ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 12, 13, 14

ശ്രേയോ ഹി ജ്ഞാനഭ്യാസാത്
ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത് കര്‍മ്മഫലത്യാഗഃ
ത്യാഗാച്ഛാന്തിരനന്തരം

അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മ്മമോ നിരഹങ്കാരഃ
സമദുഃഖ സുഖഃ ക്ഷമീ

സന്തുഷ്ട സതതം യോഗീ
യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിര്‍
യോ മദ്ഭക്തഃ സ മേ പ്രിയ

അഭ്യാസങ്ങള്‍ (ജ്ഞാനരഹിതമായ അഭ്യാസത്തേക്കാള്‍) ജ്ഞാനം ശ്രേഷ്ഠമാകുന്നു. ജ്ഞാനത്തേക്കാള്‍ ധ്യാനം വിശിഷ്ടമാകുന്നു. ധ്യാനത്തേക്കാള്‍ കര്‍മ്മഫലത്യാഗം ശ്രേഷ്ഠമാകുന്നു. കര്‍മ്മഫലത്യാഗത്തില്‍ നിന്ന് വൈകാതെ ശാന്തി ഉണ്ടാകുന്നു.

ഒരു ജീവനേയും വെറുക്കാത്തവനും എല്ലാ ജീവികളോടും മൈത്രിയും കരുണയുമുള്ളവനും മമതയും അഹന്തയും ഇല്ലാത്തവനും സുഖത്തിലും ദുഃഖത്തിലും സമനിലപുലര്‍ത്തുന്നവനും ക്ഷമാശീലനും സദാ സന്തുഷ്ടനും മനസ്സിനെ ഏകാഗ്രമാക്കി എപ്പോഴും ആത്മാനുഭവത്തില്‍ വര്‍ത്തിക്കുന്നവനും ദൃഡനിശ്ചയമുള്ളവനും മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിച്ചവനും എന്തിനും എന്നെ ആശ്രയിക്കുന്നവനുമായ എന്‍റെ ഭക്തന്‍ ആരോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

ഇപ്രകാരമുള്ള ഭക്തന്മാര്‍ സര്‍വ്വവ്യാപിയായ ചൈതന്യമായതുകൊണ്ട് അവര്‍ക്ക് വ്യത്യസ്തഭാവങ്ങളില്ല. എന്‍റേതെന്നോ അവന്‍റേതെന്നോ ഉള്ള ഭേദം കാണുകയില്ല. തന്മൂലം യാതൊരുജീവജാലങ്ങളോടും അവര്‍ക്ക് വിദ്വേഷം ഉണ്ടായിരിക്കുകയില്ല. ഭൂമീദേവി ഉത്തമമായത് ധരിക്കുകയും അധമമായത് ഉപേക്ഷിക്കുകയും ചെയ്യാത്തതുപോലെ, ദയാമയനായ പ്രാണന്‍ നൃപന്‍റെ ശരീരത്തിലല്ലാതെ നിര്‍ധനന്‍റെ ശരീരത്തില്‍ വസിക്കുകയില്ല എന്നു പറയാത്തതുപോലെ, ഒരു പശുവിന്‍റെ ദാഹം തീര്‍ക്കണമെന്നും വ്യാഘ്രത്തിന് വിഷമായിത്തീരണമെന്നും വെള്ളം ചിന്തിതക്കാത്തതുപോലെ ഈ ഭക്തന്മാര്‍ എല്ലാ ജീവികളോടും തുല്യനിലയിലുള്ള സൗഹൃദം പുലര്‍ത്തുന്നു. അവര്‍ ഭൂതദയയുടെ സ്രോതസ്സാണ്. അവരുടെ അന്തരംഗത്തില്‍ ഞാനെന്നോ അവനെന്നോ ഉള്ള ചിന്തയേ ഇല്ല. അവര്‍ ഒന്നുംതന്നെ അവരുടെ സ്വന്തമെന്നുകരുതുന്നില്ല. അവര്‍ക്ക് സുഖവും ദുഃഖവും ഒരുപോലെയാണ്. ഭൂമീദേവിയെപ്പോലെ അവര്‍ ക്ഷമാശീലരാണ്. അവര്‍ അവരുടെ ഉത്സംഗത്തില്‍ത്തന്നെ സന്തോഷമാളിക നിര്‍മ്മിച്ച് ആനന്ദത്തെ അതില്‍ കുടിയിരുത്തിയിരിക്കുന്നു.

വര്‍ഷകാലമല്ലെങ്കിലും വാരിധി ജലംകൊണ്ട് നിറഞ്ഞിരിക്കും അതുപോലെ, ബാഹ്യമായ ഉപായങ്ങളൊന്നുമില്ലാതെതന്നെ ഒരുവന്‍ സമ്പൂര്‍ണ്ണ സന്തോഷവാനായിരിക്കും. തന്‍റെ ഹൃദയം സംയമനംചെയ്തുകൊള്ളാമെന്ന് അവന്‍ അവന്‍റെ അന്തഃകരണത്തിന് ഉറപ്പുകൊടുക്കുകയും അത് നിശ്ചയദാര്‍ഢ്യത്തോടെ പാലിക്കുകയും ചെയ്യുന്നു. അവന്‍റെ ഹൃദയഗേഹത്തില്‍ ജീവാത്മാവിനെയും പരമാത്മാവിനെയും ഏക ആസനത്തില്‍ അവന്‍ ഉപവിഷ്ടനാക്കിയിരിക്കുന്നു. അവന്‍റെ മനസ്സിനേയും ബുദ്ധിയെയും അഖണ്ഡമായി അവന്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്നു. അപ്പോള്‍ ആത്മൈക്യപ്രതീതിയുടെ മനോബോധംകൊണ്ട് ആന്തരികമായും ധ്യാനത്തിന്‍റെയും ധാരണയുടേയും ദൃഢവിശ്വാസംകൊണ്ട് ബാഹ്യമായും പരിശുദ്ധനാകുന്ന അവന്‍ എന്‍റെ സഗുണസ്വരൂപത്തോട് ദൃഢാനുരാഗമുള്ള യഥാര്‍ത്ഥരോഗിയായിത്തീരുന്നു. അപ്രകാരമുള്ള ഒരുവന്‍ മുക്തനായിത്തീര്‍ന്ന യഥാര്‍ത്ഥഭക്തനും നിഷ്ണാതനായ യോഗിയുമാണ്. അവന്‍ എന്‍റെ പ്രാണനേക്കാള്‍ എനിക്ക് പ്രിയങ്കരനാണ്. എന്നോട് അവനുള്ള അനുരാഗം ഒരു പത്നിക്ക് തന്‍റെ പതിയോടുള്ളതുപോലെയാണെന്നു പറഞ്ഞാല്‍ അതുപോലും തികച്ചും മതിയാവാത്ത ഒരു ഉപമയാണ്. ഒരു പ്രണനിയുടെ വൃത്താന്തം വശ്യമായ ഒരു മന്ത്രമാണ്. അതുപരസ്യമായി പ്രസ്താവിക്കാന്‍ പാടില്ലെങ്കിലും നിന്നോടുള്ള പ്രേമാധിക്യംകൊണ്ട് ഞാന്‍ പറയാന്‍ നിര്‍ബന്ധിതനായതാണ്. ഈ കാര്യത്തിലാണ് ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അനുരാഗത്തിന്‍റെ കാര്യം ഞാന്‍ പ്രസ്താവിച്ചത്. അല്ലെങ്കില്‍ ആ ഉപമയ്ക്ക് ഇവിടെയെന്താണ് പ്രസക്തി? ശരി, അതങ്ങനെ നില്‍ക്കട്ടെ.

അര്‍ജ്ജുന, പ്രിയപ്പെട്ടവരെപ്പറ്റി സംസാരിക്കുമ്പോള്‍ അവരോടുള്ള പ്രേമം ദ്വിഗുണീഭവിക്കുന്നു. അതു കേള്‍ക്കുന്നത് പ്രീതിയുള്ള ഒരു ശ്രോതാവാണെങ്കില്‍ വക്താവിന്‍റെ ആഹ്ലാദം അളക്കാന്‍ കഴിയാത്തവണ്ണം അധികരിക്കുന്നു. അല്ലയോ പാണ്ഡുപുത്രാ, പ്രിയപ്പെട്ട ഭക്തനും വത്സലശ്രോതാവും നിന്നില്‍ ഒന്നുചേര്‍ന്നിരിക്കുന്നു. അപ്പോള്‍ പിന്നെ അന്‍പാര്‍ന്ന ഒരു ഭക്തനെപ്പറ്റി എനിക്കുള്ള ചേതോവികാരം പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം ഇതാണ്. നിന്നിലുള്ള ഭക്തനും ശ്രോതാവും എന്ന ഐക്യഭാവം ആനന്ദകരമായ ഈ സംഭാഷണത്തെ ആസ്വാദ്യമാക്കിയിരിക്കുന്നു.

ഇപ്രകാരം പറഞ്ഞുകൊണ്ട് ഭഗവാന്‍ മുന്നോട്ടും പിന്നോട്ടും ആടികൊണ്ട് തുടര്‍ന്നു:

എന്‍റെ അന്തഃകരണത്തില്‍ സ്ഥാനം ലഭിച്ചിട്ടുള്ള ഭക്തന്മാരുടെ ലക്ഷണത്തെപ്പറ്റി ഞാന്‍ പറയാം ശ്രദ്ധിച്ചു കേട്ടോളൂ.