ലോകത്തിലുള്ള ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ മറ്റെങ്ങനെയെങ്കിലും സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങള്‍ വിട്ടുതരുവാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ തട്ടിയാലാണു ശരിയാകുക എന്നറിഞ്ഞാല്‍ മതി. മുട്ടുവാനുള്ള ബലവും സാമര്‍ത്ഥ്യവും ഏകാഗ്രതയില്ക്കൂടെയാണ് വരുന്നത്. മനുഷ്യന്റെ മനഃശക്തിക്ക് അതിരില്ല. അതിനെ എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒരു കേന്ദ്രത്തില്‍ ചെലുത്തുവാന്‍ കഴിയും. അതാണ് രഹസ്യം.
മനസ്സിനെ ബാഹ്യവസ്തുക്കളില് ഏകാഗ്രമാക്കുവാന്‍ എളുപ്പമാണ്: പുറമെ പോയ്ക്കൊണ്ടിരിക്കുന്നത് അതിന്റെ സ്വഭാവമാണ്. എന്നാല്‍ മതം, മനഃശാസ്ത്രം, തത്ത്വശാസ്ത്രം ഇവയുടെ കാര്യത്തില്‍ ഏകാഗ്രത വിഷമമാണ്. അവിടെ അറിയേണ്ടുന്ന വിഷയവും അറിയുന്ന വിഷയിയും ഒന്നാണ്. വിഷയം ഉള്ളിലാണ്, അതായത് മനസ്സുതന്നെ: മനസ്സിനെയാണു പരിശോധിക്കേണ്ടത് – മനസ്സുകൊണ്ട് മനസ്സിനെ പഠിക്കുക. മനസ്സിനു തന്നെത്താന്‍ നോക്കിക്കാണാന്‍ ശക്തിയുണ്ടെന്നു നമുക്കറിയാം. ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു: അതേ സമയം ഞാന്‍ ഒരു രണ്ടാമനെപ്പോലെ മാറിനിന്നു ഞാന്‍ പറയുന്നത് കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. നിങ്ങള്‍ ഒരേ സമയത്തു പ്രവര്‍ത്തിക്കയും ചിന്തിക്കയും ചെയ്യുന്നു. അതേ സമയത്ത് നിങ്ങളുടെ മനസ്സിന്റെ ഒരംശം മാറിനിന്നു നിങ്ങള്‍ വിചാരിക്കുന്നതു നോക്കിക്കാണുന്നു. മനസ്സിന്റെ ശക്തികളെ ഏകാഗ്രമാക്കി അതിനെ തിരിച്ചുവിടണം. തുളച്ചുകയറുന്ന സൂര്യരശ്മിക്ക്, അന്ധകാരമയമായിരുന്ന സ്ഥലങ്ങള്‍, അവയുടെ രഹസ്യം തുറന്നു കാണിച്ചുകൊടുക്കുന്നതുപോലെ, ഏകാഗ്രമാക്കി ഈ മനസ്സും അതിന്റെ ഏറ്റവും ഉള്ളിലുള്ള രഹസ്യങ്ങളിലേക്കു തുളഞ്ഞു കയറുന്നു. ഇങ്ങനെയാണു നാം വിശ്വാസത്തിന്റെ അസ്തിവാരത്തിലേക്കു, യഥാര്ത്ഥമതത്തിലേക്കു കടക്കുന്നത്.
അപ്പോള്‍ നമുക്കു നേരിട്ടുതന്നെ അറിയാറാകും: നമുക്ക് ആത്മാവുണ്ടോ, ജീവിതം അഞ്ചു നിമിഷത്തേക്കേ ഉള്ളോ അതോ നിത്യമാണോ, ഈ ജഗത്തിന് ഒരീശ്വരനുണ്ടോ ഇല്ലയോ എന്നെല്ലാം. അതെല്ലാം നമുക്കു പ്രത്യക്ഷമാകും. ഇതാണ് രാജയോഗം അനുശാസിപ്പാന്‍ പോകുന്നത്. യോഗാനുശാസനങ്ങളുടെയെല്ലാം ഏകലക്ഷ്യം ഇതാണ്; എങ്ങനെ മനസ്സിനെ ഏകാഗ്രമാക്കാം? പിന്നെ നമ്മുടെ മനസ്സിന്റെ ആന്തരതമമായ അറകളെ എങ്ങനെ കണ്ടുപിടിക്കാം? അനന്തരം മനോവൃത്തികളെ സാധര്‍മ്മ്യമനുസരിച്ചു വകതിരിച്ച് അവയില്‍നിന്നു നമുക്കുതന്നെ സിദ്ധാന്തങ്ങളില്‍ എങ്ങനെ ചെന്നുചേരാം? അതുകൊണ്ട് രാജയോഗം നമ്മോടു നമ്മുടെ മതമേതെന്ന് ഒരിക്കലും അന്വേഷിക്കുന്നില്ല: നാം ആസ്തികന്മാരോ, നാസ്തികന്മാരോ, ക്രിസ്ത്യാനികളോ, യഹൂദന്മാരോ, ബുദ്ധമതക്കാരോ എന്നൊന്നും ഒരിക്കലും ചോദിക്കുന്നില്ല. നാം മനുഷ്യരാണ്: അതു മതി. ഏതൊരു മനുഷ്യനും മതത്തെപ്പറ്റി അന്വേഷിക്കുവാന്‍ അവകാശവും ശക്തിയും ഉണ്ട്. ‘എന്തുകൊണ്ട്’ എന്ന് ഏതൊന്നിന്റെയും കാരണം ചോദിക്കാനും, തന്റെ ചോദ്യത്തിനു താന്‍തന്നെ ഉത്തരം കണ്ടുപിടിക്കാനും ഏതു മനുഷ്യനും അധികാരമുണ്ട്. അവന് അതിനു പണിയെടുത്താല്‍ മാത്രം മതി.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 156-157]