ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 15

യസ്മാന്നോദ്വിജതേ ലോകോ
ലോകാന്നോദ്വിജതേച യഃ
ഹര്‍ഷാമര്‍ഷ ഭയോദ്വേഗൈര്‍
മുക്തോ യഃ സ ച മേ പ്രിയഃ

യാതൊരാള്‍നിമിത്തം ജീവജാലങ്ങള്‍ വ്യാകുലപ്പെടാന്‍ ഇടവരുന്നില്ലയോ, യാതൊരുവന്‍ ജീവജാലങ്ങളില്‍നിന്നും വ്യാകുലനായിത്തീരുന്നില്ലയോ, യാതൊരുവന്‍ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയില്‍നിന്നു മുക്തനാണോ അങ്ങനെയുള്ളവന്‍ എനിക്കു പ്രിയനാകുന്നു.

സമുദ്രത്തില്‍ ജീവിക്കുന്ന ജീവികള്‍ സമുദ്രത്തെയോ സമുദ്രം ഈ ജീവികളേയോ ഭയപ്പെടുത്താത്തതുപോലെ ഇപ്രകാരമുള്ള ഒരുവന്‍ ഉന്മത്തമായ ഈ ജഗത്തിനെപ്പറ്റി ഖിന്നനാവുകയോ ഈ ജഗത്ത്അവനെപ്പറ്റി വേദനിക്കുകയോ ചെയ്യുന്നില്ല. ജീവജാലങ്ങളില്‍ അവന്‍റെ സ്വന്തം ആത്മാവുതന്നെ വസിക്കുന്നുവെന്ന് അവന്‍ അറിയുന്നു. തന്മുലം, ശരീരം അതിന്‍റെ അവയവങ്ങളെ‍കൊണ്ട് ഒരിക്കലും ആയാസപ്പെടാത്തതുപോലെ, ഒരു ജീവിയെക്കൊണ്ടും ഒരിക്കലും അവന്‍ അവശനാവുകയില്ല. യഥാര്‍ത്ഥത്തില്‍ ജഗത്തിനെ അവന്‍ കരുതുന്നത് അവന്‍റെ സ്വന്തം ദേഹംപോലെയാണ്. അതുകൊണ്ട് എല്ലാവിധത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളിലും പ്രിയത്തിലും അപ്രിയത്തിലും ഹര്‍ഷത്തിലും അമര്‍ഷത്തിലും നിന്ന് അവന്‍ മോചിതനായിരിക്കുന്നു. ദ്വന്ദനിര്‍മുക്തരും ഭയാദ്വേഗരഹിതരും അതിനുപരിയായി എന്നോടു ഭക്തിയുള്ളവരും ആയ അവര്‍ എല്ലാം എന്നില്‍ അര്‍പ്പിച്ചിട്ടുള്ളവരാണ്. അപ്രകാരമുള്ള ഭക്തന്മാരില്‍ ഞാന്‍ മോഹിതനാണ്. ഞാന്‍ എങ്ങനെയാണ് അവരെപ്പറ്റി വര്‍ണ്ണിക്കുന്നത്. അവര്‍ എന്‍റെ ജീവന്‍റെ ജീവനാണ്. അവര്‍ ആത്മാനന്ദംകൊണ്ടു സംതൃപ്തരാണ്. പരമാത്മാവ് അവരില്‍ വസിക്കുന്നു. അവര്‍ പൂര്‍ണ്ണത്വത്തിന്‍റെ അധിനായകന്മാരാണ്.