ശ്രീ രമണമഹര്‍ഷി
നവംബര്‍ 30, 1936
ഭഗവദ്ഗീത നല്ലപോലെ പഠിച്ചിരുന്ന സാഗര്‍മുള്‍ എന്ന മാര്‍വാനി മാന്യന്‍.
ഭഗവദ്ഗീതയില്‍ ഒരിടത്ത് എനിക്കന്യനായിട്ടാരുമില്ലെന്നും മറ്റൊരിടത്ത് എല്ലാം എന്നില്‍, ചരടില്‍ മണികളെന്നോണം, കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഭഗവാന്‍ പറയുന്നത് എങ്ങനെ യോജിക്കും ?
മഹര്‍ഷി: സൂത്രവും മണികളും തനിക്കന്യമായില്ല എന്നുവേണം അര്‍ത്ഥപ്പെടുത്താന്‍. ഇനിയും പറഞ്ഞാല്‍ മണികള്‍ സൂത്രത്തിനന്യമല്ലാത്തുപോലെ ആ സൂത്രം ഭഗവത് സ്വരൂപമാണ്. വെളിയില്‍ കാണപ്പെടുന്ന ഭേദങ്ങള്‍ സത്യമല്ല ഒരു സ്വരൂപം തന്നെ പലതായി കാണപ്പെടുന്നു എന്നാണ് ആന്തരാര്‍ത്ഥം.
ചോദ്യം: ഭഗവത് സ്വരൂപത്തോട് ചേര്‍ന്നാല്‍ എല്ലാം ഒന്ന് തന്നെ. അതുവരെ സംസ്കാരം നിമിത്തം ഭേദങ്ങള്‍ തോന്നിക്കൊണ്ടേ ഇരിക്കും.
മഹര്‍ഷി: നാമിപ്പോള്‍ എവിടെ ഇരിക്കുന്നു? ഈശ്വരനന്യമായിട്ടാണോ? നമ്മുടെ സംസ്കാരവും നമ്മളും ഈശ്വര സ്വരൂപത്തിലിരിക്കുന്നു.
ചോദ്യം: ഇതു ജ്ഞാനികളുടെ അനുഭവം, സംസാരികളായ ഞങ്ങള്‍ക്കങ്ങനെയല്ലല്ലോ?
മഹര്‍ഷി: സംസ്കാരം (വാസന) തന്നെയാണ് ജനിമൃതി (സംസ്കാരമാകുന്ന) സംസാരത്തിനാസ്പദം.
ചോദ്യം: എല്ലാം വാസുദേവന്‍? എന്ന തത്വം ഞങ്ങള്‍ മറന്നു പോയി. അതുകൊണ്ട് ഭഗവാനോടൈക്യ ഭാവനയുണ്ടാകുന്നില്ല.
മഹര്‍ഷി: വിസ്മൃതിയെവിടെയിരിക്കുന്നു?
ചോദ്യം: സ്വപനം പോലിരിക്കുന്നു.
മഹര്‍ഷി: ആരുടെ സ്വപ്നം ?
ചോദ്യം: ജീവന്റേ.
മഹര്‍ഷി: ജീവനാര് ?
ചോദ്യം: അതു പരമാത്മാവാണ്.
മഹര്‍ഷി: എന്നാല്‍ പരമാത്മാവു വന്നു ചോദിക്കട്ടെ.
ചോദ്യം: എന്റേ സംശയം ഒരുദാഹരണത്തില്‍കൂടി വ്യക്തമാക്കാം.
മഹര്‍ഷി: പ്രത്യക്ഷാനുഭവത്തിനു ഉദാഹരണം വേണ്ടാ.
ചോദ്യം: സ്വപ്നലോകം ഉണരുമ്പോള്‍ മറഞ്ഞുപോകുന്നു.
മഹര്‍ഷി: അതുപോലെ ഇപ്പോഴത്തെ സ്വപ്നത്തില്‍ നിന്നും ഉണരൂ.
ചോദ്യം: പ്രകൃതി ശക്തിമത്താണ്.
മഹര്‍ഷി: പുരുഷനെ കണ്ടുപിടിക്കൂ.
ചോദ്യം: അതിനിടയില്‍ ഗ്രന്ഥി ഇരിക്കുന്നല്ലോ.
മഹര്‍ഷി: അതാരുടെത്? പുരുഷന്റേതോ പ്രകൃതിയുടേതോ?
ചോദ്യം: ബ്രഹ്മത്തിന്റേത്.
മഹര്‍ഷി: അപ്പോള്‍ ബ്രഹ്മമായിരിക്കണം ചോദിക്കേണ്ടത്? സ്വപ്നമാര്‍ക്ക്? ഗ്രന്ഥിയാര്‍ക്ക്? ‘ഞാന്‍ ചോദിക്കുന്നു ‘ എന്നിടത്ത് നിങ്ങള്‍ പറയുന്ന ‘ഞാന്‍’ ആര്?
ചോദ്യം: അറിയാന്‍ പാടില്ല. കൃപണനാണ്.
മഹര്‍ഷി: നിങ്ങള്‍ എന്തിനു കൃപണനായി. നിങ്ങള്‍ എന്തുകൊണ്ട് പൂര്‍ണനാകുന്നില്ല. ഉറക്കത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അപൂര്‍ണത്വം തോന്നിയോ? ഉറക്കത്തില്‍ വിലകല്പ്പമിലാതിരുന്നപോലെ ഇപ്പോള്‍ എന്തുകൊണ്ടിരിക്കുന്നില്ല. അസുഷുപ്തിയെ ഈ ജാഗ്രത്തിലേക്കു കൊണ്ടുവരൂ. എന്നാല്‍ എല്ലാം ശരിയാവും.
രാത്രിയേവര്‍ക്കുമേതൊന്നാ
മാത്ര യോഗിക്കുണര്‍വ്വെടോ
ജാഗ്രത്തേവര്‍ക്കുമേതൊന്നാ
മാത്ര യോഗിക്കു സുപ്തിയം
ചോദ്യം: അതെ ഒരാള്‍ യോഗിയായിരുന്നാല്‍
മഹര്‍ഷി: യോഗി ആരാണ്, അയാള്‍ മനുഷ്യനല്ലേ?