നീടൊരിക്കലും കായ്ക്കുകയില്ല. ഇപ്രകാരം ജനനമരണങ്ങളുടെ ചക്രങ്ങളില്‍ നിന്നു നീ മോചിതനാകുന്നു. പുനര്‍ജന്മം അവസാനിക്കുന്നു. ഈ അഭ്യാസത്തിന്‍റെ പടികള്‍ കയറിയാല്‍ പരോക്ഷജ്ഞാനം ലഭിക്കുന്നു. പരോക്ഷജ്ഞാനത്തില്‍ക്കൂടി ധ്യാനത്തിന്‍റെ അവസ്ഥയില്‍ എത്തിച്ചേരാം. അപ്പോള്‍ കായികവും വാചികവും മാനസികവുമായ ഭാവങ്ങള്‍ ധ്യാനത്തെ ആശ്ലേഷിക്കുന്നു. എല്ലാ ഭാവങ്ങളും ധ്യാനത്തില്‍ നിമഗ്നമാകുന്നു. അതോടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നു. കര്‍മ്മം അവസാനിക്കുമ്പോള്‍ അതിന്‍റെ ഫലവും അവസാനിക്കുന്നു. ഫലം ഇല്ലാതാകുമ്പോള്‍ മനസ്സിന് ശാന്തി ലഭിക്കുന്നു. അല്ലയോ പാര്‍ത്ഥാ, പരമമായ ശാന്തി ലഭിക്കുന്നതിനുള്ള ഈ അഭ്യാസം നീ ഏറ്റെടുക്കുക.