രാജയോഗപഠനത്തിനു മതമോ വിശ്വാസമോ ആവശ്യമില്ല. സ്വന്തമായി കണ്ടറിയുന്നതു വരെ ഒന്നും വിശ്വസിക്കരുതെന്നാണ് രാജയോഗം ഉപദേശിക്കുന്നതും. സത്യത്തിനു നിലനില്ക്കാന്‍ ഊന്നു വേണ്ട. നാം ഉണര്‍ന്നിരിക്കെ ഉള്ളതായ വസ്തുതകള്‍ വാസ്തവമാണെന്നു തെളിയിക്കാന്‍ വല്ല സ്വപ്നമോ മനോരാജ്യമോ ആവശ്യമാണെന്നു നിങ്ങള്‍ കരുതുമോ? തീര്‍ച്ചയായും ഇല്ല. ഈ രാജയോഗപഠനത്തിനു ദീര്‍ഘകാലത്തെ നിരന്തരാഭ്യാസം ആവശ്യമാണ്. അഭ്യാസത്തില്‍ കുറെ ഭാഗം കായികവും ഏറിയപങ്കും മാനസികവുമാണ്. അഭ്യസിക്കുംതോറും നമുക്കറിവാകും, മനസ്സ് ശരീരത്തോട് എത്ര ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. മനസ്സ് ശരീരത്തിന്റെ ഒരു സൂക്ഷ്മാംശമാണെന്നും മനസ്സ് ശരീരത്തിന്‌മേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നുണ്ടെങ്കില്‍, ശരീരം മനസ്സിന്‌മേല്‍ പ്രതിപ്രവര്‍ത്തിക്കയും ചെയ്യുമെന്നുള്ളതു യുക്തിയുക്തമാണ്. ശരീരം അസ്വസ്ഥമാകുമ്പോള്‍ മനസ്സും അസ്വസ്ഥമാകുന്നു. ശരീരം അരോഗമാകുമ്പോള്‍ മനസ്സും അരോഗവും ദൃഢവുമാകുന്നു.
ഒരാള്‍ക്കു കോപമുണ്ടാകുമ്പോള്‍ അയാളുടെ മനസ്സു ക്ഷോഭിക്കുന്നു. അതുപോലെ മനസ്സു ക്ഷോഭിക്കുമ്പോള്‍ ശരീരവും ക്ഷോഭിക്കുന്നു. മനുഷ്യസമുദായത്തില്‍ ഭൂരിപക്ഷത്തിന്റെയും മനസ്സ് ഏറെയും ശരീരത്തിനു കീഴ്‌വഴങ്ങിയാണിരിക്കുന്നത്. അവരുടെ മനസ്സ് അത്യല്പമേ വളര്‍ന്നിട്ടുള്ളു. മനുഷ്യവര്‍ഗ്ഗത്തില്‍ ഏറിയ കൂറും മൃഗങ്ങളില്‍നിന്ന് അത്യല്പമേ ഉയര്‍ന്നുപോയിട്ടുള്ളു. എന്നു മാത്രമല്ല, അവരില്‍ വളരെപ്പേര്‍ക്കും നിയന്ത്രണശക്തി പല കാര്യങ്ങളിലും താഴ്ന്ന ജന്തുക്കള്‍ക്കുള്ളതില്‍ വളരെ മേലെയല്ല. നമുക്കു നമ്മുടെ മനസ്സിന്റെമേല്‍ വളരെക്കുറച്ചേ നിയന്ത്രണശക്തിയുള്ളു. അതുകൊണ്ടു നാം ആ സ്വാധീനത കൈവരുത്താന്‍, ശരീരത്തെയും മനസ്സിനെയും വശവര്‍ത്തികളാക്കാന്‍, ചില കായികസഹായങ്ങള്‍ കൈക്കൊള്ളണം. ശരീരം വേണ്ടുവോളം സ്വാധീനത്തിലായാല്‍പ്പിന്നെ മനോനിയമത്തിനു ശ്രമിച്ചുതുടങ്ങാം. അങ്ങനെ മനസ്സിനെ നിയമത്തില്‍ നിര്‍ത്തി ശീലിച്ചാല്‍ അതിനെ സ്വാധീനത്തിലാക്കാം: നമ്മുടെ ഇഷ്ടംപോലെ അതിനെക്കൊണ്ടു പണിയെടുപ്പിക്കാം: നമ്മുടെ ഇച്ഛാനുസാരം അതിന്റെ ശക്തികളെ ഏകാഗ്രമാക്കുവാന്‍ അതിനെ നിര്‍ബ്ബന്ധിക്കാം.
രാജയോഗിക്കു ബാഹ്യലോകം ആഭ്യന്തര (സൂക്ഷ്മ) ലോകത്തിന്റെ സ്ഥൂലരൂപം മാത്രമാണ്. സൂക്ഷ്മം എപ്പോഴും കാരണവും സ്ഥൂലം കാര്യവുമാണ്. അതുകൊണ്ട് ബാഹ്യപ്രപഞ്ചം കാര്യവും ആഭ്യന്തരം കാരണവുമാണ്. അതുപോലെ ബാഹ്യശക്തികള്‍ സൂക്ഷ്മങ്ങളായ ആഭ്യന്തരശക്തികളുടെ സ്ഥൂലഭാഗങ്ങള്‍മാത്രമാണ്. സൂക്ഷ്മ ശക്തികളെ കണ്ടുപിടിച്ച് അവയെ പ്രയോഗിക്കാന്‍ അഭ്യസിച്ചവനു പ്രകൃതി മുഴുവനും സ്വാധീനമാക്കാം. ഇങ്ങനെ പ്രപഞ്ചമാകെ – പ്രകൃതിയെ മുഴുവന്‍ – സ്വാധീനമാക്കുക എന്നതില്‍ കുറഞ്ഞ ഒരു കാര്യത്തിനുമല്ല യോഗി മുതിരുന്നത്. പ്രകൃതിനിയമങ്ങളെന്നു പറയുന്നവയ്ക്കു തന്റെ മേല്‍ യാതൊരധികാരവും ശക്തിയും ഇല്ലാതാകുന്ന പദത്തില്‍ എത്തി, അവയെയെല്ലാം അതിലംഘിച്ചു പോകുവാനാണ് യോഗി ആഗ്രഹിക്കുന്നത്. ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയെല്ലാം തനിക്കധീനമാകണമെന്നു യോഗി നിശ്ചയിച്ചിരിക്കുന്നു. ഈ പ്രകൃതിനിയന്ത്രണംതന്നെയാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പുരോഗതിയും നാഗരികതയും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 157-158]